രണ്ടു ദിവസങ്ങളായി നല്ല മഴയായിരുന്നു. കാര്യമായി വെളിയില്‍ പോയില്ല. അലക്ക്, തേപ്പ്, പാചകം ഒക്കെയായി കഴിഞ്ഞു. ഇന്ന് രാവിലെ മഴയുണ്ടായിരുന്നെങ്കിലും പിന്നീട് തോര്‍ന്നു. പ്രകാശം കുറവാണെങ്കിലും വാക്കിംഗ് ടൂറിനു പോയപ്പോള്‍ ധൃതിയില്‍ കണ്ട മിഖായേല്‍ പള്ളി ഒന്നു വിശദമായി കണ്ടുകളയാം എന്നുകരുതി വീട്ടില്‍നിന്നുമിറങ്ങി.
ദേവാലയത്തിന്റെ ഔദ്യോഗിക നാമം St Michael's Golden-Domed Monastery എന്നാണ്. ദേവാലയത്തിന്റെ വലിപ്പവും, സ്വര്‍ണ്ണം പൂശിയ നിരവധി താഴികക്കുടങ്ങളുടെ വെട്ടിയുള്ള തിളക്കവും, പള്ളിയ്ക്കുള്ളിലെ അഭാസമായി തോന്നാവുന്ന ആര്‍ഭാടവും അത്ഭുതകരം തന്നെ.
ഈ ദേവാലയത്തിന് വളരെ പഴക്കമുള്ള ചരിത്രമുണ്ട്.
മിഖയേല്‍ റേശ് മാലാഖ എന്നു നമ്മള്‍ വിളിക്കുന്ന, ആര്‍ക്ക് എയ്ഞ്ചല്‍ മിഖയേല്‍ യുക്രൈന്റെയും പ്രത്യേകിച്ച് കിയെവിന്റെയും സംരക്ഷകനാണ്. Patron Saint. ഈ ദേവാലയം ആദ്യമായി നിര്‍മ്മിച്ചത് 1108-ലാണെന്ന് വിശ്വസിക്കപ്പെടുന്നു. അന്നുമുതലെങ്കിലും മാലാഖ നഗരത്തിന്റെ സംരക്ഷകനായിരുന്നിട്ടും, നിരവധി ശക്തികള്‍ രാജ്യത്തെയും നഗരത്തെയും കീഴടക്കി.. മംഗോളിയര്‍, സ്വീഡന്‍, പോളണ്ട്, രണ്ടാംലോകമഹായുദ്ധകാലത്ത് ജര്‍മ്മനി, അതിനു മുമ്പും പിമ്പും റഷ്യ. 1937-ല്‍ റഷ്യക്കാര്‍ ഈ ദേവാലയം ഇടിച്ചുനിരത്തുക വരെ ചെയ്തു. കഥകള്‍ കേട്ടപ്പോള്‍ ഞാന്‍ ടൂര്‍ ഗൈഡിനോടു ചോദിച്ചു:
"ഇത്രയുമൊക്കെ സംഭവിച്ചിട്ട് മാലാഖയുടെ സംരക്ഷണം കാര്യക്ഷമമായിരുന്നില്ല എന്നൊരു തോന്നല്‍ ജനത്തിനുണ്ടോ?"
ഗൈഡിന്റെ മറുചോദ്യം:
"മാലാഖയുടെ സംരക്ഷണം ഇല്ലായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇതിലും മോശമാകുമായിരുന്നു എന്നും ചിന്തിച്ചുകൂടെ?"
ആ ലോജിക്ക് എനിക്കിഷ്ടപ്പെട്ടു. ഇത്തരം ചില ലോജിക്കിലൂടെയാണല്ലോ വിശ്വാസികളെ പിടിച്ചുനിര്‍ത്തുന്നത്..
1108-ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ദേവാലയം 1240-ലെ മംഗോളിയന്‍ ആക്രമണത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഏറ്റുവാങ്ങി. പിന്നീട് ഘട്ടംഘട്ടമായി ഇതിന്റെ പണി പൂര്‍ത്തിയാക്കുകയും കെട്ടിടം കൂടുതല്‍ വികസിപ്പിക്കുകയും ചെയ്തു.
പത്തൊന്‍പതു, ഇരുപത് നൂറ്റാണ്ടുകളില്‍ ഇതിനുള്ളിലെ സന്യാസാശ്രമത്തില്‍ 240-ഓളം സന്യാസികള്‍ താമസമുണ്ടായിരുന്നു.
ദേവാലയത്തിനുള്ളില്‍ ഫോട്ടോഗ്രഫി അനുവദനീയമല്ല..
താഴികക്കുടങ്ങളുടെ സുവര്‍ണ്ണനിറത്തെക്കുറിച്ച് ഗൈഡിനോടു ചോദിച്ചു - "സ്വര്‍ണ്ണത്തിന്റെ തകിടാണോ, അതോ സ്വര്‍ണ്ണനിറമുള്ള ചായമാണോ?"
"രണ്ടുമല്ല.." അദ്ദേഹം വിശദീകരിച്ചു.
"മെര്‍ക്കുറിയില്‍ തനിസ്വര്‍ണ്ണം ചേര്‍ത്തുണ്ടാക്കിയ ലായനി താഴികക്കുടങ്ങളില്‍ പൂശി. എന്നിട്ട് ചൂടാക്കി മെര്‍ക്കുറി ആവിയാക്കിക്കളഞ്ഞു. പക്ഷെ ഈ പണി ചെയ്യേണ്ടി വന്ന ജോലിക്കാര്‍ പിന്നെയധികം കാലം ജീവിച്ചില്ല.. അവരുടെയെല്ലാം , ആരോഗ്യനില അതിദയനീയമായി. ഏറെത്താമസിയാതെ അവരെല്ലാം ഓരോരുത്തരായി മരിച്ചു. അവരെല്ലാം തന്നെ ജയിലില്‍ കഴിഞ്ഞിരുന്ന കുറ്റവാളികളായിരുന്നു. ഈ ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു."
മാലാഖയുടെ കാരുണ്യം...
മുകളില്‍ സൂചിപ്പിച്ചതുപോലെ മതങ്ങള്‍ സമൂഹത്തില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന കമ്മ്യുണിസ്റ്റ് സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ 1937-ല്‍ ഈ ദേവാലയവും പരിസരവും അവര്‍ നിലംപരിശാക്കി. ആ സമയത്ത് യുക്രൈനില്‍ മൊത്തം ഏതാണ്ട് നാല്‍പതിനായിരം പള്ളികള്‍ ഇതുപോലെ നശിപ്പിച്ചുവത്രെ.
വെറുതെയാണോ, കേരളത്തില്‍ വിമോചനസമരം ഉണ്ടായത്!
ഇന്നു കാണുന്ന ദേവാലയം യുക്രൈന്റെ സ്വാതന്ത്രാനന്തരം, 1999-ല്‍ പുനര്‍നിര്‍മ്മിച്ചതാണ്.
യു.ക്കെയില്‍ ചിലര്‍ ഏതാനും വര്‍ഷങ്ങളായി മിഖയേല്‍ മാലാഖയുടെ തിരുന്നാള്‍ മലയാളികള്‍ ആഘോഷിക്കാറുണ്ട്. ഒരു വര്ഷമെങ്കിലും അതിവിടെ വച്ച് നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. ഓര്‍ത്തോഡോക്സ് സഭക്കാര്‍ സമ്മതിച്ചാല്‍..
കത്തോലിക്കാസഭയും ഓര്‍ത്തോഡോക്സ് സഭയും തമ്മിലുള്ള "ഊഷ്മളബന്ധം" വച്ചുനോക്കിയാല്‍ അതത്ര എളുപ്പമായിരിക്കുമെന്നു തോന്നുന്നില്ല..
എങ്കിലും ശ്രമിച്ചു നോക്കാമല്ലോ..
ദേവാലയത്തിന്റെയും പരിസരത്തിന്റെയും ചിത്രങ്ങള്‍...
No comments:
Post a Comment