ലാത്വിയയില്‍ ഏറ്റവും പ്രകടമായി തോന്നിയത് രണ്ടു കാര്യങ്ങളാണ്.. ഒന്ന് - ഇന്നാട്ടിലെ സ്ത്രീകളുടെ അസാധാരണ ഉയരം, രണ്ട് ഇവരുടെ റഷ്യന്‍വിരുദ്ധ വികാരം.
ഇന്നാട്ടില്‍ വഴിയില്‍ കണ്ട പെണ്‍കുട്ടികളും സ്ത്രീകളും അതിസുന്ദരികളായി തോന്നിയില്ല. ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനം പോളണ്ടിനാണ്. സുന്ദരന്മാരുടെയും സുന്ദരിമാരുടെയും നാട്. ലാത്വിയന്‍ പെണ്ണുങ്ങള്‍ വിരൂപകാളാണെന്നര്‍ത്ഥമില്ല. പക്ഷെ, അവരില്‍ മിക്കവരുടെയും ഉയരം അതിശയിപ്പിക്കുന്നതാണ്. ആറടി പൊക്കത്തില്‍ കുറഞ്ഞവരെ കണ്ടുകിട്ടുക ബുദ്ധിമുട്ടാണ്. എങ്കിലും ദുര്‍മ്മേദസ്സ് മിക്കവര്‍ക്കുമില്ല. നീണ്ട കാലുകള്‍, ആത്മവിശ്വാസമുള്ള ഭാവവും നടത്തവും. പുരുഷന്മാരും ഉയരത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല.
താമസസ്ഥലത്ത് വന്നുകയറുമ്പോള്‍ വീട്ടുടമ, എഡ്ഗാര്‍സും കൂടെയുണ്ടായിരുന്നു. ഫ്ലാറ്റിനു രണ്ടു വാതിലുകളുണ്ട്. ആദ്യത്തേത് വളരെ സുദൃഡവും വിരൂപവുമാണ്. അദ്ദേഹത്തിന്റെ കമന്റ്: "This is the Russian Door!"
സോവിയറ്റ് നാട്ടിലെ ജനമെല്ലാം ഒരേ ജാതി-വര്‍ഗ്ഗവും, ഒരേ ഭാഷ സംസാരിക്കുന്നവരുമാണ് എന്നായിരുന്നു എന്റെ പഴയ ധാരണ. പിന്നീടാണ് മനസിലായത്, മുമ്പ് ബ്രിട്ടീഷ്-ഇന്ത്യയുടെ ഭാഗമായിരുന്ന ബര്‍മ്മ ഇന്ത്യ തന്നെയാണ് എന്നു ധരിക്കുന്നതുപോലെയുള്ള അബദ്ധജടിലമായ ധാരണയാണത് എന്ന്. ലാത്വിയ, എസ്റ്റോണിയ, ലിത്വാനിയ, തുടങ്ങിയ എത്രയോ വൈവിധ്യമാര്‍ന്ന രാജ്യങ്ങള്‍ കൂടുന്നതായിരുന്നു സോവിയറ്റ് റഷ്യ. അവരെല്ലാം റഷ്യയുടെ കുടക്കീഴില്‍ സ്വമേധയാ ചേര്‍ന്നതാണെന്നു പ്രചരിപ്പിച്ചു എന്നുമാത്രം.
മുകളില്‍ പറഞ്ഞ മൂന്നു ബാള്‍ട്ടിക് രാജ്യങ്ങളില്‍നിന്നുമുള്ള ഇരുപതുലക്ഷം പേര്‍ 1991-ല്‍ ഒരു മനുഷ്യചങ്ങല തീര്‍ത്തു. അങ്ങിനെ അവരുടെ സ്വാതന്ത്ര്യമോഹം പുറംലോകത്തെ അറിയിച്ചു. അതിനുശേഷമാണ് അവര്‍ക്ക് റഷ്യയില്‍നിന്നും സ്വാതന്ത്ര്യം ലഭിച്ചത്.
സ്വാതന്ത്ര്യം ലഭിച്ചിട്ട് വര്ഷം ഇരുപത്തിനാല് കഴിഞ്ഞു. പക്ഷെ അടുത്തകാലത്ത് യുക്രൈനില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ ഓരോ ലാത്വിയക്കാരന്റെ മനസിലും ഭീതിയുടെ വിത്തു പാകിയിട്ടുണ്ട്. യു.എന്‍, നാറ്റോ, യുറോപ്യന്‍ യുണിയന്‍ തുടങ്ങിയവയില്‍ അംഗത്വം ഉള്ളതുകൊണ്ട് പ്രശ്നമൊന്നും ഉണ്ടാവില്ല എന്ന ആശ്വാസത്തിലാണവര്‍ കഴിയുന്നത്.
സാധാരണ ലാത്വിയക്കാരന്‍ പുട്ടിന്റെ റഷ്യയെ പരിഹാസം കൊണ്ടാണ് നേരിടുന്നത്.
റിഗയില്‍ ലാത്വിയന്‍ അകാദമി ഓഫ് സയന്‍സിന്റെ ആസ്ഥാനമുണ്ട്. മനോഹരമായ കെട്ടിടം. പക്ഷെ, അതിനു ലാത്വിയക്കാര്‍ ഒരു പേരു കൊടുത്തിട്ടുണ്ട് - Stalin's Birthday Cake. (അതിനെക്കുറിച്ച് പിന്നീട് വിശദീകരിക്കാം).
പഴയ റിഗ നഗരത്തിന്റെ മധ്യത്തില്‍ ഒരു മ്യുസിയമുണ്ട് - Museum of the Occupation of Latvia. ഇന്ന് ആ മ്യുസിയം സന്ദര്‍ശിച്ചു. നാസിപ്പടയും റഷ്യന്‍ റെഡ് ആര്‍മിയും ലാത്വിയയില്‍ സൃഷ്ടിച്ച കെടുതികള്‍ വിശദമായി അവിടെ വിവരിക്കുന്നുണ്ട്.
വിയോലെറ്റ എന്നൊരു ഗൈഡിന്‍റെ സേവനം ഉണ്ടായിരുന്നു. ഫീസ് അഞ്ചു യുറോ..
നാസി/റഷ്യന്‍ അധിനിവേശങ്ങളുടെ കഥകള്‍ വിശദമായി നാളെ. തല്‍ക്കാലം കുറേക്കൂടി റിഗാചിത്രങ്ങള്‍..
No comments:
Post a Comment