നമ്മുടെ മാതൃഭൂമി പത്രത്തിന്റെയോ ആഴ്ച്ചപ്പതിപ്പിന്റെയോ കാര്യമല്ല ഇവിടെ പറയുന്നത്. റഷ്യയിലെ മോസ്ക്കോയിലുള്ള ഒരു സ്മാരകത്തിന്റെ ചുവടുപിടിച്ച്, രണ്ടാം ലോകമഹായുദ്ധത്തിന്റെ സ്മാരകമായി നിര്‍മ്മിച്ച ഒരു കൊമ്പ്ലെക്സിന്റെ ഭാഗമായ റോഡിനമാറ്റ് ഇംഗ്ലീഷില്‍ The Motherland Monument എന്നു വിളിക്കപ്പെടുന്നു..
അതും, അതിന്റെ കീഴിലുള്ള കെട്ടിടത്തിലെ World War II Museum-ഉം കാണാനായി കഴിഞ്ഞയാഴ്ച ഗൈഡ് മറീനയ്ക്കൊപ്പം പോയിരുന്നു. പക്ഷെ അന്ന് സൂര്യപ്രകാശം തീരെയില്ലാതിരുന്നതിനാല്‍, കണ്ടുവെന്നു വരുത്തി തിരികെ പോരുകയായിരുന്നു. ഇന്നു വീണ്ടുമവിടെ പോയി, വിശദമായി കണ്ടു.
ഇതിന്റെ ഔദ്യോഗികനാമം: National Museum of the History of Ukraine in the Second World War Memorial Complex എന്നാണ്.
നീപ്പര്‍ നദിയുടെ വലത്തെ കരയിലെ മനോഹരമായ കുന്നിന്‍മുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
സ്റ്റെയിന്‍ലെസ്സ് സ്റ്റീലില്‍ നിര്‍മ്മിച്ച ഭീമാകാരനായ റോഡിനമാറ്റ് രൂപകല്‍പന ചെയ്തത് Yevgeny Vuchetich എന്ന ശില്പിയാണ്.. ഇതിന്റെ ഉയരം 62 മീറ്റര്‍ (203 അടി) ആണ്.
ഇതിന്റെ ഭാരം 560 ടണ്‍! പ്രതിമയുടെ കൈയിലുള്ള വാളിനു മാത്രം ഒന്‍പതു ടണ്‍ ഭാരമുണ്ട്..)
1950-ല്‍ ഇതേ സ്ഥാനത്ത് സഖാവ് ലെനിന്റെയും സ്റ്റാലിന്റെയും 200 മീറ്റര്‍ ഉയരമുള്ള ഇരട്ട പ്രതിമ സ്ഥാപിക്കാന്‍ പദ്ധതി ഉണ്ടായിരുന്നു. പക്ഷെ, അത് നടക്കാതെപോയി. പിന്നീട് ഇവിടെ ഒരു യുദ്ധസ്മാരകം നിര്‍മ്മിക്കാന്‍ തീരുമാനമായി. 1979-ല്‍ നിര്‍മ്മാണം ആരംഭിച്ച് 1981-ല്‍ അന്നത്തെ റഷ്യന്‍ ഭരണാധികാരിയായിരുന്ന ലിയോനിഡ് ബ്രെഷ്നേവ് ഉല്‍ഘാടനം ചെയ്തു.
യുക്രൈനില്‍ ഇന്ന് പ്രകടമായ റഷ്യന്‍ വിരുദ്ധതയുടെ ഭാഗമായി ഈ വര്ഷം ഏപ്രില്‍ മാസത്തില്‍ പാര്ലമെന്റ്റ് പാസ്സാക്കിയ നിയമംമൂലം സോവിയറ്റ് അടയാളങ്ങള്‍, തെരുവുകളുടെ റഷ്യന്‍ പേരുകള്‍, സ്മാരകങ്ങള്‍, എന്നിവ ഇല്ലാതാക്കാന്‍ തീരുമാനിച്ചെങ്കിലും ഈ കൊമ്പ്ലെക്സിനെ അതില്‍ നിന്നും ഒഴിവാക്കി.
റോഡിനമാറ്റിന്റെ തൊട്ടടുത്തുള്ള ഗുഹാ ആശ്രമത്തിലെ പള്ളിയുടെ താഴികക്കുടത്തെക്കാള്‍ ഇതിന് ഉയരമുണ്ട് എന്ന കാരണത്താല്‍, പ്രതിമയുടെ കൈയിലുള്ള വാളിന്റെ നീളം വെട്ടിക്കുറച്ചത് ഒരു തമാശയാണ്.
റോഡിനമാറ്റിന്റെ ചിത്രങ്ങള്‍ ചുവടെ. (മ്യുസിയത്തിനുള്ളിലെ ചിത്രങ്ങള്‍ മറ്റൊരു പോസ്റ്റായി നാളെ..)
No comments:
Post a Comment