Monday, 16 November 2015

റിഗക്കുറിപ്പുകള്‍ (മൂന്ന്) - സ്വാതന്ത്രാനന്തര ലാത്വിയ....

സ്റ്റാലിന്റെ ദീര്‍ഘവീക്ഷണം...
സ്റ്റാലിനെക്കുറിച്ച് എന്തൊക്കെ പറഞ്ഞാലും (തൊണ്ണൂറുകളുടെ മദ്ധ്യത്തിലും അദ്ദേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ചുവരെഴുത്തുകള്‍ തിരുവനന്തപുരത്ത് കണ്ടിട്ടുണ്ട്), അയാളുടെ കൂര്‍മ്മബുദ്ധിയും ദീര്‍ഘവീക്ഷണവും അപാരമായിരുന്നു എന്നു സമ്മതിക്കാതെ വയ്യ.
ഒരു ജനതയെയും ഭീതിയുടെ നിഴലില്‍നിര്‍ത്തി എക്കാലവും ഭരിക്കാനാവില്ലെന്നും ഒരു ദിവസം ഈ ശൈലിയിലുള്ള ഭരണയന്ത്രം സ്തംഭിക്കുമെന്നും അദ്ദേഹം മുന്‍കൂട്ടി കണ്ടിരിക്കണം. അങ്ങിനെ റഷ്യന്‍ സാമ്രാജ്യം നശിച്ചാലും രാഷ്ട്രത്തിന്റെ എല്ലാ പ്രദേശങ്ങളിലും റഷ്യയുക്കുള്ള സ്വാധീനം കുറയാതിരിക്കാന്‍ അദ്ദേഹം കണ്ടുപിടിച്ച മാര്‍ഗമാണ് "റഷ്യവല്‍ക്കരണം." (Russification).
നിര്‍ബന്ധിതമായി സോവിയറ്റ് യുണിയനില്‍ ചേര്‍ന്ന രാജ്യങ്ങളില്‍ കുടിയേറാന്‍ റഷ്യന്‍ മാതൃഭാഷയായുള്ള ജനങ്ങളെ പല തരത്തിലും സ്റ്റാലിന്‍ പ്രേരിപ്പിച്ചു. അങ്ങിനെ മറ്റു പലയിടങ്ങളിലെയും പോലെ ബാള്‍ട്ടിക്ക് രാജ്യങ്ങളിലും റഷ്യാക്കാരുടെ വന്‍തോതിലുള്ള കുടിയേറ്റം ഉണ്ടായി. അവര്‍ക്ക് പല സൌകര്യങ്ങളും ചെയ്തുകൊടുത്തു. പുതിയ സ്ഥലത്ത് വീട്, നല്ല ജോലി, കൃഷിസ്ഥലം, പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ അങ്ങിനെ പലതും. ഫലമോ, അവിടെയെല്ലാം റഷ്യന്‍ സംസാരിക്കുന്നവര്‍ ഒന്നാംകിട പൌരരും സ്വദേശികള്‍ രണ്ടാംകിട പൌരരുമായി.
ലാത്വിയയിലെ മാത്രം കാര്യമെടുത്താല്‍ ഈ രാജ്യത്ത് ഇന്നും നാല്പതു ശതമാനം റഷ്യാക്കാരാണ്. ലാത്വിയക്കാരും അത്രയുമേയുള്ളൂ എന്നുകൂടി ഓര്‍ക്കുക. ബാക്കി ഇരുപതു ശതമാനം മറ്റു ന്യൂനപക്ഷങ്ങളാണ്. സ്വന്തം രാജ്യത്ത് സ്വദേശികള്‍ വെറും നാല്പതു ശതമാനം മാത്രമാണുള്ളത്.
എന്നാല്‍ അതിന്റേതായ വംശീയ സംഘര്‍ഷം ഒട്ടും തന്നെ ഇവിടെയില്ല. വീട്ടുടമസ്ഥനുമായി സംസാരിച്ചപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ റഷ്യക്കാരിയാണെന്നു പറഞ്ഞു.
എന്നാല്‍ ഗൈഡ് മറ്റൊരു കാര്യം സൂചിപ്പിക്കുകയുണ്ടായി...
റഷ്യന്‍ ഭാഷയും ലാത്വിയന്‍ ഭാഷയും ഏറെ വിഭിന്നമാണ്. അക്ഷരമാല പോലും രണ്ടാണ്. സോഷിലിസത്തിന്റെ നാളുകളില്‍ എല്ലാവരും റഷ്യന്‍ പഠിക്കാന്‍ നിര്ബന്ധിതരായിരുന്നു. ഇന്നതല്ല ഗതി. ഇന്നത്തെ പുതിയ തലമുറയ്ക്ക് റഷ്യന്‍ഭാഷ വശമില്ല. റഷ്യന്‍ വംശജരാകട്ടെ ലാത്വിയന്‍ ഭാഷ പഠിക്കുന്നതില്‍ വിമുഖരുമാണ്. ഫലമോ, റോഡുകളുടെയും ഓഫീസുകളുടെയും പേരുകള്‍ പോലും ഇന്നാട്ടിലെ പൌരരായ റഷ്യന്‍വംശജര്‍ക്ക് വായിക്കാന്‍ കഴിയുന്നില്ല. അതൊക്കെ രണ്ടു ഭാഷകളിലും എഴുതണമെന്ന ആവശ്യം സര്‍ക്കാന്‍ അംഗീകരിക്കുന്നില്ല. എല്ലാവരും ലാത്വിയന്‍ ഭാഷ പഠിക്കട്ടെ എന്നാണവരുടെ നിലപാട്. ഇരുകൂട്ടരും പലപ്പോഴും ഇംഗ്ലീഷിലാണ് പരസ്പരം ആശയവിനിമയം നടത്തുന്നതെന്നാണ് ഗൈഡ് പറയുന്നത്.
ഈ ഭാഷാപ്രതിസന്ധിയ്ക്ക് മറ്റു ചില ഫലങ്ങളുമുണ്ട്.
പുട്ടിന്റെ റഷ്യ ഇന്നും സോഷിലിസം കാലത്തെപ്പോലെതന്നെ പ്രോപ്പഗാന്തായ്ക്ക് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. അധികാരത്തില്‍ തുടരാന്‍ ഇത് ഒട്ടൊന്നുമല്ല അദ്ദേഹത്തെ സഹായിക്കുന്നത്. വാര്‍ത്തകളുടെ ഉറവിടം റഷ്യന്‍ ടെലിവിഷന്‍ മാത്രമാകുമ്പോള്‍, പുട്ടിന്‍ ചെയ്യുന്നതെല്ലാം ശരി, ബാക്കി രാജ്യങ്ങള്‍ എല്ലാം കുറ്റവാളികള്‍ എന്ന സന്ദേശമാണ് റഷ്യക്കാര്‍ക്ക് ലഭിക്കുന്നത്.
ബാള്‍ട്ടിക്ക് രാജ്യങ്ങളിലും യുക്രൈന്‍ പോലുള്ള മറ്റു മുന്‍ സോവിയറ്റ് രാജ്യങ്ങളിലും റഷ്യന്‍ ടെലിവിഷന്‍ നിത്യവും കാണുന്ന റഷ്യന്‍ ജനത, റഷ്യയ്ക്ക് വെളിയില്‍ ജീവിക്കുമ്പോഴും റഷ്യന്‍ ഭരണകൂടത്തിന്റെ ആരാധകരും അനുഭാവികളുമാണ്.
സ്റ്റാലിന്റെ ബുദ്ധി!
സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ പുരോഗതി..
റഷ്യന്‍ അധിനിവേശത്തിന്റെ തുടക്കത്തില്‍ കുറെ ചെറുത്തുനില്‍പ്പ്‌ ഉണ്ടായെങ്കിലും അവയെല്ലാം മൃഗീയമായി അടിച്ചമര്‍ത്തി. സാവധാനം എതിര്‍പ്പുകള്‍ കെട്ടടങ്ങി.
വര്‍ഷങ്ങള്‍ക്കുശേഷം 1987-ല്‍ റിഗയിലെ ഫ്രീഡം മോണുമെന്റിന്റെ മുന്നില്‍ വലിയൊരു പ്രകടനമുണ്ടായി. ഇതേതുടര്‍ന്ന് ഗോര്‍ബച്ചേവ് ലാത്വിയയ്ക്കും മറ്റു ബാള്‍ട്ടിക്ക് രാഷ്ട്രങ്ങള്‍ക്കും കൂടുതല്‍ സ്വയംഭരണാവകാശങ്ങള്‍ നല്‍കി. തൊണ്ണൂറില്‍ റഷ്യന്‍ പതാക മാറ്റി ലാത്വിയന്‍ പതാക രാജ്യത്തെ എല്ലാ മര്‍മ്മസ്ഥാനങ്ങളിലും പാറിപ്പറന്നു. ഇതിനുശേഷം നിരന്തരമായുണ്ടായ എതിര്‍പ്പുകളുടെ ഒടുവില്‍, 1991 ഓഗസ്റ്റ്‌ ഇരുപത്തിയൊന്നിന് രാജ്യം പൂര്‍ണ്ണമായും സ്വതന്ത്രമായി.
അതിനുശേഷമുണ്ടായ പുരോഗതിയില്‍ ലാത്വിയ മറ്റേതു കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളെയും കടത്തിവെട്ടി. ജനങ്ങളുടെ ജീവിതനിലവാരവും, രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയും വളരെ പെട്ടെന്നാണ് ഉയര്‍ന്നത്.
രണ്ടായിരത്തിന്റെ തുടക്കത്തില്‍ യുറോപ്പിലെ ഏറ്റവും ശീഘ്രം വളരുന്ന ഇക്കോണമി എന്ന സ്ഥാനം ലാത്വിയയ്ക്ക് ലഭിച്ചു. 2004-യുറോപ്യന്‍ യുണിയന്‍ അംഗമായ ലാത്വിയ പത്തുവര്‍ഷത്തിനുശേഷം, 2014-ല്‍ യുറോ ക്ളബിളും ചേര്‍ന്നു. തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരത്തിന്റെ തുടക്കത്തിലും നിരവധി ബ്രിട്ടിഷ് ചെറുപ്പക്കാരുടെ Sex Tourism Destination ആയിരുന്നു റിഗ. മാറിയ സാമ്പത്തിക സാഹചര്യത്തില്‍ അവര്‍ റിഗയെ ഉപേക്ഷിച്ചു.
ഒരു വികസിത രാജ്യത്തിന്റെ മുഖഭാവമാണ് ഇന്ന് റിഗയ്ക്ക്. നല്ല റോഡുകള്‍, നല്ല അടിസ്ഥാന സൌകര്യങ്ങള്‍, സംതൃപ്തരായി കാണപ്പെടുന്ന ജനങ്ങള്‍ (ഒരാഴ്ചത്തെ താമസത്തിനിടയില്‍ റിഗയില്‍ ഒരു യാചകനെപ്പോലും കാണാന്‍ സാധിച്ചിട്ടില്ല. മറ്റു പല യുറോപ്യന്‍ നഗരങ്ങളിലും ഇവര്‍ നിത്യകാഴ്ചകളാണ്).
ജനങ്ങളില്‍ നല്ലൊരു ശതമാനവും ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നു എന്നത് സന്ദര്‍ശകര്‍ക്ക് വലിയൊരു സൌകര്യമാണ്. അതുകൊണ്ടുതന്നെ ടൂറിസം മേഖലയില്‍ അസൂയാവഹമായ നേട്ടങ്ങള്‍ ഇവര്‍ കൈവരിക്കുന്നുണ്ട്‌.
കൂടുതല്‍ റിഗ ചിത്രങ്ങള്‍ ചുവടെ..

No comments:

Post a Comment