സിറിയയില്‍ ഇന്നു നടക്കുന്ന ആന്റി-ടെററിസം ഓപ്പറേഷന്‍മൂലം ഒരു ലോകഹീറോ ആയിരിക്കുന്ന പുട്ടിന്‍, പക്ഷെ യുക്രൈനില്‍ വെറുക്കപ്പെട്ടവനാണ്. അതിശക്തനായ പുട്ടിനെ തോല്പിക്കാന്‍ തങ്ങള്‍ക്കാവില്ല എന്നറിയാവുന്ന അവര്‍ പരിഹാസമെന്ന ആയുധം ഉപയോഗിച്ചാണ് പുട്ടിനെ നേരിടുന്നത്. ഏത് സുവനീര്‍ ഷോപ്പിലും കാണാവുന്ന ഒരു ഐറ്റം ഉണ്ട് – പുട്ടിന്റെ പടമുള്ള ടോയിലെറ്റ് ടിഷ്യൂ..
സോവിയറ്റ് ഭരണത്തിന്‍കീഴില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ യാതനകള്‍ അനുഭവിച്ച റിപബ്ലിക്ക് യുക്രൈന്‍ ആയിരുന്നു. അതിന്റെ കാരണം, സ്റ്റാലിന്‍ ഇവരെ വെറുത്തിരുന്നു എന്നതാണ്.
യുക്രൈന്‍ നേരിടേണ്ടിവന്ന ഏറ്റവും വലിയ ദുരന്തം, ചെര്‍ണോബില്‍ ആയിരുന്നില്ല. 1932-33-ല്‍ കൃത്രിമമായി സൃഷ്ടിച്ച ഭക്ഷ്യക്ഷാമം (ഹോളോഡൊമോര്‍ എന്ന പേരിലാണ് അതറിയപ്പെടുന്നത്) ആയിരുന്നു. അതിനുമുമ്പും (1921-22) അതിനുശേഷവും (1946-47) ഇവിടെ ഭക്ഷ്യക്ഷാമം ഉണ്ടായി. പക്ഷെ അതുരണ്ടും ഹോളോഡൊമോറുമായി തുലനം ചെയ്‌താല്‍ നിസ്സാരമായിരുന്നു.
ഇതിന്റെ ചരിത്രത്തിലേയ്ക്ക് കടക്കുന്നതിനുമുമ്പ് ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ. യുക്രൈനില്‍ ഏതാണ്ട് നാല്‍പതു മില്യണ്‍ ഹെക്ടര്‍ നല്ല വളക്കൂറുള്ള കാര്ഷികഭൂമിയുണ്ട്. യുറോപ്പിന്റെ “ബ്രെഡ്‌ബാസ്ക്കറ്റ്” ആകാനുള്ള സകല യോഗ്യതയും ഉള്ള രാജ്യത്താണ് ഈ ക്ഷാമം സൃഷ്ടിച്ചതെന്നോര്‍ക്കുക.
1922 -ല്‍ അന്ന് ഭരണാധികാരിയായിരുന്ന ലെനിന്‍ യുക്രൈനെ ഒരു സോവിയറ്റ് റിപബ്ലിക് ആയി പ്രഖ്യാപിച്ചു. 1924-ല്‍ ജോസഫ് സ്റ്റാലിന്‍ അധികാരമേല്‍ക്കുന്നു. 1928-ല്‍ Agricultural Collectivization എന്ന പദ്ധതി രാജ്യത്തുടനീളം നടപ്പിലാക്കി. പുതിയ പദ്ധതിയനുസരിച്ച് കര്‍ഷകര്‍ അവരുടെ കൃഷിസ്ഥലം, പണിയായുധങ്ങള്‍, ലൈവ്സ്റ്റോക്ക് ഇവയെല്ലാം ഫാക്ടറി മോഡലിലുള്ള Collective Farms-നു നല്‍കണം. അങ്ങിനെ ഉത്പാദിപ്പിക്കപ്പെടുന്ന ധ്യാന്യം ഗ്രാമവാസികള്‍ക്കും നഗരവാസികള്‍ക്കും ഉപകാരപ്പെടുന്നതിനു പുറമേ, മിച്ചം വരുന്ന ധാന്യം കയറ്റുമതി ചെയ്ത്, വ്യാവസായികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്നതായിരുന്നു ലക്‌ഷ്യം.
അതുവരെയും സ്വതന്ത്രരായി കഴിഞ്ഞിരുന്ന ഭൂവുടമകള്‍ ഇതിനെ ശക്തമായി ചെറുത്തു. പുതിയ വ്യവസ്ഥിതി അവരെ പഴയകാല അടിമത്വത്തിലെയ്ക്ക് തിരികെകൊണ്ടുപോകും എന്നവര്‍ വിശ്വസിച്ചു. ഇതിനെ വര്‍ഗസമരമായി വിശേഷിപ്പിച്ചാണ് സ്റ്റാലിന്‍ ഈ ചെറുത്തുനില്‍പ്പിനെ നേരിട്ടത്. ഇവരെ വര്‍ഗശത്രുക്കാളായി പ്രഖ്യാപിച്ചു; ആ വര്‍ഗത്തെ ഇല്ലായ്മ ചെയ്യാനും തീരുമാനമായി.
ആയുധധാരികളായ പ്രത്യേകസൈന്യം കൃഷിഭൂമിയെല്ലാം ബലം പ്രയോഗിച്ച് പിടിച്ചെടുത്തു. ഏതാണ്ട് അഞ്ചുലക്ഷത്തോളം വരുന്ന വ്യക്തികളെ അവരുടെ വീടുകളില്‍നിന്നും വലിച്ചിഴച്ചു. അവരെയെല്ലാംതന്നെ ട്രെയിനില്‍ കയറ്റി സൈബീരിയപോലുള്ള സ്ഥലങ്ങളിലേയ്ക്ക് നാടുകടത്തി. അതിലുണ്ടായിരുന്ന കുട്ടികള്‍ മിക്കവരും ലക്ഷ്യസ്ഥലത്തെത്തുന്നതിനു മുന്നേതന്നെ മരിച്ചിരുന്നു.
വന്‍കിടകര്‍ഷകര്‍ക്കെല്ലാം അവരുടെ ഭൂമി നഷ്ടമായി. ചെറുകിടകര്‍ഷകര്‍ക്ക് നല്‍കേണ്ട ധാന്യത്തിന്റെ ക്വോട്ട നിശ്ചയിച്ചു. 1932-ല്‍ ഇത് ഗണ്യമായി വര്‍ദ്ധിപ്പിച്ചു. സ്വന്തം കൃഷിഭൂമിയില്‍ നിന്നും ഒരുപിടി ധാന്യവുമായി ആരെങ്കിലും – കൊച്ചുകുട്ടികള്‍ ആണെങ്കില്‍പോലും – പോകുന്നതുകണ്ടാല്‍ അവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവായി. മറ്റു സോവിയറ്റ് റിപബ്ലിക്കുകളില്‍ നിന്നും ആയുധധാരികളെ എത്തിച്ച് ഇതിനെല്ലാം മേല്‍നോട്ടം ചെയ്യുന്നതിന്റെ ചുമതല ഏല്പിച്ചു. അവര്‍ വീടുകള്‍തോറും കയറിയിറങ്ങി ഒളിപ്പിച്ചുവച്ചിരുന്ന ഭക്ഷ്യവസ്തുക്കളെല്ലാം പിടിച്ചെടുത്തു.
1933 ജൂണ്‍ മാസമായപ്പോള്‍ പ്രതിദിനം മുപ്പതിനായിരംപേര്‍ പട്ടിണിമൂലം മരിച്ചുകൊണ്ടിരുന്നു. അവരില്‍ മൂന്നിലൊന്നുപേര്‍ പത്തുവയസിനു താഴെയുള്ള കുട്ടികളായിരുന്നു. യുക്രൈനില്‍ 1932-34 കാലയളവില്‍ നാല്പതുലക്ഷം പേര്‍ പട്ടിണിമൂലം മരിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്.
നയതന്ത്രചാനലുകളിലൂടെ പുറംലോകത്ത് ഈ വിവരമെത്തിയെങ്കിലും സ്റ്റാലിന്‍ അതെല്ലാം അപ്പാടെ നിഷേധിച്ചു. എല്ലാം അറിഞ്ഞിട്ടും അമേരിക്കയും ഇതിനുനേരെ കണ്ണടച്ചു. അവരുടെതായ സ്ഥാപിതതാല്പര്യം അവര്‍ക്കുണ്ടായിരുന്നു – സോവിയറ്റ് യുണിയനുമായുള്ള ആകര്‍ഷകമായ ട്രേഡ് ഉടമ്പടികള്‍..
വര്‍ഷങ്ങള്‍ക്കുശേഷം യുക്രൈന്റെ പ്രവാസിസമൂഹം ഈ ദുരന്തത്തെ ഒരു Tragic, Massive Genocide ആയി അംഗീകരിക്കണം എന്നാവശ്യപ്പെട്ടെങ്കിലും ഫലമൊന്നും ഉണ്ടായില്ല. 1980-നു ശേഷമാണ് ഇതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പുറംലോകത്തെ ജനത്തിനു ലഭിക്കുന്നത്. യുട്യുബില്‍ Harvest of Despair എന്ന വാക്കുകള്‍കൊണ്ട് പരതിയാല്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കാണാം.
2006 നവംബര്‍ 28-ന്, അപ്പോഴേയ്ക്കും റഷ്യയില്‍ നിന്നും സ്വതന്ത്രമായ യുക്രൈന്റെ പാര്ലമെന്റ്റ് ഹോളോഡൊമോറിനെ A Deliberate Act of Genocide ആയി പ്രഖ്യാപിച്ചു. കിയെവില്‍ ഇതിന്റെ ഒരു സ്മാരകവും നിര്‍മ്മിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ സ്മാരകം കണ്ടതിനുശേഷം ഈ സ്മാരകവും കണ്ടു. സ്മാരകത്തിന്റെ ചിത്രങ്ങള്‍ ചുവടെ.
No comments:
Post a Comment