Tuesday, 17 November 2015

കിയേവ് കുറിപ്പുകള്‍ (ആമുഖം)

അബദ്ധങ്ങള്‍, അപകടങ്ങള്‍, ഇവ എപ്പോള്‍ എങ്ങിനെ വരുമെന്ന് പ്രവചിക്കുക വയ്യല്ലോ...

കിയെവിലെത്തി, രണ്ടാംദിവസം ഒരു സിറ്റി ടൂര്‍ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി, കണ്ട വിശേഷങ്ങള്‍ കുറിക്കുന്നതിന്റെ മുന്‍നടപടിയായി ഒരു ചായ ഉണ്ടാക്കി, കുടിച്ചുകൊണ്ട് ലാപ്ടോപ് ഓണ്‍ ചെയ്തു.. കൈതട്ടിയതിനാല്‍  ചായ മൊത്തം ലാപ്ടോപ് കുടിച്ചു.. യന്ത്രം കര്‍ത്താവില്‍ സുഖനിന്ദ്ര പ്രാപിച്ചു.

സഹായത്തിനാരുമില്ല, എങ്ങോട്ടുപോകണമെന്നറിയില്ല.. സഹായം ബ്രിട്ടനില്‍ നിന്നെത്തി.. സന്തോഷ്‌ മാത്യു എന്ന സുഹൃത്ത് ബാറ്ററി ഊരുന്നതെങ്ങിനെയെന്നു പറഞ്ഞുതന്നു.. ആന്‍ഡോവര്‍ എന്ന സ്ഥലത്തു താമസിക്കുന്ന, മകന്റെ പരിചയക്കാരി ഒരു യുക്രൈന്‍ സ്ത്രീ അവരുടെ ഇവിടെയുള്ള സുഹൃത്തിനെ കണക്റ്റ് ചെയ്തുതന്നു.. അങ്ങിനെ പിറ്റേദിവസംതന്നെ ലാപ്ടോപ് സര്‍വീസ് സെന്ററില്‍ എത്തി. അന്നുമുതല്‍ ഇന്നുവരെ അത് തിരികെ കിട്ടാനായി കാത്തിരുന്നു..  അഞ്ചുദിവസത്തെ കാത്തിരിപ്പിനുശേഷം അവസാനം ഇന്ന് കിട്ടി.

ഒക്ടോബര്‍ മൂന്നാം തിയതി ശനിയാഴ്ചയാണ് മാഞ്ചെസ്റ്ററില്‍ നിന്നും ആംസ്റ്റര്‍ഡാം വഴി കിയേവില്‍ എത്തുന്നത്. പുലര്കാലെയുള്ള ഫ്ലൈറ്റ്.. ഫ്ലൈറ്റില്‍ കയറി, ഹാന്‍ഡ് ലഗേജ്  അതിന്റെ സ്ഥാനത്തു വയ്ക്കുമ്പോള്‍ എവിടെ നിന്നോ വരുന്നു ഒരു ശബ്ദം: "അങ്കിള്‍ ഇതെങ്ങോട്ടാ?"

കെ.ജി.ബി.യുടെ ചാരന്മാരെ പിറകെവിടും എന്നൊരു കശ്മലന്‍ ഭീക്ഷണിപ്പെടുത്തിയിരുന്നു - ജേക്കബ്‌ കോയിപ്പള്ളി.. ഇനി അതില്‍ വല്ല കാര്യവുമുണ്ടോ? തിരിഞ്ഞുനോക്കുമ്പോള്‍, സ്നേഹിതനായ ജാനെഷ്.. ജാനെഷ് കിടങ്ങൂര്‍... കക്ഷി ആംസ്റ്റര്‍ഡാമില്‍ എന്തോ കോണ്ഫറന്‍സിനു പോകുന്നു.  അങ്ങിനെ ആംസ്റ്റര്‍ഡാം വരെ കത്തിവയ്പും ഉറക്കവുമായി കഴിഞ്ഞു.. ഏതാണ്ട് ഇരുപത് മിനിറ്റ് ലേറ്റായാണ് എത്തിയത്. അതുകൊണ്ട് ഷിഫോള്‍ എയര്‍പോര്‍ട്ട് ശരിയ്ക്ക് കാണാന്‍ സാധിച്ചില്ല.  

1984-ല്‍ ആംസ്റ്റര്‍ഡാം സന്ദര്‍ശിച്ചിട്ടുണ്ട്. അന്ന് ഇംഗ്ലണ്ടില്‍ നിന്നും ഫെറിയിലാണ് പോയത്. എയര്‍പോര്‍ട്ട് ആദ്യമായി കാണുന്നു. പണ്ടൊക്കെ ഇതിന്റെ ഖ്യാതി വളരെ വലുതായിരുന്നു.. ലോകോത്തരമായ ഡ്യുട്ടിഫ്രീ ഷോപ്പുള്ള എയര്‍പോര്‍ട്ട്. ഇന്നാ സ്ഥാനം ദുബായി കൈയ്യടക്കിയിരിക്കുന്നു. 

ആംസ്റ്റര്‍ഡാമില്‍ നിന്നും രണ്ടേമുക്കാല്‍ മണിക്കൂര്‍ പറന്നപ്പോള്‍ കിയേവ്. പ്രത്യേകിച്ചൊന്നും പറയാനില്ലാത്ത ഒരു എയര്‍പോര്‍ട്ട്. ഇമ്മിഗ്രെഷനില്‍ പ്രശ്നമൊന്നും ഇല്ല.  (ഉണ്ടായേക്കാം എന്ന് താക്കീതുണ്ടായിരുന്നു). പെട്ടി ഉടന്‍ തന്നെ കിട്ടി. കസ്റ്റംസിലും പ്രശ്നമൊന്നും ഇല്ല. എന്തെങ്കിലും പ്രസന്റ്സ് കൊണ്ടുവന്നിട്ടുണ്ടോ എന്നൊരാള്‍ ഗ്രീന്‍ ചാനലിലൂടെ കടക്കുമ്പോള്‍ ചോദിച്ചു.  ആര്‍ക്ക്, എന്തു കൊണ്ടു വരാന്‍? എന്റെ മുഖത്തെ ഭാവം കണ്ടപ്പോള്‍ അയാള്‍ പിന്നെയൊന്നും ചോദിച്ചില്ല.

നേരത്തെകൂട്ടി ബുക്ക് ചെയ്തിരുന്ന അപ്പാര്ട്ട്മെന്റ്റ് ഉടമ ടാക്സി വിട്ടിരുന്നു. എന്റെ പേരുള്ള പോസ്റ്ററുമായി അദ്ദേഹം അവിടെയുണ്ടായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും ഏതാണ്ട് ഇരുപത്തഞ്ചു മിനിട്ടുകൊണ്ട് അവരുടെ ഓഫീസിലെത്തി. ഇതിനിടയില്‍ പൌണ്ട് മാറാന്‍ കഴിഞ്ഞിരുന്നില്ല. കറന്‍സി മാറി, തിങ്കളാഴ്ച പേയ്മെന്റ് ചെയ്യാം. അവര്‍ക്ക് സമ്മതം. താക്കോലും വാങ്ങി അതേ ടാക്സിയില്‍ ഫ്ലാറ്റിലെത്തി. അത്യാവശ്യ സൌകര്യങ്ങള്‍ ഒക്കെയുണ്ട്. സ്റ്റാലിന്റെ മുഖ മുദ്രയുള്ള ബഹുനിലകെട്ടിടം ഏഴാംനിലയിലെ വണ്‍ബെഡ്റൂം അപാര്‍ട്മെന്‍റ്. ഫ്ലാറ്റിനുള്ളില്‍ സ്റ്റാലിന്റെ പ്രേതത്തെ കാണാനായില്ല. എല്ലാം ആധുനികം. 

ചെറുതായി ഒന്നു വിശ്രമിച്ചു കഴിഞ്ഞപ്പോള്‍, കിയേവ് വാസിയായ ടുട്ടൂസ് എന്ന മലയാളി എത്തി. വെളിയിലൂടെ ഒരു ചെറിയ കറക്കം. അല്പം കാശ് മാറി, ഭക്ഷണം കഴിച്ചു, മെട്രോ സ്റേഷന്‍ കണ്ടു.. തല്‍ക്കാലം ഇത്രയും മതി,  വിശ്രമമാണ് ഇനി ആവശ്യം. കാഴ്ചകള്‍ കാണാന്‍ സമയം വേണ്ടുവോളം ഉണ്ടല്ലോ..

അടുത്തദിവസം മുതല്‍ കറക്കം ആരംഭിച്ചു. അതിന്റെയെല്ലാം വിശേഷങ്ങള്‍ വരുംദിവസങ്ങളില്‍.

യുക്രൈന്‍ എന്ന രാജ്യത്തെ ചെറുതായി  പരിചയപ്പെടുത്തട്ടെ.

യുറോപ്പിലെ ഏറ്റവും വലിയ രാജ്യമായാണ്‌ യുക്രൈന്‍ കണക്കാക്കപ്പെട്ടിരുന്നത്. ക്രൈമിയ റഷ്യയുടെ ഭാഗമായതോടെ ആ സ്ഥാനം നഷ്ടമായി എന്നു കരുതുന്നു. എങ്കിലും വലിപ്പത്തില്‍ രണ്ടാംസ്ഥാനം തീര്‍ച്ചയായുമുണ്ട്. ജനസംഖ്യ (ഏകദേശം) നാല്പത്തിയഞ്ച് മില്യണ്‍ മാത്രം.. കേരളത്തിന്റെ ഒന്നര ഇരട്ടി. റഷ്യയാണ് മുഖ്യ അയല്‍പക്കം.. ബലാറസ്, പോളണ്ട്, സ്ലോവേക്യ, ഹംഗറി, റൊമാനിയ, മൊള്‍ഡോവ എന്നീ രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്നുണ്ട്‌. കിയേവ് ആണ് തലസ്ഥാനം. പൊതുവേ Kiev എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ എഴുതുന്നതെങ്കിലും ലാറ്റിന്‍ അക്ഷരമാലയില്‍ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന സ്പെല്ലിംഗ് Kyiv (ഉച്ചാരണം കീവ്) എന്നാണ്.

റഷ്യന്‍ ഭാഷയോട് കുറെയൊക്കെ സാമ്യമുള്ള യുക്രൈനിയന്‍ ആണ് ഭാഷ. ജനസംഖ്യയുടെ 77.8 ശതമാനം യുക്രൈനികളും 17.3 ശതമാനത്തോളം റഷ്യക്കാരുമാണ്.

ഏതാനും കിയേവ് ചിത്രങ്ങള്‍ ചുവടെ...

കിയേവ് കുറിപ്പുകള്‍ (ഒന്ന്): കിയേവിലുമുണ്ടൊരു തിരുനക്കര....

കോളേജ്കാലത്ത്, ക്ലാസ് വിട്ടാല്‍ ബസ്‌ കയറാനായി ബസ്സ്റ്റാന്‍ഡിലേയ്ക്ക് പോകുന്നവഴിയാണ് കോട്ടയത്തെ തിരുനക്കരമൈതാനം. മിക്ക ദിവസങ്ങളിലും അവിടെ മീറ്റിംഗ് ഉണ്ടാവും. രാഷ്ട്രീയക്കാര്‍ ഘോരഘോരം പ്രസംഗിക്കും.. ഇന്നത്തെ നേതാക്കളുമായി നോക്കിയാല്‍ അവരൊക്കെ പാവങ്ങളായിരുന്നു.  പ്രസംഗം ഏതാണ്ടിങ്ങനെ...

"ഇക്കാണുന്ന ടാറിട്ട റോഡുകള്‍ നോക്കൂ.. ആരാണിതൊക്കെ ചെയ്തത്.. ആരാണ് കോട്ടയത്ത് മെഡിക്കല്‍കോളേജ് കൊണ്ടുവന്നത്?"

ഒപ്പമുള്ള ഏതെങ്കിലും ഒരു കുരുത്തന്‍കെട്ടവന്‍ അപ്പോള്‍ ഉറക്കെ വിളിച്ചു ചോദിക്കും:

"ഇതൊക്കെ നിന്റെ വീട്ടീന്നു കൊണ്ടുവന്നതാണോടാ?"

കണ്ണുരുട്ടി പേടിപ്പിക്കാന്‍ അന്നത്തെ മൂപ്പില്‍സ് അടുത്തുവരും. പിറകെ കോളേജ്പട വരുന്നതു കാണുമ്പോള്‍ അനുനയിപ്പിക്കും..

"മക്കളെ, അലമ്പുണ്ടാക്കരുത്.. പ്ലീസ്"

എന്തോ മഹാകാര്യം സാധിച്ച മട്ടില്‍ ഞങ്ങള്‍ മുന്നോട്ടു നടക്കും.

അന്നൊന്നും മൈതാനം എന്ന വാക്കിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ചിന്തിക്കേണ്ട ആവശ്യമെന്താണ്? ശുദ്ധ മലയാളംവാക്കല്ലേ..

പക്ഷെ, കിയേവിലും മൈതാനം കണ്ടപ്പോള്‍ അമ്പരന്നു.. ഗൈഡിനോടു ചോദിച്ചപ്പോള്‍ അത് തുര്‍ക്കി വാക്കാണെന്നു പറഞ്ഞു.. ആ വാക്കിന് അറബിക്ക്, പേര്‍ഷ്യന്‍ വേരുകളും ഉണ്ടത്രേ.. തുറസ്സായ സ്ഥലം എന്നാണര്‍ത്ഥം.

കേരളത്തിലെ ഒട്ടുമിക്ക പട്ടണങ്ങളിലും മൈതാനമുണ്ട്.. പക്ഷെ എന്റെ പഴയ കോട്ടയംമനസിന്‌ മൈതാനം തിരുനക്കര തന്നെ.. കലണ്ടര്‍ മനോരമ തന്നെ എന്നൊക്കെ പറയുന്നതുപോലെ.  മറ്റു നാട്ടുകാര്‍ വഴക്കിനു വരേണ്ട.. നമുക്ക് കിയേവ് മൈതാനത്തെക്കുറിച്ച് പറയാം.

ഇതിന്റെ ശരിയായ പേര് Maidan Nezalezhnosti അഥവാ Independence Square എന്നാണ്. യുക്രൈനികള്‍ ഇതിനെ മൈതാന്‍ എന്നു വിളിക്കുന്നു. നമുക്ക് മലയാളീകരിച്ച് മൈതാനം എന്നുതന്നെ വിളിക്കാം.

കിയേവ് നഗരമദ്ധ്യത്തിലെ സിരാകേന്ദ്രമാണ് ഈ മൈതാനം. 1.2 കിലോമീറ്റര്‍ നീളവും, ഏതാണ്ട് നൂറുമീറ്റര്‍ വീതിയുമുള്ള കിയേവിലെ മുഖ്യതെരുവായ ക്രെഷ്യാറ്റിക്ക് ഈ മൈതാനത്തെ രണ്ടായി വിഭജിക്കുന്നു. 1990-ല്‍ റഷ്യയില്‍ നിന്നും സ്വാതന്ത്ര്യം നേടാനുള്ള ശ്രമങ്ങള്‍ മുതല്‍ ഇവിടെ രാഷ്ട്രീയ റാലികളും പ്രധിക്ഷേധങ്ങളും പലവട്ടം അരങ്ങേറി. യുക്രൈന്‍ വിദ്യാര്‍ഥികള്‍ നാട്ടിലെപ്പോലെ നേതാക്കന്മാരുടെ കുട്ടിക്കുരങ്ങുകളല്ല. രാഷ്ട്രീയ പ്രധിസന്ധി ഉണ്ടാകുമ്പോഴോക്കെ അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാറുണ്ട്. 1989, 2001, 2004, 2013-14 എന്നീ വര്‍ഷങ്ങളിലോക്കെ അവര്‍ ഇവിടം പടക്കളമാക്കി. 2001-ല്‍ നടന്ന സമരത്തിന്റെ പേര് ശ്രദ്ധേയമാണ് -  "Ukraine Without Kuchma." Kuchma റഷ്യയുടെ പാവ എന്ന ദുഷ്പേരുണ്ടായിരുന്ന യുക്രൈന്‍ പ്രസിഡന്റ്‌ ആയിരുന്നു കുച്ച്മ. അദ്ദേഹത്തിന് രാജിവച്ച് പോകേണ്ടി വന്നു.  തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നതിന്റെ പേരിലാണ് 2004-ലെ Orange Revolution ഉണ്ടായത്. തിരഞ്ഞെടുപ്പ് വീണ്ടും നടത്തേണ്ടി വന്നു. 

വിദ്യാര്‍ഥികള്‍ ഇത്രയൊക്കെ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടും കാര്യമായ ഫലമൊന്നും ഉണ്ടായില്ല. അധികാരത്തില്‍ വന്നവരൊക്കെ അഴിമതിയില്‍ മുങ്ങിനീന്തി. ചിലരെ പുട്ടിന്‍ വിലയ്ക്കെടുത്തു. യുവതയ്ക്ക് യുക്രൈന്‍ എങ്ങിനെയെങ്കിലും യുറോപ്യന്‍ യുണിയനില്‍ ചേരണം. അതിനായി 2013-14ല്‍ നടന്ന സമരം യുറോമൈതാന്‍ എന്നറിയപ്പെടുന്നു. ഇപ്പറഞ്ഞ ഓരോ സമരത്തിലും രക്തസാക്ഷികള്‍ വേണ്ടുവോളം ഉണ്ടായിട്ടുണ്ട്. അവരുടെ മണ്ഡപങ്ങള്‍ മൈതാനത്തിന്റെ പല ഭാഗത്തും കാണാം.

രാഷ്ട്രീയേതരമായ പല ചടങ്ങുകളും ഇവിടെ നടക്കാറുണ്ട്. യുക്രൈന്‍ സ്വാതന്ത്ര്യദിനം, കിയേവ് നഗരദിനം - ഇതൊക്കെ ഇവിടെത്തന്നെയാണ് ആഘോഷിക്കപ്പെടുന്നത്. 

ഈ മൈതാനത്തെ പേര് പലവട്ടം മാറിയിട്ടുണ്ട്.. 1919-ല്‍ ഇത് സോവിയറ്റ് സ്ക്വയര്‍ ആയി നാമകരണം ചെയ്യപ്പെട്ടു. 1935-ല്‍ ഇത് "കാലിനിന്‍ സ്ക്വയര്‍" ആയി. (മിഖേയില്‍ കാലിനിന്‍ പ്രഥമ Supreme Soviet of the USSR-ന്റെ ചെയര്‍മാന്‍ ആയിരുന്നു). 1976-77-ല്‍ പേര് വീണ്ടും മാറി. ഇത്തവണ ലഭിച്ചത് "ഒക്ടോബര്‍ റെവലൂഷന്‍ സ്ക്വയര്‍" എന്ന പേരായിരുന്നു. 1991-ല്‍ റഷ്യയില്‍ നിന്നും രാജ്യം സ്വതന്ത്രമായതിനുശേഷമാണ് ഇപ്പോള്‍ നിലവിലുള്ള പേരു ലഭിച്ചത്.  പെരുമാറ്റങ്ങളുടെ പൂര്‍ണ്ണ ലിസ്റ്റ് ചുവടെ:

1869: Khreshchatyk Square (Khreshchatitskaya ploshchad)
1876: Council (Parliament) Square (Dumskaya ploshchad)
1919: Soviet Square (Sovetskaya ploshchad)
1935: Kalinin Square (Ploshchad Kalinina)
1941: Council (Parliament) Square (Dumska ploshcha)
1943: Kalinin Square (Ploshchad Kalinina)
1977: Square of the October Revolution (Ploshchad Oktyabrskoi Revolutsyi)
1991: Independence Square (Maidan Nezalezhnosti)

മിഖായേല്‍ മാലാഖ തങ്ങളുടെ സ്വന്തമാണ് എന്ന് കേരളത്തിലെ നീണ്ടൂര്‍, വെളിയനാട് തുടങ്ങിയ ഗ്രാമങ്ങളിലുള്ളവര്‍ വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ക്ക് തെറ്റി. അദ്ദേഹം ഇവിടെയും "ബല്യ പുള്ളി" തന്നെയാണ്. പതിനൊന്നാം നൂറ്റാണ്ടുമുതല്‍ യുക്രൈന്റെ സംരക്ഷകനായാണ് മിഖായേല്‍ മാലാഖ അറിയപ്പെടുന്നത്.  മൈതാനത്തിന്റെ പിന്നിലുള്ള പഴയ ഒരു ഗേറ്റിന്റെ മുകളില്‍ മിഖായേല്‍ മാലാഖയുടെ കൂറ്റന്‍പ്രതിമ കാണാം.

വാരാന്ത്യങ്ങളില്‍ ക്രെഷ്യാറ്റിക്ക് തെരുവില്‍ വാഹനങ്ങള്‍ക്ക് നിരോധനമുണ്ട്. അതുകൊണ്ടുതന്നെ തെരുവ് മുറിച്ചു കടക്കാം. പ്രവര്‍ത്തിദിനങ്ങളില്‍ അണ്ടര്‍പാസിലൂടെ വേണം മറുവശത്ത്‌ എത്തുവാന്‍. ഈ തെരുവ് വാരാന്ത്യങ്ങളില്‍ ജനനിബിഡവും, പ്രവര്‍ത്തിദിനങ്ങളില്‍ വാഹനനിബിഡവുമാണ്.

രസകരമായ കാഴ്ചകള്‍ക്ക് യാതൊരു ക്ഷാമവുമില്ല.

കിയേവ് കുറിപ്പുകള്‍ (രണ്ട്): ഒരു യുക്രൈനിയന്‍ പ്രണയഗാഥ (Mokryna Yurzuk & Luigi Pedutto)

ഇറ്റലിക്കാരന്‍ ലൂഗിയും യുക്രൈന്‍കാരി, മൊക്രിനയും കണ്ടുമുട്ടിയത് 1943-ല്‍. അന്ന് രണ്ടുപേര്‍ക്കും ചെറുപ്പം. പക്ഷെ, റൊമാന്‍സിനു പറ്റിയ സാഹചര്യമായിരുന്നില്ല. ഓസ്ട്രിയയിലെ ഒരു നാസി ലേബര്‍ ക്യാംപില്‍ രണ്ടുപേരും തടവുകാരായിരുന്നു. ആശയവിനിമയം നടത്താന്‍ ഒരു പൊതുഭാഷയില്ലാതിരുന്നിട്ടും അവര്‍ അനുരാഗബദ്ധരായി. പരസ്പരം താങ്ങുംതണലുമായി അവര്‍ ആ കാരാഗ്രഹവാസം കഴിച്ചുകൂട്ടി.

തുണികള്‍ തയ്ക്കുന്ന വര്‍ക്ക്ഷോപ്പിലായിരുന്നു രണ്ടുപേര്‍ക്കും ജോലി. സൌകര്യപ്പെടുംപോഴൊക്കെ ലൂഗി, തന്റെ പ്രേയസിയ്ക്ക് എന്തെങ്കിലും നല്ല വസ്ത്രം തുന്നിക്കൊടുക്കും. വിശ്രമവേളകളില്‍ അവര്‍ കൈകള്‍കോര്‍ത്ത് നിശബ്ദമായി നടക്കും.

യുദ്ധാവസാനം തടവുകാര്‍ മോചിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് പിരിയേണ്ടി വന്നു. തന്റെ പ്രിയതമയെ കാണാനായി അന്നു റഷ്യയുടെ ഭാഗമായിരുന്ന യുക്രൈനില്‍ പോകാന്‍ ലൂഗി ഒരുപാട് ശ്രമിച്ചു. പക്ഷെ, ഇരുമ്പുമറയ്ക്ക് അപ്പുറമുള്ള ഒരാള്‍ക്ക് അന്ന് റഷ്യയില്‍ എത്തുക ഏതാണ്ട് അസാധ്യമായിരുന്നു.

വീണ്ടും ഒരുമിക്കാമെന്ന പ്രതീക്ഷ നശിച്ചതിനാല്‍ രണ്ടുപേരും വേറെ വിവാഹം കഴിച്ചു. പക്ഷെ അവര്‍ രണ്ടുപേരുടെയും ഇണകള്‍ മരിച്ചു. ലൂഗിയുടെ മനസ്സില്‍ നിന്നും മൊക്രിനയുടെ ഓര്‍മ്മകള്‍ മാറിയില്ല.

വര്‍ഷങ്ങള്‍ക്കുശേഷം ലൂഗി “വെയിറ്റ് ഫോര്‍ മീ” എന്ന റഷ്യന്‍ ടെലെവിഷന്‍ ചാനല്‍കാര്‍ക്ക് മൊക്രിനയെ വീണ്ടും കണ്ടുമുട്ടാനുള്ള സാധ്യതകള്‍ ആരാഞ്ഞുകൊണ്ട് കത്തെഴുതി. അപ്പോഴേയ്ക്കും ബെര്‍ലിന്‍മതില്‍ പൊളിഞ്ഞിരുന്നു.

കത്തിന് പ്രയോജനമുണ്ടായി. അവര്‍ മൊക്രിനയെ കണ്ടെത്തി. അപ്പോഴേയ്ക്കും മുത്തശ്ശി ആയിക്കഴിഞ്ഞിരുന്ന അവര്‍ യുക്രൈനിലെ Dnipropetrovsk എന്ന പ്രവശ്യയിലെ ഒരു കൊച്ചുഗ്രാമത്തില്‍ താമസമുണ്ടായിരുന്നു. അങ്ങിനെ 2004-ല്‍ അവര്‍ ടെലെവിഷന്‍ സ്റ്റുഡിയോയില്‍ വച്ച്, ഏതാണ്ട് അറുപത് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കണ്ടുമുട്ടി. അതിനുശേഷം ലൂഗി കൂടെക്കൂടെ ആ ഗ്രാമത്തില്‍ ചെന്ന് തന്റെ പഴയ കാമുകിയെ കാണുമായിരുന്നു.

ഇവരുടെ ജീവിതത്തിന്റെ ഓര്‍മ്മയ്ക്ക് കിയെവില്‍ ഒരു പ്രതിമയുണ്ടാക്കിയിട്ടുണ്ട്. ആ പ്രതിമ സ്ഥാപിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലവും ഉചിതം തന്നെ. ബ്രിഡ്ജ് ഓഫ് ലവേര്‍സ് എന്നറിയപ്പെടുന്ന പാലത്തിന്റെ തൊട്ടടുത്ത്‌ മൊക്രിനയുടെയും ലൂഗിയുടെയും പ്രതിമ ഗൈഡ് കാണിച്ചുതന്നു. പ്രതിമ അനാഛാദനം ചെയ്ത ചടങ്ങില്‍ അപ്പോഴേയ്ക്കും തൊണ്ണൂറു വര്ഷം പ്രായമായിരുന്ന ലൂഗി ഇറ്റാലിയന്‍ ആര്‍മി വേഷത്തില്‍, തൊപ്പിയില്‍ ഒരു നീണ്ട തൂവലുമായി പങ്കെടുത്തു. വികാരാധീനനായി ലൂഗി അവിടെവച്ച് പൊട്ടിക്കരഞ്ഞു.

ദേഹാസ്വാസ്ഥ്യം മൂലം മൊക്രിനയ്ക്ക് ആ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. പകരം അവരുടെ കൊച്ചുമോള്‍ ചടങ്ങില്‍, പ്രതിനിധിയായി സംബന്ധിച്ചു.

പ്രതിമയോടു ചേര്‍ന്നുള്ള ഫലകത്തില്‍ എഴുതി വച്ചിരിക്കുന്നതില്‍ ഈ ഒരു വാചകങ്ങള്‍ ശ്രദ്ധിച്ചു...

"Luigi will remember the Ukrainian beauty with dimples on her cheeks all his life…  And will find her after 60 years. They will meet in 2004 on Inter TV Channel’s Show, ‘Zhdi  Menya’ to reveal to the world that love conquers distances, overpowers time and out-fights wars!"



കിയേവ് കുറിപ്പുകള്‍ (മൂന്ന്): കിയേവിലെ ഗുഹാ ആശ്രമം..

പതിനൊന്നാം നൂറ്റാണ്ടില്‍, ഓര്‍ത്തോഡോക്സ് വിശ്വാസിയായിരുന്ന ആന്റണി എന്നുപേരുള്ള ഒരു സന്യാസി തന്റെ താവളമായിരുന്ന ഗ്രീസിലെ മൌണ്ട് ആതോസ് ഉപേക്ഷിച്ച്, കിയെവിലെത്തി. നീപ്പര്‍ നദിയുടെ കരയിലുള്ള ഒരു ഗുഹയില്‍ അദ്ദേഹം വാസം തുടങ്ങി.  (വോള്‍ഗയും ഡാന്യൂബും കഴിഞ്ഞാല്‍ ദൈര്‍ഘ്യത്തില്‍ യുറോപ്പിലെ മൂന്നാംസ്ഥാനമുള്ള നീപ്പര്‍ - Dnieper - നദിയുടെ കരയിലാണ് കിയേവ് സ്ഥിതി ചെയ്യുന്നത്). കാലക്രമത്തില്‍ സന്യാസികളുടെ എണ്ണം വര്‍ദ്ധിക്കുകയും അവരുടെ ആവശ്യത്തിനായി കിയേവിന്റെ ഭരണാധികാരി ആ ഗുഹ ഉണ്ടായിരുന്ന മല മൊത്തമായി, ഇതിനോടകം അന്റോണിയൈറ്റ്സ്  എന്നറിയപ്പെട്ടിരുന്ന സന്യാസികളുടെ ആവശ്യത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. കാലാന്തരത്തില്‍ കൊന്‍സ്റ്റാന്‍റ്റിനോപ്പിളില്‍ നിന്നുമെത്തിയ ശില്‍പികള്‍ അവിടെ മൊണാസ്ട്രി നിര്‍മ്മിച്ചു. പിന്നീട് അവിടെ ദേവാലയങ്ങളുടെ ഒരു പ്രളയം തന്നെ ഉണ്ടായി. പലതും നശിച്ചു; നശിച്ചവ വീണ്ടും പണിതു.

Kiev Pechersk Lavra എന്നറിയപ്പെടുന്ന ഈ പ്രദേശത്തിന് ഇംഗ്ലീഷില്‍ Cave Monastery of Kiev എന്നു പറയാം. 

ഗുഹാ ആശ്രമം കാണാന്‍ പോയത് ഒരു ഗൈഡിനൊപ്പമാണ്. പള്ളി കണ്ടാല്‍ ഭക്തപരവശയാകുന്ന ഒരു പെണ്‍കുട്ടി - മറീന. കിയെവിലെ യുണിവേര്‍സിറ്റിയില്‍ പഠിക്കുന്നു, ഒപ്പം ഒരു സിനിമാസംവിധായകയാകുന്ന സ്വപ്നം കാണുന്നു. മതത്തെയും, വിശ്വാസത്തെയും ഇല്ലായ്മ ചെയ്യാന്‍ സോഷ്യലിസ്റ്റ്‌ അധികൃതര്‍ കഠിനശ്രമം നടത്തിയ രാജ്യത്തെ കൊച്ചുപെണ്‍കുട്ടിയ്ക്ക് ഇത്ര ഭക്തിയോ! കൂടുതല്‍ സംസാരിച്ചുവന്നപ്പോള്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചതിലേറെ സങ്കീര്‍ണ്ണമാണെന്നു മനസിലായി.  

മറീനയുടെ ബോയ്‌ഫ്രണ്ട് അമേരിക്കയില്‍ ജീവിക്കുന്ന യുക്രൈന്‍വംശജനായ ജൂതനാണ്. രണ്ടുപേരും അഗാധപ്രണയത്തിലാണ്. വിട്ടുപിരിയാന്‍ വയ്യ. പക്ഷെ കക്ഷി, ജീസസിനെ ദൈവപുത്രനായി അംഗീകരിക്കുന്നില്ല.. എന്തു ചെയ്യും? ഭാവിയില്‍ മക്കളെ ഏതു വിശ്വാസത്തില്‍ വളര്‍ത്തും?

"നിന്റെ പ്രശ്നങ്ങള്‍ മനസിലാകുന്നുണ്ട്; പക്ഷെ പരിഹാരം എനിക്കറിയില്ല.."

ഒരു ഇരുപതുവര്ഷം കഴിയുമ്പോള്‍ അവള്‍ ഇന്നത്തെ മറീന ആയിരിക്കില്ല.. വേണ്ട, അനാവശ്യകാര്യങ്ങളില്‍ തലയിടെണ്ട.

ഞങ്ങള്‍ കണ്ടുമുട്ടിയ സ്ഥലത്തുനിന്നും മെട്രോ പിടിച്ച്, Arselana എന്ന സ്റേഷനില്‍ ചെന്നിറങ്ങി. 

One of the deepest underground station in the world - എന്ന റെക്കോര്‍ഡ്‌ ഈ സ്റ്റേഷന് സ്വന്തമാണ്.  ഭൂനിരപ്പില്‍ നിന്നും 105.5 മീറ്റര്‍ താഴെക്കൂടിയാണ് ഇവിടെ ട്രെയിന്‍ പോകുന്നത്. രണ്ട് എക്സലേറ്ററില്‍  കയറി വേണം മുകളില്‍ എത്താന്‍.. രണ്ടു ചെറിയ മയക്കത്തിനുള്ള സമയമുണ്ട്!

അവിടെനിന്നും ബസ് പിടിച്ച് ആശ്രമത്തിന്റെ മുന്നില്‍ വന്നു. മുന്നില്‍ കണ്ട കാഴ്ചകള്‍ അമ്പരപ്പിച്ചു. എവിടെ നോക്കിയാലും സ്വര്‍ണനിറമുള്ള താഴികക്കുടങ്ങള്‍.. 

ലൌകികജീവിതവും ഐഹികസുഖങ്ങളും പരിത്യജിച്ചു കഴിയുന്ന സന്യാസികളുടെ ലോകത്താണ് ഈ ആഡംബരമെല്ലാം.. വലിയ ഷോപ്പിംഗ് മാളുകളില്‍ കടകള്‍ ഉള്ളതുപോലെ തൊട്ടുചേര്‍ന്ന് നിരവധി ദേവാലയങ്ങള്‍.. 

പള്ളികള്‍ കണ്ടുനടന്ന് സമയം പോയതറിഞ്ഞില്ല.. ഗുഹകളില്‍ കടക്കാന്‍ ശ്രമിച്ചപ്പോള്‍, സമയം കഴിഞ്ഞുപോയി എന്ന്‍ കേള്‍ക്കേണ്ടിവന്നു. 

ഗുഹയില്‍ മറ്റൊരു ദിവസം.. ഇനി വേണമെങ്കില്‍ തനിയെ പോകാം..

അവിടെ കണ്ട കാഴ്ചകളുടെ ചിത്രങ്ങള്‍..


കിയേവ് കുറിപ്പുകള്‍ (നാല്): മാമായേവ സ്ലോബോദാ (Mamayeva Sloboda) - പുനര്‍സൃഷ്ടിക്കപ്പെട്ട കൊസാക്ക് ഗ്രാമം

കൊസാക്കുകളുടെ ഉത്ഭവം എവിടെ നിന്നാണെന്ന കാര്യത്തില്‍ തീരുമാനമൊന്നും ഇതുവരെ ഇല്ലെങ്കിലും, അവര്‍ യുക്രൈന്‍കാരായാണ് അറിയപ്പെടുന്നത്.

സ്വാതന്ത്ര്യദാഹം തലയ്ക്കുപിടിച്ച യോദ്ധാക്കളായിരുന്നു അവര്‍. നമ്മുടെ ഗൂര്‍ഖകളോട് തുലനം ചെയ്യാവുന്ന വീരശൂരന്മാര്‍. ഇവര്‍ ഭരണാധികാരികള്‍ക്ക് ഒരേ സമയം അനുഗ്രഹവും ശാപവുമായിരുന്നു. സ്വന്തം സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും, കൂലിപട്ടാളമായും അവര്‍ യുദ്ധം ചെയ്യും. അവരെ തോല്‍പിക്കുക അത്ര അനായാസമായിരുന്നില്ല. റഷ്യന്‍ ചക്രവര്‍ത്തിമാര്‍ക്ക് ഇവര്‍ ഉണ്ടാക്കിക്കൊടുത്ത തലവേദനകള്‍ നിസാരമായിരുന്നില്ല.

ഇവരില്‍ നിന്നും ഏറ്റവും കൂടുതല്‍ ശല്യം ഉണ്ടായത് ഒരു പക്ഷെ പോളണ്ടിനായിരുന്നു. കത്തോലിക്കാരായ പോളണ്ടിന് തങ്ങളുടെ കീഴിലുള്ള പ്രദേശമെല്ലാം മാര്‍പാപ്പയുടെ കീഴിലാക്കണം. കൊസാക്കുകള്‍ കടുത്ത ഓര്‍ത്തോഡോക്സ് വിശ്വാസികളാണ്. അതുകൊണ്ടുതന്നെ അത്തരം നീക്കങ്ങളെ അവര്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തുവന്നു.

പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഒരു ഫ്രെഞ്ചുകാരന്‍  പറഞ്ഞു - Ukraine is a Land of Cossacks.

യുക്രൈനിലെ പരമ്പരാഗത കൊസാക്ക് ജീവിതശൈലി ഇന്നും നിലനിര്‍ത്തിയിരിക്കുന്ന ഒരു സ്ഥലം ഇന്ന് സന്ദര്‍ശിച്ചു.

സത്യത്തില്‍, മറ്റൊരു ഓപ്പണ്‍ എക്സിബിഷന്‍ കാണാനായാണ് ഗൈഡുമായി ഇറങ്ങിയത്. പക്ഷെ, ഗൈഡ്, മറീനയ്ക്കുപോലും അവിടെ ചെന്നെതാനുള്ള വഴി കണ്ടുപിടിക്കാനായില്ല. കുറെ ഇന്റര്‍നെറ്റ് അന്വേക്ഷണവും, ഫോണ്‍ വിളികളും കഴിഞ്ഞപ്പോള്‍ മറീന പറഞ്ഞു.. ഇന്ന് അവധിദിനമാണ്. ഇത്ര കഷ്ടപ്പെട്ട് അവിടെ ചെന്നാല്‍തന്നെ അവിടെ തുറന്നിട്ടുണ്ടോ എന്നറിയില്ല. നമുക്ക് ഒരു കൊസാക്ക് ഗ്രാമം കാണാം.

പോയത് ശരിയ്ക്കും ഒരു ഗ്രമത്തിലേയ്ക്കല്ല.  കിയെവിലെ മൈതാനത്തുനിന്നും ഏഴു കിലോമീറ്റര്‍ മാത്രം അകലെ ഒരിടത്താണ് കൊസാക്ക് ഗ്രാമം പുനര്‍സൃഷ്ടിച്ചിരിക്കുന്നത്. മുമ്പ് St Michael's Golden-Domed Monastery-കാരുടെ വകയായിരുന്ന ഒന്‍പത ഹെക്ടര്‍ സ്ഥലം വിലയ്ക്കു വാങ്ങിയാണ് ഇതൊരുക്കിയിരിക്കുന്നത്. അവധിദിവസം ആയിരുന്നതിനാല്‍ സന്ദര്‍ശകര്‍ നിരവധി ആയിരുന്നു. 

പ്രവേശനത്തിന് അന്‍പത് ഗ്രീവന (ഒരു പൌണ്ട് ഏതാണ്ട് 34 ഗ്രീവനയാണ്) ചാര്‍ജുണ്ട്. മറീന പറഞ്ഞു: "തിരിച്ച് ഒറ്റയ്ക്ക് പോകാമെന്ന് ധൈര്യമുണ്ടെങ്കില്‍ ഞാന്‍ കയറുന്നില്ല.. പോയിട്ട് ചില്ലറ ആവശ്യവും ഉണ്ട്." 

നോ പ്രോബ്ലംസ്..

ടിക്കറ്റ്‌ എടുത്തുതന്നിട്ട് മറീന വിടപറഞ്ഞു പോയി.

അകത്തെ കാഴ്ചകളുടെ ചിത്രങ്ങള്‍ ചുവടെ..

കിയേവ് കുറിപ്പുകള്‍ (അഞ്ച്): കിയേവ് മെട്രോ സിസ്റ്റം

റഷ്യ സോഷ്യലിസ്റ്റ്‌ രാജ്യമാകുന്നതിനു മുന്നേ തന്നെ, 1916-ല്‍ കിയെവില്‍ ഒരു മെട്രോസിസ്റ്റം തുടങ്ങുന്നതിനെക്കുറിച്ച് ആലോചനയുണ്ടായതാണ്. ബോള്‍ഷെവിക്കുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ ആ പദ്ധതി പെട്ടിയിലായി. ജോസഫ്‌ സ്റ്റാലിന്‍ യുക്രൈനിനോട് സ്നേഹപൂര്‍വമായ സമീപനമായിരുന്നില്ല കൈക്കൊണ്ടിരുന്നത്. അദ്ദേഹത്തിന് ഈ രാജ്യത്തോടുണ്ടായിരുന്ന ശത്രുതയുടെ ഏറ്റവും വലിയ തെളിവാണ് ഇവിടെ തൊള്ളായിരത്തി മുപ്പതുകളില്‍ അരങ്ങേറിയ "ഹോളോഡോമോര്‍" എന്നറിയപ്പെടുന്ന ഭക്ഷ്യക്ഷാമം. ഇതിന്റെ ഇരകളായി ഏതാണ്ട് ഒരു കോടി ജനം പട്ടിണി കിടന്ന് മരിക്കുകയുണ്ടായി.

1934-ലാണ് ഖാര്‍ക്കീവ് എന്ന നഗരത്തില്‍ നിന്നും കിയെവിലെയ്ക്ക് യുക്രൈന്റെ തലസ്ഥാനം മാറ്റുന്നത്. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ നഗരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കാന്‍ മെട്രോയല്ലാതെ മറ്റു മാര്‍ഗമില്ലെന്നു അധികാരികള്‍ തിരിച്ചറിയുകയും 1949-ല്‍ കിയേവ് മെട്രോയുടെ പണി ആരംഭിക്കുകയും ചെയ്തു. ഇതിനോടകം റഷ്യന്‍നഗരങ്ങളായ മോസ്ക്കൊയിലും സെന്റ്‌ പീറ്റേഴ്സ്ബെര്‍ഗിലും മെട്രോസംവിധാനം തുടങ്ങിയിരുന്നു. 

പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷം, 1960-ല്‍ മെട്രോ സര്‍വീസ് ആരംഭിക്കുമ്പോള്‍ ആകെ ദൈര്‍ഘ്യം വെറും 5.2 കിലോമീറ്റര്‍ ആയിരുന്നു. വോക്സാല്‍ന മുതല്‍ നീപ്രോ (Vokalzna Station to Dnipro Station) വരെ.  ആ സ്ഥാനത്ത്, ഘട്ടംഘട്ടമായ വികസനത്തിനുശേഷം ഇന്ന് 67.65 കിലോമീറ്റര്‍ ദൈര്‍ഘ്യവും അന്‍പത്തിരണ്ടു സ്റേഷനുകളും ഉണ്ട്. ദിവസം ശരാശരി 1.439 മില്യണ്‍ യാത്രക്കാര്‍ ഇന്ന് കിയേവ് മെട്രോയിലൂടെ സഞ്ചരിക്കുന്നു. നഗരത്തിന്റെ ഗതാഗതത്തിന്റെ മുപ്പത്തിയെട്ടു ശതമാനം മെട്രോയിലൂടെയാണ് നടക്കുന്നത്. 2013-ല്‍ 536.2 മില്യണ്‍ യാത്രക്കാര്‍ മെട്രോ സൗകര്യം പ്രയോജനപ്പെടുത്തിയത്രെ.

മെട്രോ വികസനം തുടരുന്നു. 2030-35 ആകുമ്പോഴേയ്ക്കും മെട്രോയുടെ ദൈര്‍ഘ്യം ഇന്നുള്ളതിന്റെ ഇരട്ടിയാക്കാനാണ് പദ്ധതി.

ലണ്ടനുമായി താരതമ്യം ചെയ്‌താല്‍ ഭൂമിയുടെ വളരെ താഴെക്കൂടിയാണ് മെട്രോട്രെയിന്‍ പോകുന്നത്. Arselana എന്ന സ്റ്റേഷന്‍ One of the deepest stations in the world ആയി അറിയപ്പെടുന്നു.  മിക്ക സ്റ്റേഷനുകളും ബോംബ്‌ ഷെല്‍ട്ടര്‍ കൂടിയാണ്. 

നാല് ഗ്രീവന (1 Pound = 34 Grivna) കൊടുത്താല്‍ കിയെവില്‍ എവിടെയും മെട്രോയിലൂടെ സഞ്ചരിക്കാം. കയറുമ്പോള്‍ ടിക്കറ്റ്‌ റീഡറില്‍ കാണിക്കുക, അത്രതന്നെ. ഒരിക്കല്‍ മെട്രോയില്‍ കയറിക്കഴിഞ്ഞാല്‍, മറ്റു ലൈനില്‍ മാറിക്കയറാന്‍ വീണ്ടും ടിക്കറ്റ് വേണ്ട. വെളിയില്‍ ഇറങ്ങുമ്പോള്‍ ടിക്കറ്റ് എങ്ങും കാണിക്കേണ്ടതില്ല. വളരെ ലളിതവും ചെലവു കുറഞ്ഞതുമായ സംവിധാനങ്ങള്‍. ഒരു മാസത്തേയ്ക്കുള്ള പാസും ലഭ്യമാണ്. 

കിയേവ് മെട്രോയുടെ ഏതാനും ചിത്രങ്ങള്‍ ചുവടെ..

കിയേവ് കുറിപ്പുകള്‍ (ആറ്): ചെര്ണിവിസ്റ്റി എന്ന യുക്രൈന്‍ പട്ടണത്തില്‍...

നേരത്തെ ബുക്ക്‌ ചെയ്തിരുന്നതനുസരിച്ചു വ്യാഴാച വൈകുന്നേരമുള്ള ട്രെയിനില്‍ കയറി കിയെവില്‍ നിന്നും ഏതാണ്ട് 275 കിലോമീറ്റര്‍ ദൂരെയുള്ള ചെര്ണിവിസ്റ്റി എന്ന പട്ടണത്തിലേയ്ക്ക് യാത്ര തിരിച്ചു.

യുറോപ്പിലെ മിക്ക ട്രെയിനും കാണുമ്പോള്‍ ഓര്‍ക്കും - ഇവയൊക്കെ ഇന്ത്യന്‍ ട്രൈനുകളുമായി നോക്കിയാല്‍ എത്ര ചെറുതാണ്.. ആ ധാരണ കിയേവില്‍ നിന്നും ചെര്ണിവിസ്റ്റിയിലെയ്ക്കുള്ള ട്രെയിന്‍ കണ്ടപ്പോള്‍ മാറി. ഏതാണ്ട് നമ്മുടെ കെ.കെ. എക്സ്പ്രസിന്റെ അനുജന്‍. മുന്‍ റഷ്യന്‍ രാജ്യത്തെ ട്രെയിനില്‍നിന്ന് അധികം സൗകര്യം പ്രതീക്ഷിച്ചിരുന്നില്ല.. പക്ഷെ, യാത്ര വളരെ സുഖകരമായിരുന്നു. പുറത്ത് വല്ലാത്ത തണുപ്പുണ്ടെങ്കിലും അകത്ത് ആവശ്യത്തിന് ഹീറ്റിംഗ് ഉണ്ടായിരുന്നു. കമ്പാര്‍ട്ട്മെന്റില്‍ ആകെ നാലു സീറ്റുകള്‍. ഒരു സ്ത്രീ യാത്ര തുടങ്ങുന്നതിനു മുന്നേ ഉറക്കം പിടിച്ചു. പിന്നെ ഉണ്ടായിരുന്ന ഒരാള്‍, പാവ്ലോ. അദ്ദേഹത്തിന് ഇംഗ്ലീഷ് തീരെ വശമില്ല. മൂന്നാമത്തെ യാത്രക്കാരി ഇറീന, മുമ്പ് എയര്‍ ഹോസ്റ്റസ് ആയിരുന്നു. ഇപ്പോള്‍ പുതിയ എയര്‍ ഹോസ്റ്റസുമാരുടെ പരിശീലകയാണ്. നല്ല രീതിയില്‍ ആംഗലേയം വഴങ്ങും. വളരെ ലോഹ്യം കാണിച്ചു. കിടക്കയും ഷീറ്റുമൊക്കെ വിരിച്ചുതന്നു, കൂടാതെ ചായ വരുത്തിതന്നു.. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയാന്‍ മടിക്കരുത്.. യുക്രൈന്‍ ആഥിതേയത്വം നല്ല രീതിയില്‍ അനുഭവപ്പെട്ടു. ഇവിടെയും അഥിതി ദേവോ ഭവ..

യാത്രയില്‍ മൊത്തം ഏതാണ്ട് സുഖമായി ഉറങ്ങി. രാവിലെ ഏഴുമണിയോടെ ചെര്ണിവിസ്റ്റിയില്‍ എത്തി. ബന്ധുവും, അതിലേറെ സുഹൃത്തുമായ എഡ്വിന്‍ സ്റേഷനില്‍ ഉണ്ടായിരുന്നു. ടാക്സിയില്‍ കയറി എഡ്വിന്‍ പഠിക്കുന്ന മെഡിക്കല്‍കോളേജ് ഹോസ്റ്റലില്‍ പോയി. അവിടെ നേരത്തെ ശരിയാക്കിയിരുന്ന ഗ്വസ്റ്റ്  റൂമിന്റെ താക്കോല്‍ വാങ്ങി, പ്രഭാതകര്‍മ്മങ്ങള്‍ കഴിച്ചു. 

അടുത്തൊരു ഭോജനശാലയുണ്ട്, ഒരു വടക്കേയിന്ത്യന്റെ വക. അവിടെ കയറി പ്രഭാതഭക്ഷണം. ഏലം ചേര്‍ത്ത സുന്ദരമായ ചായ..

എഡ്വിന്‍, റൂബന്‍ എന്നിവരോടൊപ്പം ചെര്ണിവിസ്റ്റിയിലെ പ്രശസ്തമായ ചെര്ണിവിസ്റ്റി നാഷണല്‍ യുനിവേര്‍സിറ്റിയില്‍ പോയി.

ചെര്ണിവിസ്റ്റിയെക്കുറിച്ച് ചെറുതായി കുറിക്കട്ടെ..

ചെര്ണിവിസ്റ്റി പ്രവിശ്യയുടെ തലസ്ഥാനം കൂടിയാണ് ചെര്ണിവിസ്റ്റി. ഈ പ്രദേശം 1359 മുതല്‍ 1775 വരെ മൊള്‍ഡോവയുടെ ഭാഗമായിരുന്നു. 1775-ല്‍ ഇത് ഹാപ്സ്ബെര്‍ഗ് സാമ്രാജ്യത്തിന്റെ ഭാഗമായി. 1849-ല്‍ ഈ പ്രദേശത്തിന് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുകയും, ബുക്കൊവീന എന്ന പേരില്‍ ഈ പ്രദേശം അറിയപ്പെടുകയും ചെയ്തു. അക്കാലം തൊട്ട് ഇവിടെ സാമ്സ്ക്കാരികമായും വിദ്യാഭ്യാസപരമായും നല്ല പുരോഗതി ഉണ്ടായി. അങ്ങിനെ ഹാപ്സ്ബെര്‍ഗ് (ഓസ്ട്രിയന്‍) അധികൃതര്‍ സ്ഥാപിച്ചതാണ് മുകളില്‍ പറഞ്ഞ സര്‍വകലാശാല. 1866-ല്‍, ഇത് സ്ഥാപിക്കപ്പെടുമ്പോള്‍  ഇതിന്റെ പേര്  Franz Joseph University എന്നായിരുന്നു.  തുടക്കത്തില്‍, പഠിച്ചിരുന്നവരില്‍ കൂടുതലും യഹൂദരും ഓസ്ട്രിയക്കാരുമായിരുന്നു.  ചെര്ണിവിസ്റ്റിയ്ക്ക് ഇന്നും "കൊച്ചുവിയന്ന" എന്നൊരു അപരനാമമുണ്ട്).

1918 മുതല്‍ 1941 വരെ ഈ (ബുക്കൊവിന) പ്രദേശം റൊമേനിയുടെ ഭാഗമായിരുന്നു. 1941-ല്‍ ഈ പ്രദേശം സോവിയറ്റ് റെഡ് ആര്‍മി കൈയ്യടക്കിയതോടെ, ചെര്ണിവിസ്റ്റിയും ഈ പട്ടണം അടങ്ങുന്ന ബുക്കോവിനയും അന്നു ഒരു സോവിയറ്റ് റിപബ്ലിക്‌ ആയിരുന്ന യുക്രൈന്റെ ഭാഗമായി. ഇന്നും ഇത് യുക്രൈന്റെ ഭാഗം തന്നെ.

ചെര്ണിവിസ്റ്റി ചിത്രങ്ങള്‍ ചുവടെ.

കിയേവ് കുറിപ്പുകള്‍ (ഏഴ്): ചെര്ണിവിസ്റ്റി ഫോട്ടോഫീച്ചര്‍

ഇന്റര്‍നെറ്റ് ഡിസ്റ്റന്‍സ് കാല്‍കുലേട്ടര്‍ പറയുന്നതു ശരിയാണെങ്കില്‍, ഞാന്‍ താമസിക്കുന്ന, മാഞ്ചെസ്റ്ററിനടുത്തുള്ള സ്റ്റോക്ക്പോര്‍ട്ടില്‍ നിന്നും ലണ്ടന്‍ യുസ്റ്റണിലേയ്ക്കുള്ള ദൂരം 331.098 കിലോമീറ്റര്‍. കിയെവില്‍ നിന്നും ചെര്ണിവിസ്റ്റിയിലെയ്കുള്ള ദൂരമാകട്ടെ, അതിന്റെ ഇരട്ടി പോലുമില്ല -  527.706 കിലോമീറ്റര്‍. വെര്‍ജിന്‍ ട്രെയിനില്‍ Stockport-London ദൂരം സഞ്ചരിക്കാന്‍ രണ്ടുമണിക്കൂര്‍ തികച്ചു വേണ്ട. പക്ഷെ ചെര്ണിവിസ്റ്റി-കിയേവ് യാത്ര പന്ത്രണ്ടു മണിക്കൂര്‍ പത്തു മിനിറ്റാണ്.

ഇതിനെ വികസിത രാജ്യവും അവികിസിത രാജ്യവും തമ്മിലുള്ള വ്യത്യാസമെന്നോ മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള അന്തരം എന്നോ ആണ് പറയേണ്ടത്?

വളരെ പണ്ട് മൊള്‍ഡോവയുടെയും, അതിനുശേഷം ആസ്ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്തിന്റെയും, പിന്നീട് റോമാനിയയുടെയും, അവസാനം സോവിയറ്റ് സോഷ്യലിസ്റ്റ്‌ റിപബ്ലിക്‌ ഓഫ് യുക്രൈന്റെയും ഭാഗമായിരുന്ന ചെര്ണിവിസ്റ്റി മനോഹരമാണെന്ന് പറയാതെ വയ്യ.

ചെര്ണിവിസ്റ്റിയില്‍ കണ്ട ഏതാനും കാഴ്ചകള്‍ ചുവടെ....

കിയേവ് കുറിപ്പുകള്‍ (എട്ട്): ചെര്ണിവിസ്റ്റിയിലെ "ലിറ്റില്‍ ഇന്ത്യ"

ചെര്ണിവിസ്റ്റി എന്ന മുമ്പ് പേരുപോലും കേട്ടിട്ടില്ലാത്ത പട്ടണത്തില്‍ പോകാന്‍ തീരുമാനിച്ചതിന്റെ കാരണം അവിടെ കുറെ ഇന്ത്യന്‍ (മലയാളികളടക്കം) വിദ്യാര്‍ഥികള്‍ മെഡിസിനു പഠിക്കുന്നുണ്ട് എന്ന അറിവായിരുന്നു.

എഴുപതുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലിചെയ്തിരുന്ന കാലത്ത് റഷ്യയില്‍ പഠിക്കുന്നവര്‍ ചില ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് അവിടെ വരുമായിരുന്നു. പിന്നീട് ലിബിയയിലെ ട്രിപ്പോളിയില്‍ ഒരു എഞ്ചിനീയറിംഗ് കണ്സല്‍ട്ടന്സി സ്ഥാപനത്തില്‍ ജോലി ചെയ്തപ്പോള്‍ ഒപ്പം  കുറെ ശ്രീലങ്കന്‍ എന്‍ജിനീയര്‍മാര്‍ ഉണ്ടായിരുന്നു, റഷ്യയില്‍ പഠിച്ചവര്‍. അവരിലൊരാള്‍ കിയേവിനെക്കുറിച്ച് പറഞ്ഞിരുന്നത് ഇന്നും ഓര്‍മ്മയുണ്ട്. സ്നേഹമുള്ള ജനമാണ്, എന്നൊക്കെ.

ചെര്ണിവിസ്റ്റിയില്‍ മലയാളികള്‍ ഉണ്ടെന്നു കേട്ടപ്പോള്‍ പത്തില്‍ താഴെ - അതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നില്ല..

അവിടെ  ചെന്നപ്പോള്‍ കാര്യങ്ങള്‍ അങ്ങിനെയൊന്നും ആയിരുന്നില്ല.

ചെര്ണിവിസ്റ്റിയില്‍ ആദ്യമായെത്തിയ മലയാളി ആരായിരുന്നു എന്ന അന്വേക്ഷണം ഫലം കണ്ടില്ല. എങ്കിലും 2007 മുതല്‍ മലയാളികള്‍ ഇവിടെ മെഡിസിന്‍ പഠിക്കാന്‍ വന്നുതുടങ്ങി. 2013-ലാണ് ഏറ്റവും കൂടുതല്‍ പേരെത്തിയത് - 63 പേരുണ്ടായിരുന്നു ആ ബാച്ചില്‍ മാത്രം.

ആറു ബാച്ചിലുമായി ഏതാണ്ട് 175 മലയാളികളുണ്ട്.. മലയാളികള്‍ അല്ലാത്ത ഇന്ത്യാക്കാരുടെ എണ്ണം ആയിരത്തിനു മുകളില്‍ വരും.

നമ്മുടെ കുട്ടികള്‍ പൊതുവേ വളരെ സന്തുഷ്ടരായാണ് അവിടെ കാണപ്പെട്ടത്. പ്രത്യേകിച്ച് അസൌകര്യങ്ങള്‍ ഒന്നുംതന്നെയില്ല.  റേസിസം പോലുള്ള പ്രശ്നങ്ങള്‍ തീരെയില്ല. സാമ്പത്തികലാഭം ഒരു പ്രധാന ഘടകമാണ്.  നാട്ടില്‍ ഡൊണേഷന്‍ കൊടുക്കേണ്ട തുകയുടെ പകുതി (ഏതാണ്ട് ഇരുപതു ലക്ഷം രൂപ) കൊണ്ട് മൊത്തം ട്യുഷന്‍ ഫീസ്‌ കൊടുക്കാം.  നാട്ടിലേതുമായി തട്ടിച്ചുനോക്കുമ്പോള്‍ ജീവിതചെലവും കൂടുതലല്ല. 

വിദ്യാഭ്യാസമേഖലയില്‍ സകല മതമേലധ്യക്ഷന്മാരും അറഞ്ഞുകിടന്നു സേവിക്കുന്ന നമ്മുടെ നാട്ടില്‍ മുടക്കേണ്ടി വരുന്നതിന്റെ പകുതി തുകകൊണ്ട് ഇവിടെ മെഡിക്കല്‍ ഡിഗ്രി കൈയ്ക്കലാക്കാം.. മറ്റൊരു കാര്യം, പഠനസമയം ആറു വര്‍ഷമായതിനാല്‍ നാട്ടിലെയത്രയും ഭാരമില്ല പഠനത്തിന്. കുറെയൊക്കെ ജീവിതവും ആസ്വദിക്കാം. അതിനുള്ള സൌകര്യങ്ങള്‍ വേണ്ടുവോളമുണ്ട്..

എന്നെങ്കിലും യുക്രൈന്‍ യുറോപ്യന്‍ യുണിയന്റെ ഭാഗമാകുമെന്നും, അന്ന് ഇവിടെനിന്നും ലഭിക്കുന്ന ഡിഗ്രി യുറോപ്പില്‍ എവിടെയും അംഗീകരിക്കപ്പെടും എന്നും അവര്‍ പ്രതീക്ഷിക്കുന്നു. 

വലിയൊരു കടമ്പ കടക്കാനുള്ളത്, ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ പരീക്ഷയാണ്. അതത്ര നിസാരമല്ല. പക്ഷെ ഡല്‍ഹിയില്‍ അതിനുള്ള കോച്ചിംഗ് സൌകര്യമുണ്ട്. അതിനുപോയാല്‍ ഏറിയാല്‍ രണ്ടുപ്രാവശ്യം എഴുതിയാല്‍ അതും മറികടക്കാം.

എം.ഡി. പഠിക്കാനുള്ള സൌകര്യവും ഇതേ, ബുക്കൊവിന മെഡിക്കല്‍ യുണിവേര്‍സിറ്റിയിലുണ്ട്. പക്ഷെ ബിരുദാനന്തര കോര്‍സ് യുക്രൈനിയന്‍ ഭാഷയിലാണ്. അതുകൊണ്ട് അതിന് അധികംപേര്‍ ചേരുന്നില്ല. അങ്ങിനെ ചേര്‍ന്ന് പഠിച്ച്, ഇവിടെത്തന്നെ പഠിപ്പിക്കുന്ന ഒരു നേപ്പാളി ഡോക്ടറെ കാണുകയുണ്ടായി. 

ഏതാണ്ട് 55:45 എന്ന അനുപാതത്തിലാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും. 

ആദ്യത്തെ വര്ഷം ഹോസ്റ്റലിലെ മെസ്സില്‍ നിന്നും ഇന്ത്യന്‍ ഭക്ഷണം നല്‍കുന്നുണ്ട്. അതിനുശേഷം എല്ലാവരുംതന്നെ സ്വയം പാചകത്തില്‍ ഏര്‍പ്പെടുന്നു. അതിനുള്ള സൗകര്യം എല്ലാ ഹോസ്റ്റലിലും ഉണ്ട്.

ചെര്ണിവിസ്റ്റിയില്‍ മാത്രമല്ല, ഒഡേസ, ഖാര്‍ക്കീവ് (യുക്രൈന്റെ പഴയ തലസ്ഥാനം) തുടങ്ങിയ പട്ടണങ്ങളിലും ഇന്ത്യന്‍/മലയാളി കുട്ടികള്‍ മെഡിസിന് പഠിക്കുന്നുണ്ട്.  ചെര്ണിവിസ്റ്റിയിലാണ് കൂടുതല്‍പേരും.

മെഡിക്കല്‍ എത്തിക്ക്സിന് കുറെയൊക്കെ പ്രാധാന്യം നല്‍കുന്ന ഈ രാജ്യത്തുനിന്നും പഠിച്ചിറങ്ങുന്ന ഇവരും, കേരളത്തില്‍ എത്തിക്കഴിഞ്ഞാല്‍ അവിടെ ജനത്തെ "സേവിച്ച്" ഇല്ലാതാക്കുന്ന കാപാലികരുടെ സ്വാധീനത്തില്‍ കഴുത്തറുപ്പന്‍മാരായാല്‍ അത്ഭുതപ്പെടെണ്ടതില്ല.

കോളേജുകളല്ല, ആശുപത്രികളാണല്ലോ ഇവരെ മനുഷ്യത്വമില്ലാത്തവരാക്കുന്നത്.

കിയേവ് കുറിപ്പുകള്‍ (ഒന്‍പത്): കിയേവിലെ മിഖായേല്‍ മാലാഖയുടെ ദേവാലയം

രണ്ടു ദിവസങ്ങളായി നല്ല മഴയായിരുന്നു. കാര്യമായി വെളിയില്‍ പോയില്ല. അലക്ക്, തേപ്പ്, പാചകം ഒക്കെയായി കഴിഞ്ഞു. ഇന്ന് രാവിലെ മഴയുണ്ടായിരുന്നെങ്കിലും പിന്നീട് തോര്‍ന്നു. പ്രകാശം കുറവാണെങ്കിലും വാക്കിംഗ് ടൂറിനു പോയപ്പോള്‍ ധൃതിയില്‍ കണ്ട മിഖായേല്‍ പള്ളി ഒന്നു വിശദമായി കണ്ടുകളയാം എന്നുകരുതി വീട്ടില്‍നിന്നുമിറങ്ങി.

ദേവാലയത്തിന്റെ ഔദ്യോഗിക നാമം St Michael's Golden-Domed Monastery എന്നാണ്. ദേവാലയത്തിന്റെ വലിപ്പവും, സ്വര്‍ണ്ണം പൂശിയ നിരവധി താഴികക്കുടങ്ങളുടെ വെട്ടിയുള്ള തിളക്കവും, പള്ളിയ്ക്കുള്ളിലെ അഭാസമായി തോന്നാവുന്ന ആര്‍ഭാടവും അത്ഭുതകരം തന്നെ.

ഈ ദേവാലയത്തിന് വളരെ പഴക്കമുള്ള ചരിത്രമുണ്ട്.

മിഖയേല്‍ റേശ് മാലാഖ എന്നു നമ്മള്‍ വിളിക്കുന്ന, ആര്‍ക്ക് എയ്ഞ്ചല്‍ മിഖയേല്‍ യുക്രൈന്റെയും പ്രത്യേകിച്ച് കിയെവിന്റെയും സംരക്ഷകനാണ്. Patron Saint. ഈ ദേവാലയം ആദ്യമായി നിര്‍മ്മിച്ചത് 1108-ലാണെന്ന് വിശ്വസിക്കപ്പെടുന്നു. അന്നുമുതലെങ്കിലും മാലാഖ നഗരത്തിന്റെ സംരക്ഷകനായിരുന്നിട്ടും, നിരവധി ശക്തികള്‍ രാജ്യത്തെയും നഗരത്തെയും കീഴടക്കി.. മംഗോളിയര്‍, സ്വീഡന്‍, പോളണ്ട്, രണ്ടാംലോകമഹായുദ്ധകാലത്ത് ജര്‍മ്മനി, അതിനു മുമ്പും പിമ്പും റഷ്യ. 1937-ല്‍ റഷ്യക്കാര്‍ ഈ ദേവാലയം ഇടിച്ചുനിരത്തുക വരെ ചെയ്തു. കഥകള്‍ കേട്ടപ്പോള്‍ ഞാന്‍ ടൂര്‍ ഗൈഡിനോടു ചോദിച്ചു:

"ഇത്രയുമൊക്കെ സംഭവിച്ചിട്ട്‌ മാലാഖയുടെ സംരക്ഷണം കാര്യക്ഷമമായിരുന്നില്ല എന്നൊരു തോന്നല്‍ ജനത്തിനുണ്ടോ?"

ഗൈഡിന്റെ മറുചോദ്യം: 

"മാലാഖയുടെ സംരക്ഷണം ഇല്ലായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇതിലും മോശമാകുമായിരുന്നു എന്നും ചിന്തിച്ചുകൂടെ?"

ആ ലോജിക്ക് എനിക്കിഷ്ടപ്പെട്ടു. ഇത്തരം ചില ലോജിക്കിലൂടെയാണല്ലോ വിശ്വാസികളെ പിടിച്ചുനിര്‍ത്തുന്നത്..

1108-ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ദേവാലയം 1240-ലെ മംഗോളിയന്‍ ആക്രമണത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഏറ്റുവാങ്ങി. പിന്നീട് ഘട്ടംഘട്ടമായി ഇതിന്റെ പണി പൂര്‍ത്തിയാക്കുകയും കെട്ടിടം കൂടുതല്‍ വികസിപ്പിക്കുകയും ചെയ്തു. 

പത്തൊന്‍പതു, ഇരുപത് നൂറ്റാണ്ടുകളില്‍ ഇതിനുള്ളിലെ സന്യാസാശ്രമത്തില്‍ 240-ഓളം സന്യാസികള്‍ താമസമുണ്ടായിരുന്നു.

ദേവാലയത്തിനുള്ളില്‍ ഫോട്ടോഗ്രഫി അനുവദനീയമല്ല..

താഴികക്കുടങ്ങളുടെ സുവര്‍ണ്ണനിറത്തെക്കുറിച്ച് ഗൈഡിനോടു ചോദിച്ചു - "സ്വര്‍ണ്ണത്തിന്റെ തകിടാണോ, അതോ സ്വര്‍ണ്ണനിറമുള്ള ചായമാണോ?" 

"രണ്ടുമല്ല.."  അദ്ദേഹം വിശദീകരിച്ചു.

"മെര്‍ക്കുറിയില്‍ തനിസ്വര്‍ണ്ണം ചേര്‍ത്തുണ്ടാക്കിയ ലായനി താഴികക്കുടങ്ങളില്‍ പൂശി. എന്നിട്ട് ചൂടാക്കി മെര്‍ക്കുറി ആവിയാക്കിക്കളഞ്ഞു. പക്ഷെ ഈ പണി ചെയ്യേണ്ടി വന്ന ജോലിക്കാര്‍ പിന്നെയധികം കാലം ജീവിച്ചില്ല.. അവരുടെയെല്ലാം , ആരോഗ്യനില അതിദയനീയമായി. ഏറെത്താമസിയാതെ അവരെല്ലാം ഓരോരുത്തരായി  മരിച്ചു. അവരെല്ലാം തന്നെ ജയിലില്‍ കഴിഞ്ഞിരുന്ന കുറ്റവാളികളായിരുന്നു.  ഈ ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു."

മാലാഖയുടെ കാരുണ്യം...

മുകളില്‍ സൂചിപ്പിച്ചതുപോലെ മതങ്ങള്‍ സമൂഹത്തില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന കമ്മ്യുണിസ്റ്റ് സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ 1937-ല്‍ ഈ ദേവാലയവും പരിസരവും അവര്‍ നിലംപരിശാക്കി. ആ സമയത്ത് യുക്രൈനില്‍ മൊത്തം ഏതാണ്ട് നാല്‍പതിനായിരം പള്ളികള്‍ ഇതുപോലെ നശിപ്പിച്ചുവത്രെ.  

വെറുതെയാണോ, കേരളത്തില്‍ വിമോചനസമരം ഉണ്ടായത്!

ഇന്നു കാണുന്ന ദേവാലയം യുക്രൈന്റെ സ്വാതന്ത്രാനന്തരം, 1999-ല്‍ പുനര്‍നിര്‍മ്മിച്ചതാണ്. 

യു.ക്കെയില്‍ ചിലര്‍ ഏതാനും വര്‍ഷങ്ങളായി മിഖയേല്‍ മാലാഖയുടെ തിരുന്നാള്‍ മലയാളികള്‍ ആഘോഷിക്കാറുണ്ട്.  ഒരു വര്ഷമെങ്കിലും  അതിവിടെ വച്ച് നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. ഓര്‍ത്തോഡോക്സ് സഭക്കാര്‍ സമ്മതിച്ചാല്‍.. 

കത്തോലിക്കാസഭയും ഓര്‍ത്തോഡോക്സ് സഭയും തമ്മിലുള്ള "ഊഷ്മളബന്ധം" വച്ചുനോക്കിയാല്‍ അതത്ര എളുപ്പമായിരിക്കുമെന്നു തോന്നുന്നില്ല..

എങ്കിലും ശ്രമിച്ചു നോക്കാമല്ലോ..

ദേവാലയത്തിന്റെയും പരിസരത്തിന്റെയും ചിത്രങ്ങള്‍...

കിയേവ് കുറിപ്പുകള്‍ (പത്ത്): കിയേവിലെ മാതൃഭൂമി സ്മാരകം അഥവാ റോഡിന മാറ്റ്

നമ്മുടെ മാതൃഭൂമി പത്രത്തിന്റെയോ ആഴ്ച്ചപ്പതിപ്പിന്റെയോ കാര്യമല്ല ഇവിടെ പറയുന്നത്. റഷ്യയിലെ മോസ്ക്കോയിലുള്ള  ഒരു സ്മാരകത്തിന്റെ ചുവടുപിടിച്ച്, രണ്ടാം ലോകമഹായുദ്ധത്തിന്റെ സ്മാരകമായി നിര്‍മ്മിച്ച ഒരു കൊമ്പ്ലെക്സിന്റെ ഭാഗമായ റോഡിനമാറ്റ് ഇംഗ്ലീഷില്‍ The Motherland Monument എന്നു വിളിക്കപ്പെടുന്നു..

അതും, അതിന്റെ കീഴിലുള്ള കെട്ടിടത്തിലെ World War II Museum-ഉം കാണാനായി കഴിഞ്ഞയാഴ്ച ഗൈഡ് മറീനയ്ക്കൊപ്പം പോയിരുന്നു. പക്ഷെ അന്ന് സൂര്യപ്രകാശം തീരെയില്ലാതിരുന്നതിനാല്‍, കണ്ടുവെന്നു വരുത്തി തിരികെ പോരുകയായിരുന്നു. ഇന്നു വീണ്ടുമവിടെ പോയി, വിശദമായി കണ്ടു.

ഇതിന്റെ ഔദ്യോഗികനാമം: National Museum of the History of Ukraine in the Second World War Memorial Complex എന്നാണ്.

നീപ്പര്‍ നദിയുടെ വലത്തെ കരയിലെ മനോഹരമായ കുന്നിന്‍മുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 

സ്റ്റെയിന്‍ലെസ്സ് സ്റ്റീലില്‍ നിര്‍മ്മിച്ച ഭീമാകാരനായ റോഡിനമാറ്റ് രൂപകല്‍പന ചെയ്തത് Yevgeny Vuchetich എന്ന ശില്പിയാണ്.. ഇതിന്റെ ഉയരം  62 മീറ്റര്‍  (203 അടി) ആണ്. 

ഇതിന്റെ ഭാരം 560 ടണ്‍! പ്രതിമയുടെ കൈയിലുള്ള വാളിനു മാത്രം ഒന്‍പതു ടണ്‍ ഭാരമുണ്ട്..)

1950-ല്‍ ഇതേ സ്ഥാനത്ത് സഖാവ് ലെനിന്റെയും സ്റ്റാലിന്റെയും 200 മീറ്റര്‍ ഉയരമുള്ള ഇരട്ട പ്രതിമ സ്ഥാപിക്കാന്‍ പദ്ധതി ഉണ്ടായിരുന്നു. പക്ഷെ, അത് നടക്കാതെപോയി. പിന്നീട് ഇവിടെ ഒരു യുദ്ധസ്മാരകം നിര്‍മ്മിക്കാന്‍ തീരുമാനമായി. 1979-ല്‍ നിര്‍മ്മാണം ആരംഭിച്ച് 1981-ല്‍ അന്നത്തെ റഷ്യന്‍ ഭരണാധികാരിയായിരുന്ന ലിയോനിഡ് ബ്രെഷ്നേവ് ഉല്‍ഘാടനം ചെയ്തു. 

യുക്രൈനില്‍ ഇന്ന് പ്രകടമായ റഷ്യന്‍ വിരുദ്ധതയുടെ ഭാഗമായി ഈ വര്ഷം ഏപ്രില്‍ മാസത്തില്‍ പാര്ലമെന്റ്റ് പാസ്സാക്കിയ നിയമംമൂലം സോവിയറ്റ് അടയാളങ്ങള്‍, തെരുവുകളുടെ റഷ്യന്‍ പേരുകള്‍, സ്മാരകങ്ങള്‍, എന്നിവ ഇല്ലാതാക്കാന്‍ തീരുമാനിച്ചെങ്കിലും ഈ കൊമ്പ്ലെക്സിനെ അതില്‍ നിന്നും ഒഴിവാക്കി.

റോഡിനമാറ്റിന്റെ തൊട്ടടുത്തുള്ള ഗുഹാ ആശ്രമത്തിലെ പള്ളിയുടെ താഴികക്കുടത്തെക്കാള്‍ ഇതിന് ഉയരമുണ്ട് എന്ന കാരണത്താല്‍, പ്രതിമയുടെ കൈയിലുള്ള വാളിന്റെ നീളം വെട്ടിക്കുറച്ചത് ഒരു തമാശയാണ്.

റോഡിനമാറ്റിന്റെ ചിത്രങ്ങള്‍ ചുവടെ.  (മ്യുസിയത്തിനുള്ളിലെ  ചിത്രങ്ങള്‍ മറ്റൊരു പോസ്റ്റായി നാളെ..)


കിയേവ് കുറിപ്പുകള്‍ (പതിനൊന്ന്): കിയേവിലെ രണ്ടാം ലോകമഹായുദ്ധത്തിന്റെ മ്യുസിയം

"War, if you must...
But, for heaven's sake - no war songs"

എന്നെഴുതിയതാരാണെന്ന് ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല.

കലഹപ്രിയത്തിന്റെ കാര്യത്തില്‍, മറ്റാരേക്കാളും മുന്‍പിലായിരുന്നു യുറോപ്യന്‍ ജനത. എന്തും ഏതും യുദ്ധത്തിനുള്ള കാരണമായിരുന്നു അവര്‍ക്ക്. ചില യുദ്ധങ്ങള്‍ നൂറു വര്‍ഷങ്ങള്‍ നീണ്ടുനിന്നിട്ടുണ്ട്. ഒരു മാര്‍ട്ടിന്‍ ലൂഥര്‍ മാര്‍പാപ്പയുടെ അപ്രമാദിത്വം ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് മുപ്പതു വര്‍ഷത്തെ യുദ്ധമാണ് നടത്തിയത്. ഭരണാധികാരികളുടെ രക്തദാഹം ഒരിക്കലും അടങ്ങാത്തതായിരുന്നു. ജനത്തിന് ഇക്കാര്യങ്ങളില്‍ അഭിപ്രായം ഉണ്ടായിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം പ്രകൃതിദുരന്തം പോലൊന്നായിരുന്നു യുദ്ധം. രാജാവ് തീരുമാനിച്ചാല്‍ യുദ്ധം ഉണ്ടാവും. യുദ്ധം ഉണ്ടായാല്‍ പലരും മരിക്കും. അത്രതന്നെ.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തോടെയാണ് ഇത് മനുഷ്യകുലത്തെതന്നെ ഇല്ലാതാക്കുന്ന എടപാടാണ് എന്ന ബോധം അവര്‍ക്കുദിച്ചത്.  അതിനുശേഷം ഇവിടെ യുദ്ധങ്ങള്‍ ഗണ്യമായി കുറഞ്ഞു. രാഷ്ട്രങ്ങള്‍ തമ്മിലുള്ള മുന്‍കാല വൈര്യം ലോകകപ്പ്‌ ഫുട്ബോള്‍ നടക്കുമ്പോള്‍ ഏതാണ്ട് നിര്‍ദ്ദോഷമായ വികാരമായി പുറത്തുവരുന്നത് കാണാം.

യുദ്ധത്തിന്റെ കെടുതികള്‍ ഇനിയും മനസിലാകാത്ത രാഷ്ട്രങ്ങള്‍, നിര്‍ഭാഗ്യവശാല്‍ യുറോപ്പില്‍ ഇന്നുമുണ്ട്. യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കാതെ വളര്‍ന്ന തലമുറ ഇന്ന് മദ്ധ്യവയസ്ക്കരാകുന്നു. പരമ്പരാഗതമായി അവര്‍ക്ക് കിട്ടിയിട്ടുള്ള കലഹപ്രിയത്തില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ ഇതുപോലുള്ള മ്യുസിയങ്ങള്‍ ഉപകരിക്കും.

ആ നിലയ്ക്ക് കിയെവിലെ ഈ മ്യുസിയം - National Museum of the History of Ukraine in the Second World War Memorial - തീര്‍ച്ചയായും പ്രസക്തമാണ്.

ഇന്നലെ അവിടെ സന്ദര്‍ശിച്ചപ്പോള്‍ അതിനുള്ളില്‍ കണ്ട കാഴ്ചകള്‍..

ചിത്രങ്ങള്‍ക്ക്  അടിക്കുറിപ്പുകള്‍ മനപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നു. മനുഷ്യചര്‍മ്മം കൊണ്ട് നിര്‍മ്മിച്ച കൈയ്യുറ, മരിച്ചവരുടെ അസ്ഥികള്‍ പൊടിച്ച് വളമാക്കാന്‍ ഉപയോഗിച്ചിരുന്ന യന്ത്രങ്ങള്‍, വധിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍.... പേടിപ്പെടുത്തുന്ന കാഴ്ചകള്‍ നിരവധിയാണ്. 

സഹജീവിയെ കൊല്ലാന്‍ ആയുധം ഉണ്ടാക്കുന്ന ഏക ജന്തു മനുഷ്യനാണല്ലോ...

കാണുക...

കിയേവ് കുറിപ്പുകള്‍ (പന്ത്രണ്ട്): ചെര്‍ണോബില്‍ മ്യുസിയം

Forsmark - സ്വീഡനിലെ രണ്ടാമത്തെ ന്യൂക്ലിയര്‍ റിയാക്ടര്‍ ആണ്.  അവിടെയൊരു ജോലിക്കാരന്‍ വിശ്രമത്തിനുശേഷം പണിയ്ക്ക് തിരികെപോകുന്നവഴി ഒരു മോണിട്ടര്‍ അസാധാരണമായ റേഡിയേഷന്‍ കാണിക്കുന്നതായി ശ്രദ്ധിച്ചു.  താന്‍ ജോലി ചെയ്യുന്ന പ്ലാന്റില്‍ എന്തോ അപകടം സംഭവിച്ചതാകാം കാരണം എന്നാണ് ആദ്യം തോന്നിയത്. എന്നാല്‍ കൂടുതല്‍ അന്വേക്ഷണങ്ങളില്‍ നിന്ന് ഇതിന്റെ ഉത്ഭവം ആ സ്ഥലത്തുനിന്നും ആയിരത്തി ഒരുന്നൂറു കിലോമീറ്റര്‍ അകലെയുള്ള യുക്രൈനിലെ ചെര്‍ണോബില്‍ ആണെന്നു മനസിലായി.

അവര്‍ ലോകത്തെ ഈ വിവരം അറിയിച്ചു.

സ്വീഡനില്‍ ഇത് ശ്രദ്ധിക്കപ്പെടുന്നതിനു ഏതാണ്ട് 55.5 മണിക്കൂര്‍ മുന്നേ ചെര്‍ണോബിലില്‍ അപകടം സംഭവിച്ചിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1986 ഏപ്രില്‍ ഇരുപത്താറാം തിയതി, വെളുപ്പിനെ 1.23-ന്. സ്വീഡനില്‍ മാത്രമല്ല, മറ്റു സ്കാന്‍ഡിനെവിയന്‍ രാജ്യങ്ങളിലും ഇതനുഭവപ്പെട്ടു. സോവിയറ്റ് അധികൃതര്‍ ഇത്, തുടക്കത്തില്‍ പാടേ നിഷേധിച്ചു. പക്ഷെ, അധികകാലം അത് മറച്ചുവയ്ക്കാനായില്ല. അത്ര ഭീകരമായിരുന്നു അപകടത്തിന്റെ പ്രത്യാഘാതങ്ങള്‍.

ചെര്‍ണോബില്‍ ദുരന്തം എന്നു കേട്ടിട്ടുണ്ടായിരുന്നെങ്കിലും, ഇതിനെക്കുറിച്ച് കൂടുതല്‍ വായിച്ചത് യുക്രൈന്‍ യാത്രയ്ക്കൊരുങ്ങുന്ന സമയത്തുമാത്രമാണ്. 

സമാനതകളില്ലാത്ത ഒരു മാനവദുരന്തരമായിരുന്നു അവിടെ സംഭവിച്ചത്.  ഇതിനെക്കുറിച്ച്‌ പലരും പലതും പറഞ്ഞിട്ടുണ്ട്.. സാങ്കേതികവിദഗ്ദരെ, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ ഉന്നതന്മാര്‍ ഭരിച്ചതിന്റെ പരിണിതഫലമാണ് എന്നൊക്കെ. പരസ്പരം ചെളിവാരിയെറിയല്‍ തുടരട്ടെ.. പക്ഷെ, ലോകത്തിന്റെ നാനാഭാഗത്തും ഇതുപോലുള്ള നൂറുനൂറു ന്യൂക്ലിയര്‍ റിയാക്ടര്‍ ഉണ്ട്. എവിടെയും എന്തും എപ്പോഴും സംഭവിക്കാം. 

ഭോപ്പാലില്‍ ഉണ്ടായ ദുരന്തം നമ്മള്‍ മറന്നിട്ടില്ല. 

സാങ്കേതികവിദ്യയെ ശ്രദ്ധാപൂര്‍വ്വം സ്വീകരിച്ചില്ലെങ്കില്‍ ഒരു ദൈവങ്ങളും നമ്മെ രക്ഷിക്കുകയില്ല എന്നോര്‍ക്കുന്നത് നല്ലതാണ്.

ബെലാറസ്, റഷ്യ, യുക്രൈന്‍ എന്നീ മൂന്നു രാജ്യങ്ങളായിരുന്നു ഈ അപകടത്തിന്റെ പ്രധാന ഇരകള്‍. 

അപകടത്തെ നിയന്ത്രണത്തിലാക്കാന്‍ നിയോഗിക്കപ്പെട്ട ജോലിക്കാര്‍ (ലിക്വിഡേട്ടെര്സ്) അഞ്ചുലക്ഷത്തോളം വരും. അവരില്‍ പകുതിപേരെങ്കിലും മരിച്ചു. ബാക്കിയുള്ളവര്‍ ഇന്ന് വികലാംഗരായി ജീവിക്കുന്നു. ഇതിന്റെ യഥാര്‍ത്ഥ പ്രത്യാഘാതങ്ങള്‍ ഇനിയും ശരിയാംവണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. 

ഈ ദുരന്തത്തെക്കുറിച്ചുള്ള വിക്കിലേഖനത്തില്‍ ഇങ്ങനെ കണ്ടു..

Four hundred times more radioactive material was released from Chernobyl than by the atomic bombing of Hiroshima. The disaster released 1/100 to 1/1000 of the total amount of radioactivity released by nuclear weapons testing during the 1950s and 1960s. Approximately 100,000 km² of land was significantly contaminated with fallout, with the worst hit regions being in Belarus, Ukraine and Russia. Slighter levels of contamination were detected over all of Europe except for the Iberian Peninsula.

The initial evidence that a major release of radioactive material was affecting other countries came not from Soviet sources, but from Sweden. On the morning of 28 April[91] workers at the Forsmark Nuclear Power Plant (approximately 1,100 km (680 mi) from the Chernobyl site) were found to have radioactive particles on their clothes.

It was Sweden's search for the source of radioactivity, after they had determined there was no leak at the Swedish plant, that at noon on 28 April led to the first hint of a serious nuclear problem in the western Soviet Union. Hence the evacuation of Pripyat on 27 April 36 hours after the initial explosions, was silently completed before the disaster became known outside the Soviet Union.

ചെര്‍ണോബിലും പരിസരവും ഇന്നും സുരക്ഷിതമല്ലെങ്കിലും യുക്രൈന്‍ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ പലരും അവിടെ പോകാറുണ്ട്. പല ടൂര്‍ കമ്പനികളും അങ്ങോട്ടുള്ള ടൂര്‍ സംഘടിപ്പിക്കുന്നുണ്ട്. 

അവിടെ പോകേണ്ട, പകരം കിയേവിലുള്ള ചെര്‍ണോബില്‍ മ്യുസിയം കണ്ടുകളയാം എന്നുകരുതി, പലരോടും ചോദിച്ചു വഴി മനസിലാക്കി ഇന്നവിടെ പോയിരുന്നു. പ്രവേശനത്തിനും, ഫോട്ടോയെടുക്കുന്നതിനും ഫീസുണ്ട്. വേറെ തുക നല്‍കിയാല്‍ ഒരു ഇയര്‍ഫോണിലൂടെ ഓഡിയോ ഗൈഡ് ഉണ്ട്. 

സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍...



കിയേവ് കുറിപ്പുകള്‍ (പതിമൂന്ന്): ബാബി യാര്‍ - ഒരു കൂട്ടക്കൊലയുടെ സ്മാരകം...

1941 സെപ്റ്റംബര്‍  19. ജര്‍മ്മന്‍ നാസികള്‍ യുക്രൈന്‍ കീഴടക്കി.  സുഖജീവിതം നയിക്കാനോ, അലസരായി കഴിയാനോയല്ല അവര്‍ എത്തിയത്.. അവര്‍ക്ക് പലതും ചെയ്യാനുണ്ടായിരുന്നു.  ഒരാഴ്ച തികയുന്നതിനു മുന്നേ, ഇരുപത്തിയാറാം തിയതി, നാസി അധികൃതര്‍ കിയെവിലെ യഹൂദരെ ഉന്മൂലനം ചെയ്യാന്‍ തീരുമാനമെടുത്തു. കാര്യങ്ങള്‍ വളരെ വേഗമാണ് നീങ്ങിയത്. അതേത്തുടര്‍ന്ന് നഗരത്തില്‍ വിളംബരമുണ്ടായി..

"കിയേവിലും പരിസരഭാഗങ്ങളിലുമുള്ള യഹൂദര്‍ സെപ്റ്റംബര്‍ 29-ന്, രാവിലെ എട്ടുമണിയ്ക്ക് തങ്ങളുടെ രേഖകള്‍, ധനം, വസ്ത്രങ്ങള്‍ എന്നിവയുമായി ബാബി യാറില്‍ എത്തണം. ഈ ഉത്തരവനുസരിക്കാത്തവരെ കണ്ടുകിട്ടിയാല്‍ വെടിവച്ചു കൊല്ലുന്നതായിരിക്കും. "

ഈ ഉത്തരവനുസരിച്ച്, തങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള എന്തോ പദ്ധതിയാണെന്ന ധാരണയില്‍, അവിടെയെത്തിയ 33,771 പേര്‍ അന്നും പിറ്റെദിവസവുമായി വധിക്കപ്പെട്ടു. 

ഈ സംഭവം നടന്ന് രണ്ടുദിവസങ്ങള്‍ക്കു ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ട്‌ ഇപ്രകാരമായിരുന്നു...

"The difficulties resulting from such a large scale action—in particular concerning the seizure—were overcome in Kiev by requesting the Jewish population through wall posters to move. Although only a participation of approximately 5,000 to 6,000 Jews had been expected at first, more than 30,000 Jews arrived who, until the very moment of their execution, still believed in their resettlement, thanks to an extremely clever organization."

ഒരു ദൃക്സാക്ഷി വിവരണമനുസരിച്ച്, കുട്ടികളും സ്ത്രീകളും അടങ്ങുന്ന ജനം അവിടെയെത്തി, ഘട്ടംഘട്ടമായി അവരുടെ കൈയിലുണ്ടായിരുന്ന സാധനങ്ങള്‍ എല്ലാം പിടിച്ചെടുത്തു. അവസാനഘട്ടത്തില്‍ അവര്‍ക്ക് ധരിച്ചിരുന്ന വസ്ത്രംപോലും ഉപേക്ഷിക്കേണ്ടി വന്നു. മടിച്ചുനിന്നവരെ ചവിട്ടുകയും തൊഴിക്കുകയും ചെയ്തു.  150 മീറ്റര്‍ നീളവും  30 മീറ്റര്‍ വീതിയും  15 മീറ്റര്‍ ആഴവുമുള്ള കുഴിയിലേയ്ക്കാണ് അവര്‍ ആനയിക്കപ്പെട്ടത്. അവരോടു അവിടെ കിടക്കാന്‍ ആജ്ഞാപിച്ചു. പലര്‍ക്കും ശവങ്ങളുടെ മുകളിലാണ് കിടക്കേണ്ടിവന്നത്. ഓരോരുത്തരെയായി തോക്കിനിരയാക്കി.

യഹൂദര്‍ മാത്രമല്ല ഇവിടെ വധിക്കപ്പെട്ടത്. പിന്നീട് സോവിയറ്റ് യുദ്ധതടവുകാര്‍, ജിപ്സികള്‍, കമ്മ്യൂണിസ്റ്റ്‌ വിശ്വാസികള്‍ എന്നിവരും കൊല്ലപ്പെട്ടു. ഒരു ലക്ഷത്തിലേറെ ആള്‍ക്കാര്‍ ഇവിടെ കൊല്ലപ്പെടുകയുണ്ടായി.

മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരുടെ കണക്കനുസരിച്ച് ഇവിടെ പൊലിഞ്ഞ ജീവന്റെ എണ്ണം എഴുപതിനായിരത്തിനും ഒരു ലക്ഷത്തി ഇരുപതിനായിരത്തിനും ഇടയില്‍ വരും. 

യുദ്ധാനന്തരം ജൂതന്മാര്‍ ഇവിടെ ഒരു സ്മാരകം പണിയാന്‍ ശ്രമിച്ചെങ്കിലും, സോവിയറ്റ് അധികൃതര്‍ അതിന് അനുവാദം നല്‍കിയില്ല. 1976-ല്‍ ഇവിടെ കൊല്ലപ്പെട്ട സോവിയറ്റ് തടവുകാരുടെ ഒരു സ്മാരകം നിര്‍മ്മിച്ചു.  റഷ്യയില്‍ നിന്നും മോചിതമായതിനുശേഷം പുതിയ യുക്രൈനിയന്‍ സര്‍ക്കാരാണ് ഇന്നു കാണുന്ന സ്മാരകം നിര്‍മ്മിക്കാന്‍ അനുമതി കൊടുത്തത്.

ബാബി യാറിനെക്കുറിച്ച് ട്രാവല്‍ ഗൈഡില്‍ വായിച്ചിരുന്നു. ഇന്റര്‍നെറ്റില്‍നിന്നും സ്ഥലം മനസിലാക്കി ഇന്നുരാവിലെ Dorohozhychi എന്ന മെട്രോ സ്റ്റേഷനില്‍ എത്തി. ആദ്യം കണ്ട ചെറുപ്പക്കാരനോട്‌ ചോദിച്ചപ്പോള്‍ അയാള്‍ക്ക് ഇംഗ്ലീഷ് അറിയില്ല. ഞാന്‍ വിടാന്‍ ഭാവമില്ല എന്നു കണ്ടപ്പോള്‍, അദ്ദേഹം ആംഗലേയം ലേശം മൊഴിഞ്ഞു തുടങ്ങി. പേര്  ആന്ദ്രെ.. "എന്റെ കൂടെ പോന്നോളൂ, ഞാന്‍ ആ വഴിക്കാണ്"

സന്തോഷം.. ഞാന്‍ ആന്ദ്രെയുടെ പിന്നാലെ നടന്നു. ഏതാണ്ട് മൂന്നു മിനിറ്റ് നടന്നപ്പോള്‍ സ്ഥലത്തെത്തി. വിജനമാണ്. സാധാരണഗതിയില്‍ യഹൂദര്‍ അവരുടെ ചരിത്രം ലോകത്തുള്ളവര്‍ മൊത്തം അറിയണം എന്നാഗ്രഹിക്കുന്നവരാണ്. എന്നിട്ടും അവിടെയെങ്ങും ഇംഗ്ലീഷില്‍ ഒരക്ഷരംപോലും എഴുതിക്കണ്ടില്ല. മടങ്ങുന്ന വഴി ഒരു ശിലാഫലകം കണ്ടു. അതില്‍ മാത്രം അല്പം ഇംഗ്ലീഷ് ഉണ്ടായിരുന്നു.

I will put my breath into you and you shall live again (Ezekiel 37:14)

This cornerstone of the Jewish Heritage Community Centre was laid on the 60th Anniversary of the Babi Yar Massacre 

(September 30, 2001)

അവിടെയെല്ലാം ചുറ്റിനടന്നു കണ്ടപ്പോള്‍ ഒരു സ്ത്രീ പ്രാമില്‍ കുട്ടിയേയും തള്ളിക്കൊണ്ടുവരുന്നു.. അവരുടെ ഫോട്ടോ എടുക്കാന്‍ അനുവാദം ചോദിച്ചു.. സമ്മതം. കക്ഷിയ്ക്ക് ഇംഗ്ലീഷ് അറിയില്ല; പക്ഷെ ഇറ്റാലിയന്‍ അറിയാം. എനിക്ക് ഇറ്റാലിയന്‍ അറിയാമോ ഇല്ലയോ എന്നത് അവര്‍ക്കൊരു പ്രശ്നമായിരുന്നില്ല. തുടരെ സംസാരിച്ചുകൊണ്ടിരുന്നു. മറ്റെവിടെയോ ബാബി യാറിന്റെ വേറെ ചില സ്മാരകങ്ങളും ഉണ്ടെന്ന് വായിച്ചിരുന്നതിനാല്‍ ആംഗ്യഭാക്ഷയില്‍ ഞാന്‍ ആ കാര്യം തിരക്കി. അവര്‍ക്ക് (പേര് അലീന) കാര്യം പിടികിട്ടി.. സ്റ്റേഷന്റെ മറുവശം ചൂണ്ടിക്കാട്ടി.. ഗ്രാന്‍ഡെ പാര്‍ക്ക്.. പിന്നെ അതുതന്നെ എന്ന് കൈകൊണ്ട് ആംഗ്യം.. കാര്യം മനസിലായി.. സ്റ്റേഷന്റെ മറുവശത്ത് ഇതിലും വലിയ പാര്‍ക്കുണ്ട്; അവിടെയാണ് ബാക്കി സ്മാരകം. 

അലീനയോടു വിടപറഞ്ഞ്, ഞാന്‍ അങ്ങോട്ടു പോയി. അവിടെ നഷ്ടബാല്യങ്ങളുടെ ഒരു സ്മാരകം കണ്ടു. അവിടെയെല്ലാം ഒന്നു ചുറ്റിയടിച്ചു..

ഇന്നത്തെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ഇതാ...

കിയേവ് കുറിപ്പുകള്‍ (പതിനാല്): കിയേവിലെ ഹോളോഡൊമോര്‍ (യുക്രൈന്‍ ഭക്ഷ്യക്ഷാമം) സ്മാരകം.

സിറിയയില്‍ ഇന്നു നടക്കുന്ന  ആന്റി-ടെററിസം ഓപ്പറേഷന്‍മൂലം ഒരു ലോകഹീറോ ആയിരിക്കുന്ന പുട്ടിന്‍, പക്ഷെ യുക്രൈനില്‍ വെറുക്കപ്പെട്ടവനാണ്. അതിശക്തനായ പുട്ടിനെ തോല്പിക്കാന്‍ തങ്ങള്‍ക്കാവില്ല എന്നറിയാവുന്ന അവര്‍ പരിഹാസമെന്ന ആയുധം ഉപയോഗിച്ചാണ് പുട്ടിനെ നേരിടുന്നത്. ഏത് സുവനീര്‍ ഷോപ്പിലും കാണാവുന്ന ഒരു ഐറ്റം ഉണ്ട് – പുട്ടിന്റെ പടമുള്ള ടോയിലെറ്റ് ടിഷ്യൂ..

സോവിയറ്റ് ഭരണത്തിന്‍കീഴില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ യാതനകള്‍ അനുഭവിച്ച റിപബ്ലിക്ക്‌ യുക്രൈന്‍ ആയിരുന്നു. അതിന്റെ കാരണം, സ്റ്റാലിന്‍ ഇവരെ വെറുത്തിരുന്നു എന്നതാണ്.

യുക്രൈന്‍ നേരിടേണ്ടിവന്ന ഏറ്റവും വലിയ ദുരന്തം, ചെര്‍ണോബില്‍ ആയിരുന്നില്ല. 1932-33-ല്‍ കൃത്രിമമായി സൃഷ്ടിച്ച ഭക്ഷ്യക്ഷാമം (ഹോളോഡൊമോര്‍ എന്ന പേരിലാണ് അതറിയപ്പെടുന്നത്) ആയിരുന്നു. അതിനുമുമ്പും (1921-22)  അതിനുശേഷവും (1946-47) ഇവിടെ ഭക്ഷ്യക്ഷാമം ഉണ്ടായി. പക്ഷെ അതുരണ്ടും ഹോളോഡൊമോറുമായി തുലനം ചെയ്‌താല്‍ നിസ്സാരമായിരുന്നു.

ഇതിന്റെ ചരിത്രത്തിലേയ്ക്ക് കടക്കുന്നതിനുമുമ്പ് ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ. യുക്രൈനില്‍ ഏതാണ്ട് നാല്‍പതു മില്യണ്‍ ഹെക്ടര്‍ നല്ല വളക്കൂറുള്ള കാര്ഷികഭൂമിയുണ്ട്. യുറോപ്പിന്റെ “ബ്രെഡ്‌ബാസ്ക്കറ്റ്” ആകാനുള്ള സകല യോഗ്യതയും ഉള്ള രാജ്യത്താണ് ഈ ക്ഷാമം സൃഷ്ടിച്ചതെന്നോര്‍ക്കുക.

1922 -ല്‍ അന്ന് ഭരണാധികാരിയായിരുന്ന ലെനിന്‍ യുക്രൈനെ ഒരു സോവിയറ്റ് റിപബ്ലിക്‌ ആയി പ്രഖ്യാപിച്ചു. 1924-ല്‍ ജോസഫ്‌ സ്റ്റാലിന്‍ അധികാരമേല്‍ക്കുന്നു. 1928-ല്‍ Agricultural Collectivization എന്ന പദ്ധതി രാജ്യത്തുടനീളം നടപ്പിലാക്കി. പുതിയ പദ്ധതിയനുസരിച്ച് കര്‍ഷകര്‍ അവരുടെ കൃഷിസ്ഥലം, പണിയായുധങ്ങള്‍, ലൈവ്സ്റ്റോക്ക് ഇവയെല്ലാം ഫാക്ടറി മോഡലിലുള്ള Collective Farms-നു നല്‍കണം. അങ്ങിനെ ഉത്പാദിപ്പിക്കപ്പെടുന്ന ധ്യാന്യം ഗ്രാമവാസികള്‍ക്കും നഗരവാസികള്‍ക്കും ഉപകാരപ്പെടുന്നതിനു പുറമേ, മിച്ചം വരുന്ന ധാന്യം കയറ്റുമതി ചെയ്ത്, വ്യാവസായികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്നതായിരുന്നു ലക്‌ഷ്യം.

അതുവരെയും സ്വതന്ത്രരായി കഴിഞ്ഞിരുന്ന ഭൂവുടമകള്‍ ഇതിനെ ശക്തമായി ചെറുത്തു. പുതിയ വ്യവസ്ഥിതി അവരെ പഴയകാല അടിമത്വത്തിലെയ്ക്ക് തിരികെകൊണ്ടുപോകും എന്നവര്‍ വിശ്വസിച്ചു. ഇതിനെ വര്‍ഗസമരമായി വിശേഷിപ്പിച്ചാണ് സ്റ്റാലിന്‍ ഈ ചെറുത്തുനില്‍പ്പിനെ നേരിട്ടത്. ഇവരെ വര്‍ഗശത്രുക്കാളായി പ്രഖ്യാപിച്ചു; ആ വര്‍ഗത്തെ ഇല്ലായ്മ ചെയ്യാനും തീരുമാനമായി.

ആയുധധാരികളായ പ്രത്യേകസൈന്യം കൃഷിഭൂമിയെല്ലാം ബലം പ്രയോഗിച്ച് പിടിച്ചെടുത്തു. ഏതാണ്ട് അഞ്ചുലക്ഷത്തോളം വരുന്ന വ്യക്തികളെ അവരുടെ വീടുകളില്‍നിന്നും വലിച്ചിഴച്ചു. അവരെയെല്ലാംതന്നെ ട്രെയിനില്‍ കയറ്റി സൈബീരിയപോലുള്ള സ്ഥലങ്ങളിലേയ്ക്ക് നാടുകടത്തി. അതിലുണ്ടായിരുന്ന കുട്ടികള്‍ മിക്കവരും ലക്ഷ്യസ്ഥലത്തെത്തുന്നതിനു മുന്നേതന്നെ മരിച്ചിരുന്നു.

വന്‍കിടകര്‍ഷകര്‍ക്കെല്ലാം അവരുടെ ഭൂമി നഷ്ടമായി. ചെറുകിടകര്‍ഷകര്‍ക്ക് നല്‍കേണ്ട ധാന്യത്തിന്റെ ക്വോട്ട നിശ്ചയിച്ചു. 1932-ല്‍ ഇത് ഗണ്യമായി വര്‍ദ്ധിപ്പിച്ചു. സ്വന്തം കൃഷിഭൂമിയില്‍ നിന്നും ഒരുപിടി ധാന്യവുമായി ആരെങ്കിലും – കൊച്ചുകുട്ടികള്‍ ആണെങ്കില്‍പോലും – പോകുന്നതുകണ്ടാല്‍ അവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവായി. മറ്റു സോവിയറ്റ് റിപബ്ലിക്കുകളില്‍ നിന്നും ആയുധധാരികളെ എത്തിച്ച് ഇതിനെല്ലാം മേല്‍നോട്ടം ചെയ്യുന്നതിന്റെ ചുമതല ഏല്പിച്ചു. അവര്‍ വീടുകള്‍തോറും കയറിയിറങ്ങി ഒളിപ്പിച്ചുവച്ചിരുന്ന ഭക്ഷ്യവസ്തുക്കളെല്ലാം പിടിച്ചെടുത്തു.

1933 ജൂണ്‍ മാസമായപ്പോള്‍ പ്രതിദിനം മുപ്പതിനായിരംപേര്‍ പട്ടിണിമൂലം മരിച്ചുകൊണ്ടിരുന്നു. അവരില്‍ മൂന്നിലൊന്നുപേര്‍ പത്തുവയസിനു താഴെയുള്ള കുട്ടികളായിരുന്നു. യുക്രൈനില്‍ 1932-34 കാലയളവില്‍ നാല്പതുലക്ഷം പേര്‍ പട്ടിണിമൂലം മരിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്.

നയതന്ത്രചാനലുകളിലൂടെ പുറംലോകത്ത് ഈ വിവരമെത്തിയെങ്കിലും സ്റ്റാലിന്‍ അതെല്ലാം അപ്പാടെ നിഷേധിച്ചു. എല്ലാം അറിഞ്ഞിട്ടും അമേരിക്കയും ഇതിനുനേരെ കണ്ണടച്ചു. അവരുടെതായ സ്ഥാപിതതാല്പര്യം അവര്‍ക്കുണ്ടായിരുന്നു – സോവിയറ്റ് യുണിയനുമായുള്ള ആകര്‍ഷകമായ ട്രേഡ് ഉടമ്പടികള്‍..

വര്‍ഷങ്ങള്‍ക്കുശേഷം യുക്രൈന്റെ പ്രവാസിസമൂഹം ഈ ദുരന്തത്തെ ഒരു Tragic, Massive Genocide ആയി അംഗീകരിക്കണം എന്നാവശ്യപ്പെട്ടെങ്കിലും ഫലമൊന്നും ഉണ്ടായില്ല. 1980-നു ശേഷമാണ് ഇതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പുറംലോകത്തെ ജനത്തിനു ലഭിക്കുന്നത്. യുട്യുബില്‍ Harvest of Despair എന്ന വാക്കുകള്‍കൊണ്ട് പരതിയാല്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കാണാം.

2006  നവംബര്‍ 28-ന്, അപ്പോഴേയ്ക്കും റഷ്യയില്‍ നിന്നും സ്വതന്ത്രമായ യുക്രൈന്റെ പാര്ലമെന്റ്റ് ഹോളോഡൊമോറിനെ A Deliberate Act of Genocide ആയി പ്രഖ്യാപിച്ചു. കിയെവില്‍ ഇതിന്റെ ഒരു സ്മാരകവും നിര്‍മ്മിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ സ്മാരകം കണ്ടതിനുശേഷം ഈ സ്മാരകവും കണ്ടു. സ്മാരകത്തിന്റെ ചിത്രങ്ങള്‍ ചുവടെ.

കിയേവ് കുറിപ്പുകള്‍ (പതിനഞ്ച്): കിയെവിലെ ഫ്ലോട്ടിംഗ് ചര്ച്ച് (St. Andrew's Church, Kiev)

ക്രിസ്തുശിഷ്യരില്‍ തോമയെ നമ്മള്‍ സ്വന്തമാക്കിയപ്പോള്‍ യുക്രൈന്‍കാര്‍ കൈയുംകെട്ടി നിന്നില്ല. അവരും സ്വന്തമാക്കി, മറ്റൊരു ശിഷ്യനെ.. അന്ത്രയോസ് എന്നു നമ്മള്‍ വിളിക്കുന്ന സെന്റ്‌ ആണ്ട്രൂസ്..

ഇന്നാട്ടില്‍ വിശ്വസിക്കപ്പെടുന്ന ഐതിഹ്യമനുസരിച്ച് ഒന്നാം നൂറ്റാണ്ടില്‍, നീപ്പര്‍ നദി വഴി അന്ത്രയോസ് ഇവിടെ വരികയും അന്ന് ആള്‍താമസം തീരെയില്ലാതിരുന്ന ഈ സ്ഥലം ഒരു വലിയ നഗരമാകുമെന്നും ഇവിടെ നിരവധി പള്ളികള്‍ ഉയരുമെന്നും പ്രവചിക്കുകയുമുണ്ടായി. അദ്ദേഹം അന്ന് ഒരു കുരിശു നാട്ടി. ആ കുരിശു നാട്ടിയെന്നു വിശ്വസിക്കപ്പെടുന്ന അതേ സ്ഥലത്ത് 1215-ല്‍ ഒരു ദേവാലയം നിര്‍മ്മിച്ചു. പക്ഷെ, മംഗോളിയന്‍ ആക്രമണത്തില്‍ അത് തകര്‍ക്കപ്പെട്ടു. അതിനുശേഷം നിരവധി, തടിയിലുണ്ടാക്കിയ ദേവാലയങ്ങള്‍, അവിടെ നിര്‍മ്മിക്കപ്പെട്ടു. ഒന്നു തകരുമ്പോള്‍ മറ്റൊന്ന് പണിയും. ആ പരമ്പരയില്‍ നിര്‍മ്മിക്കപ്പെട്ട അവസാനത്തെ പള്ളി 1725-ല്‍ പൊളിച്ചുകളഞ്ഞു.  

റഷ്യന്‍ ഭരണാധികാരി ആയിരുന്ന എലിസബത്ത് ചക്രവര്‍ത്തിനി കിയെവില്‍ ഒരു സമ്മര്‍പാലസും, അവരുടെ സ്വന്തം ആവശ്യത്തിന് പള്ളിയും പണിയാന്‍ തീരുമാനിച്ചു. പള്ളിയ്ക്ക് തിരഞ്ഞെടുത്ത സ്ഥലം, പണ്ട് അന്ത്രയോസ് കുരിശു നാട്ടിയ, അപ്പോള്‍ ഒഴിഞ്ഞുകിടന്ന, സ്ഥലമാണ്. 1744-ല്‍ ചക്രവര്‍ത്തിനി ദേവാലയത്തിന്റെ തറക്കല്ലിട്ടു. ബറോക്ക് ശൈലിയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച ദേവാലയത്തിന്റെ രൂപകല്പനയുടെയും നിര്‍മ്മാണത്തിന്റെയും ചുമതല Bartolomeo Rastrelli-യ്ക്കായിരുന്നു. പുറംപണികള്‍  1754-ല്‍ പൂര്‍ത്തീകരിചെങ്കിലും ഉള്ളിലെ പണികള്‍ തീരാന്‍ പതിമൂന്നുവര്ഷം കൂടി കാത്തിരിക്കേണ്ടി വന്നു. അങ്ങിനെ 1767-ല്‍ ഇന്നു കാണുന്ന മനോഹരമായ സെന്റ്‌ ആണ്ട്രൂസ് ദേവാലയം പൂര്‍ത്തിയായി. ഈ ദേവാലയം ചക്രവര്‍ത്തിനിയുടെ സ്വന്തം ആവശ്യത്തിനായി നിര്‍മ്മിച്ചതിനാല്‍ ഇതില്‍ ബെല്‍ ടവര്‍ ഇല്ല എന്നൊരു പ്രത്യേകത ഇതിനുണ്ട്. വിധിവൈപരീത്യം, ചക്രവര്ത്തിനിയ്ക്ക് പൂര്‍ത്തിയായ ദേവാലയം കാണാന്‍പോലും സാധിച്ചില്ല. 

ഒരു കുന്നിന്റെ അറ്റത്താണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ കെട്ടിടം പറക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന പ്രതീതി തരുന്നുണ്ട്.. അങ്ങിനെ ഇതിന് ഫ്ലോട്ടിംഗ് ചര്ച്ച് എന്നൊരു അപരനാമവും ഉണ്ട്.

അന്ത്രയോസ് കുരിശു നാട്ടിയ സ്ഥലത്ത് നിര്‍മ്മിച്ച പള്ളികള്‍ക്കെല്ലാം എന്തോ ശാപമുണ്ട്. ഇതിനുമുമ്പുണ്ടായതൊക്കെ ഇല്ലാതായി. ഇപ്പോഴുള്ള ദേവാലയത്തിനും സാരമായ സാരമായ Structural Problems ഉണ്ട്. മരാമത്തുപണികള്‍ വര്‍ഷങ്ങളായി തുടരുന്നു..

It is currently one of four architectural landmarks of Ukraine, which were put down on the List of Mankind Treasures of Five Continents by the world society.

ഫ്ലോട്ടിംഗ് ചര്ച്ച് കാണാന്‍ പോയവഴി കണ്ട കാഴ്ചകളും പള്ളിയുടെ  അകത്തെയും പുറത്തെയും കാഴ്ചകള്‍ ചുവടെ കൊടുക്കുന്ന ചിത്രങ്ങളിലുണ്ട്.