ചെര്ണിവിസ്റ്റി എന്ന മുമ്പ് പേരുപോലും കേട്ടിട്ടില്ലാത്ത പട്ടണത്തില്‍ പോകാന്‍ തീരുമാനിച്ചതിന്റെ കാരണം അവിടെ കുറെ ഇന്ത്യന്‍ (മലയാളികളടക്കം) വിദ്യാര്‍ഥികള്‍ മെഡിസിനു പഠിക്കുന്നുണ്ട് എന്ന അറിവായിരുന്നു.
എഴുപതുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലിചെയ്തിരുന്ന കാലത്ത് റഷ്യയില്‍ പഠിക്കുന്നവര്‍ ചില ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് അവിടെ വരുമായിരുന്നു. പിന്നീട് ലിബിയയിലെ ട്രിപ്പോളിയില്‍ ഒരു എഞ്ചിനീയറിംഗ് കണ്സല്‍ട്ടന്സി സ്ഥാപനത്തില്‍ ജോലി ചെയ്തപ്പോള്‍ ഒപ്പം കുറെ ശ്രീലങ്കന്‍ എന്‍ജിനീയര്‍മാര്‍ ഉണ്ടായിരുന്നു, റഷ്യയില്‍ പഠിച്ചവര്‍. അവരിലൊരാള്‍ കിയേവിനെക്കുറിച്ച് പറഞ്ഞിരുന്നത് ഇന്നും ഓര്‍മ്മയുണ്ട്. സ്നേഹമുള്ള ജനമാണ്, എന്നൊക്കെ.
ചെര്ണിവിസ്റ്റിയില്‍ മലയാളികള്‍ ഉണ്ടെന്നു കേട്ടപ്പോള്‍ പത്തില്‍ താഴെ - അതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നില്ല..
അവിടെ ചെന്നപ്പോള്‍ കാര്യങ്ങള്‍ അങ്ങിനെയൊന്നും ആയിരുന്നില്ല.
ചെര്ണിവിസ്റ്റിയില്‍ ആദ്യമായെത്തിയ മലയാളി ആരായിരുന്നു എന്ന അന്വേക്ഷണം ഫലം കണ്ടില്ല. എങ്കിലും 2007 മുതല്‍ മലയാളികള്‍ ഇവിടെ മെഡിസിന്‍ പഠിക്കാന്‍ വന്നുതുടങ്ങി. 2013-ലാണ് ഏറ്റവും കൂടുതല്‍ പേരെത്തിയത് - 63 പേരുണ്ടായിരുന്നു ആ ബാച്ചില്‍ മാത്രം.
ആറു ബാച്ചിലുമായി ഏതാണ്ട് 175 മലയാളികളുണ്ട്.. മലയാളികള്‍ അല്ലാത്ത ഇന്ത്യാക്കാരുടെ എണ്ണം ആയിരത്തിനു മുകളില്‍ വരും.
നമ്മുടെ കുട്ടികള്‍ പൊതുവേ വളരെ സന്തുഷ്ടരായാണ് അവിടെ കാണപ്പെട്ടത്. പ്രത്യേകിച്ച് അസൌകര്യങ്ങള്‍ ഒന്നുംതന്നെയില്ല. റേസിസം പോലുള്ള പ്രശ്നങ്ങള്‍ തീരെയില്ല. സാമ്പത്തികലാഭം ഒരു പ്രധാന ഘടകമാണ്. നാട്ടില്‍ ഡൊണേഷന്‍ കൊടുക്കേണ്ട തുകയുടെ പകുതി (ഏതാണ്ട് ഇരുപതു ലക്ഷം രൂപ) കൊണ്ട് മൊത്തം ട്യുഷന്‍ ഫീസ് കൊടുക്കാം. നാട്ടിലേതുമായി തട്ടിച്ചുനോക്കുമ്പോള്‍ ജീവിതചെലവും കൂടുതലല്ല.
വിദ്യാഭ്യാസമേഖലയില്‍ സകല മതമേലധ്യക്ഷന്മാരും അറഞ്ഞുകിടന്നു സേവിക്കുന്ന നമ്മുടെ നാട്ടില്‍ മുടക്കേണ്ടി വരുന്നതിന്റെ പകുതി തുകകൊണ്ട് ഇവിടെ മെഡിക്കല്‍ ഡിഗ്രി കൈയ്ക്കലാക്കാം.. മറ്റൊരു കാര്യം, പഠനസമയം ആറു വര്‍ഷമായതിനാല്‍ നാട്ടിലെയത്രയും ഭാരമില്ല പഠനത്തിന്. കുറെയൊക്കെ ജീവിതവും ആസ്വദിക്കാം. അതിനുള്ള സൌകര്യങ്ങള്‍ വേണ്ടുവോളമുണ്ട്..
എന്നെങ്കിലും യുക്രൈന്‍ യുറോപ്യന്‍ യുണിയന്റെ ഭാഗമാകുമെന്നും, അന്ന് ഇവിടെനിന്നും ലഭിക്കുന്ന ഡിഗ്രി യുറോപ്പില്‍ എവിടെയും അംഗീകരിക്കപ്പെടും എന്നും അവര്‍ പ്രതീക്ഷിക്കുന്നു.
വലിയൊരു കടമ്പ കടക്കാനുള്ളത്, ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ പരീക്ഷയാണ്. അതത്ര നിസാരമല്ല. പക്ഷെ ഡല്‍ഹിയില്‍ അതിനുള്ള കോച്ചിംഗ് സൌകര്യമുണ്ട്. അതിനുപോയാല്‍ ഏറിയാല്‍ രണ്ടുപ്രാവശ്യം എഴുതിയാല്‍ അതും മറികടക്കാം.
എം.ഡി. പഠിക്കാനുള്ള സൌകര്യവും ഇതേ, ബുക്കൊവിന മെഡിക്കല്‍ യുണിവേര്‍സിറ്റിയിലുണ്ട്. പക്ഷെ ബിരുദാനന്തര കോര്‍സ് യുക്രൈനിയന്‍ ഭാഷയിലാണ്. അതുകൊണ്ട് അതിന് അധികംപേര്‍ ചേരുന്നില്ല. അങ്ങിനെ ചേര്‍ന്ന് പഠിച്ച്, ഇവിടെത്തന്നെ പഠിപ്പിക്കുന്ന ഒരു നേപ്പാളി ഡോക്ടറെ കാണുകയുണ്ടായി.
ഏതാണ്ട് 55:45 എന്ന അനുപാതത്തിലാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും.
ആദ്യത്തെ വര്ഷം ഹോസ്റ്റലിലെ മെസ്സില്‍ നിന്നും ഇന്ത്യന്‍ ഭക്ഷണം നല്‍കുന്നുണ്ട്. അതിനുശേഷം എല്ലാവരുംതന്നെ സ്വയം പാചകത്തില്‍ ഏര്‍പ്പെടുന്നു. അതിനുള്ള സൗകര്യം എല്ലാ ഹോസ്റ്റലിലും ഉണ്ട്.
ചെര്ണിവിസ്റ്റിയില്‍ മാത്രമല്ല, ഒഡേസ, ഖാര്‍ക്കീവ് (യുക്രൈന്റെ പഴയ തലസ്ഥാനം) തുടങ്ങിയ പട്ടണങ്ങളിലും ഇന്ത്യന്‍/മലയാളി കുട്ടികള്‍ മെഡിസിന് പഠിക്കുന്നുണ്ട്. ചെര്ണിവിസ്റ്റിയിലാണ് കൂടുതല്‍പേരും.
മെഡിക്കല്‍ എത്തിക്ക്സിന് കുറെയൊക്കെ പ്രാധാന്യം നല്‍കുന്ന ഈ രാജ്യത്തുനിന്നും പഠിച്ചിറങ്ങുന്ന ഇവരും, കേരളത്തില്‍ എത്തിക്കഴിഞ്ഞാല്‍ അവിടെ ജനത്തെ "സേവിച്ച്" ഇല്ലാതാക്കുന്ന കാപാലികരുടെ സ്വാധീനത്തില്‍ കഴുത്തറുപ്പന്‍മാരായാല്‍ അത്ഭുതപ്പെടെണ്ടതില്ല.
കോളേജുകളല്ല, ആശുപത്രികളാണല്ലോ ഇവരെ മനുഷ്യത്വമില്ലാത്തവരാക്കുന്നത് .
ആശുപത്രികൾ തന്നേയാണ് ഏവരേയും മനുഷ്യത്വമില്ലാതാക്കുന്നത്...!
ReplyDelete