Tuesday, 17 November 2015

കിയേവ് കുറിപ്പുകള്‍ (പതിനേഴ്‌): ഞാനൊരു സ്റ്റാലിന്‍ ഫാന്‍...

റഷ്യന്‍ നഗരങ്ങളിലും, അതിന്റെ ചുവടുപിടിച്ച് കിഴക്കന്‍ യുറോപ്പില്‍ ഉടനീളവും ഉയര്‍ന്നുവന്ന ബഹുനില കെട്ടിടങ്ങളെക്കുറിച്ച് വളരെ മോശമായ കാര്യങ്ങളാണ് കേട്ടിരുന്നത്.

ഇതിനെക്കുറിച്ച്‌ പറയണമെങ്കില്‍ അല്പം പശ്ചാത്തലം വിശദീകരിക്കേണ്ടിയിരിക്കുന്നു.

കാറല്‍ മാര്‍ക്സിന്റെ സിന്ധാന്തങ്ങള്‍ അന്നും highly industrialised ആയിരുന്ന ജര്‍മ്മനിയുടെ സാഹചര്യത്തില്‍ എഴുതപ്പെട്ടവയായിരുന്നു. പക്ഷെ, അവ നടപ്പിലാക്കിയത് റഷ്യയിലും. റഷ്യയാകട്ടെ ഒരു കാര്‍ഷിക, ഗ്രാമ്യ സമൂഹമായിരുന്നു. തൊഴിലാളി സര്‍വാധിപത്യം ലക്ഷ്യമിടുന്ന സോഷ്യലിസം കര്‍ഷകന്റെ നിത്യജീവിതത്തില്‍ അത്ര പ്രസക്തമല്ല. ഇക്കാരണത്താല്‍ സോഷ്യലിസം നടപ്പാക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് സമൂഹത്തെ വ്യവസായവല്‍ക്കരിക്കുകയാണ് വേണ്ടതെന്ന് നേതാക്കള്‍ തിരിച്ചറിഞ്ഞു. അങ്ങിനെ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും ഫാക്ടറികള്‍ നിര്‍മ്മിച്ചു. ഫാക്ടറികളില്‍ തൊഴിലാളികള്‍ വേണം. ഗ്രാമത്തില്‍ സ്വന്തം കൃഷിയിടം നഷ്ടപ്പെട്ടവര്‍ ജീവിക്കാന്‍വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിരുന്നു. അവര്‍ നഗരങ്ങളിലേയ്ക്ക് കൂട്ടത്തോടെ കുടിയേറി. പൊടുന്നനവേ, നഗരങ്ങളുടെ ജനസംഖ്യ മൂന്നും നാലും ഇരട്ടിയായി വര്‍ദ്ധിച്ചു. അവര്‍ക്ക് പാര്‍ക്കാന്‍ വേണ്ട  സൗകര്യം ഉണ്ടായിരുന്നില്ല. 

ഇതിന്റെ പരിഹാരം എന്ന നിലയ്ക്കാണ് ജോസഫ്‌ സ്റ്റാലിന്റെ കാലത്ത് ഭീമാകാരമായ ബഹുനില പാര്‍പ്പിടകെട്ടിടങ്ങള്‍ ഉയര്‍ന്നത്. അത്തരം ഫ്ലാറ്റുകള്‍ അലോട്ട് ചെയ്യുന്നതില്‍ ക്രമക്കേടുകള്‍ ഉണ്ടായിരുന്നിരിക്കാം. പക്ഷെ അവയുടെ നിര്‍മ്മാണത്തില്‍, നാട്ടിലെ സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍മാര്‍ പണിയുന്ന പാലങ്ങളും കെട്ടിടങ്ങളും പോലെ, മോശമായ സാമഗ്രികള്‍ ഉപയോഗിച്ചിരുന്നില്ല എന്നതിന്റെ തെളിവാണ് ഇന്നും ചങ്കുവിരിച്ചുനില്‍ക്കുന്ന ആ കെട്ടിടങ്ങള്‍. 

ഇത്തരത്തിലൊന്ന് (സ്റ്റാലിനിസ്റ്റിക്ക് അപ്പാര്ട്ട്മെന്റ്റ്  എന്നാണിതിനെ പലരും വിളിക്കുന്നത്) ആദ്യമായി കാണുന്നത് പോളണ്ടില്‍ വച്ചായിരുന്നു. ക്രാക്കൊവിനടുത്തുള്ള നോവ ഹുട്ടയില്‍ ഇത്തരം കെട്ടിടങ്ങള്‍ നിരവധിയുണ്ടെന്നു കേട്ടിരുന്നു. പക്ഷെ, അപകടം പിടിച്ച സ്ഥലമാണ്; അവിടെ പോകരുത് എന്ന മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു. മൂന്നാം പ്രാവശ്യം ക്രാക്കൊവില്‍ പോയപ്പോഴാണ് ഒരു ടൂര്‍ ഗൈഡുമായി അവിടെ പോയത്.

സത്യത്തില്‍ അത്ര മോശമായി എനിക്കു തോന്നിയില്ല.

1972-ല്‍ ആദ്യമായി ഡല്‍ഹിയില്‍ എത്തുമ്പോള്‍ ആര്‍.കെ. പുരം എന്ന രാമകൃഷ്ണപുരം ഒരത്ഭുതമായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഹൌസിംഗ് കോളനി എന്ന് ഡല്‍ഹിക്കാര്‍ അതിനെ അഭിമാനത്തോടെ വിശേഷിപ്പിക്കുമായിരുന്നു. പുറമേനിന്നു നോക്കിയിട്ട് അതിലും മോശമായി തോന്നിയില്ല. ഒരെണ്ണത്തിന്റെ അകത്തു കയറണം എന്നാഗ്രഹമുണ്ടായി. അതിനുശേഷം പല കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളില്‍ പോയി. ആഗ്രഹം സഫലമായില്ല. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയ സന്ദര്‍ശിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന സുഹൃത്തിനോട്‌ ഇക്കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി നിരാശാജനകമായിരുന്നു...

"അവിടെയെല്ലാം കിളവന്മാരും കിളവിമാരുമാണ് താമസിക്കുന്നത്. എനിക്കറിയാവുന്ന ആരും അത്തരം ഫ്ലാറ്റുകളില്‍ താമസിക്കുന്നില്ല.."

അവസാനം ആ ആഗ്രഹം സഫലമായത് കിയേവില്‍ വന്നപ്പോഴാണ്. അകത്തുകയറി എന്നുമാത്രമല്ല അത്തരത്തിലൊന്നില്‍ ഒരു മാസത്തോളം താമസിക്കുകയും ചെയ്തു.

പാശ്ചാത്യരാജ്യങ്ങളിലെ ബഹുനിലക്കെട്ടിടങ്ങള്‍ എല്ലാം ആഡംബരഭവനങ്ങളാണ്. A statement of the wealth and social status of the owner/s. ഇന്ന് കൊച്ചിയിലും മറ്റും ഉയര്‍ന്നുവരുന്ന ആഡംബരഫ്ലാറ്റുകള്‍ പോലെ.

സ്റ്റാലിന്റെ ലക്‌ഷ്യം പാര്‍പ്പിടത്തിനുള്ള അടിസ്ഥാനസൗകര്യം ജനത്തിനു നല്‍കുക എന്നതായിരുന്നു. അതുകൊണ്ടുതന്നെ ആഡംബരങ്ങളെല്ലാം പാടേ ഒഴിവാക്കി. കാഴ്ചയില്‍ വളരെ പരുക്കനാണ്. പക്ഷെ കെട്ടുറപ്പിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. അങ്ങിനെ ചെയ്തിരുന്നെങ്കില്‍ പലതും ഇതിനോടകം നിലംപരിശാകുമായിരുന്നു. 

പുതിയ ഫ്ലാറ്റുകളുമായി താരതമ്യം ചെയ്‌താല്‍ ഇവയുടെ വില വളരെ തുച്ഛമാണ്. പക്ഷെ, പുതിയ ഫ്ലാറ്റുകള്‍ക്കില്ലാത്ത ഒട്ടേറെ സൌകര്യങ്ങള്‍ ഇവയ്ക്കുണ്ട്. ചുറ്റിനും ആവശ്യത്തിന് സ്ഥലം. കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യം.. തുടങ്ങിയവ.

സുരക്ഷ വളരെ പ്രധാനമായിരുന്നു. ഞാന്‍ താമസിക്കുന്ന ഫ്ലാറ്റിനുള്ളില്‍ കയറണമെങ്കില്‍ അഞ്ചു വാതിലുകള്‍ തുറക്കണം. (ലിഫ്റ്റിന്റെ വാതിലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല). അഞ്ചു വാതിലുകളില്‍ മൂന്നെണ്ണം ഇരുമ്പു വാതിലുകളാണ് എന്നുകൂടി ഓര്‍ക്കുക. 

സോഫിയയിലെ ഫ്ലാറ്റുകളെക്കുറിച്ച് സുഹൃത്ത് ഇങ്ങനെ പറയുകയുണ്ടായി..

"ചില കെട്ടിടങ്ങളില്‍ എഴുന്നൂറും എണ്ണൂറും ഫ്ലാറ്റുകള്‍ ഉണ്ട്. മൂന്നും നാലും ഗ്രാമങ്ങളിലെ ജനമാണ് അവിടെ താമസിക്കുന്നത്. ഗ്രാമത്തിലെ സൌമ്യമായ അന്തരീക്ഷത്തില്‍ ജീവിച്ചിരുന്ന അവര്‍ ഇവിടെവന്ന് പ്രകൃതിയുമായി അകന്നുജീവിച്ചപ്പോള്‍ മാനസികവിഭ്രാന്തി ഉണ്ടായിക്കാണണം. അത്തരക്കാര്‍ക്ക് പാര്‍ട്ടി അധികാരം കൊടുത്തപ്പോള്‍ അവര്‍ ക്രൂരന്മാരായത്തില്‍ അതിശയിക്കാനൊന്നുമില്ല.."

അതിന്റെ മനഃശാസ്ത്രം എനിക്കറിയില്ല. 

സ്റ്റാലിന്‍ എന്തെല്ലാം ക്രൂരതകള്‍ ചെയ്തിട്ടുണ്ടെങ്കിലും, സാധാരണക്കാരന് കെട്ടുറപ്പും, ആഡംബരരഹിതവുമായ വീടുകള്‍ നല്‍കണമെന്ന് ചിന്തിച്ച അദ്ദേഹത്തിന് എന്റെ ഒരു സലാം.. (ലാല്‍സലാം അല്ല...)




No comments:

Post a Comment