Friday, 6 February 2015

റഷ്യന്‍ചരിത്രം (ഏഴ്)

അന്തരിച്ച, പുതിയ ചക്രവര്‍ത്തിയുടെ മരണത്തിനു പിന്നില്‍ (അന്ന് പത്തുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന) പീറ്ററിന്റെ അമ്മയുടെ ബന്ധുക്കളാണ് എന്നൊരു കിംവദന്തി സോഫിയ വിജയകരമായി പ്രചരിപ്പിച്ചു. റഷ്യക്കാര്‍ ഇതു വിശ്വസിച്ച് ഇളകിമറിഞ്ഞു. പട്ടാളം പ്രതികാരത്തിനൊരുങ്ങി. പിന്നീടങ്ങോട്ട്, ഒരു പത്തുവയസ്സുകാരന്‍ ഒരുകാരണവശാലും കാണരുതാത്ത കാഴ്ചകളാണ് പീറ്ററിന് സാക്ഷ്യം വഹിക്കേണ്ടിവന്നത്. കുട്ടിയുടെ അമ്മാവന്മാരേയും, മറ്റു ബന്ധുക്കളെയും കൊട്ടാരത്തിന്റെ മുകളില്‍ നിന്ന് താഴെയ്ക്കെറിയുകയും, അവിടെനിന്ന് വലിച്ചുകൊണ്ട് നഗരമധ്യത്തില്‍ കൊണ്ടുപോയി, അവരുടെ ശരീരം വെട്ടിനുറുക്കുകയും ചെയ്തു. തങ്ങളെയും കൊന്നുകളയുമോ എന്ന ഭീതിയില്‍ പീറ്ററും അമ്മയും മൂന്നു ദിവസങ്ങള്‍ കഴിച്ചുകൂട്ടി.
ബാലനായ പീറ്റര്‍ (വിക്കിപീഡിയ ചിത്രം)

കിരീടാവകാശിയായ കുട്ടിയെ കൊല്ലുന്നത് ചക്രവര്‍ത്തിയെ കൊല്ലുന്നതിനു തുല്യമാണ്. ഭാഗ്യവശാല്‍ അതിനാരും മുതിര്‍ന്നില്ല.

അന്നുവരെയും റഷ്യയില്‍ ഒരു സ്ത്രീയും അധികാരത്തില്‍ വന്നിട്ടില്ല (പക്ഷെ, പിന്നീട് അത് സംഭവിച്ചു..). കീഴ്‌വഴക്കം മാനിച്ച്, സോഫിയ കണ്ടെത്തിയ മാര്‍ഗം ഇതായിരുന്നു...

അര്‍ദ്ധ-സഹോദരന്മാരായ പീറ്ററും ഇവാന്‍ അഞ്ചാമനും സാര്‍ ആയി വാഴിക്കപ്പെട്ടു. കുട്ടികളായ അവര്‍ പ്രത്യേകം പണികഴിപ്പിച്ച ഇരട്ടസിംഹാസനത്തില്‍ ഇരുന്നു. പീറ്ററിന്റെ ഇരിപ്പടത്തിന്റെ പിന്നിലെ ജനാലയില്‍ മറഞ്ഞിരുന്ന് സോഫിയ സാമ്രാജ്യം ഭരിച്ചു.

വളരെ ചെറുപ്പം മുതലേ, പീറ്ററിന് മരപ്പണിയില്‍ താല്പര്യമുണ്ടായിരുന്നു. അതുപോലെതന്നെ ലോഹപ്പണിയും കല്ലുകൊണ്ടുള്ള പണികളും കുട്ടിയെ ആകര്‍ഷിച്ചിരുന്നു. പതിമൂന്നാം വയസ്സില്‍ പീറ്റര്‍ മോസ്ക്കോയുടെ വെളിയില്‍ തടികൊണ്ടൊരു കോട്ടയുണ്ടാക്കി, കുറെ കുട്ടികളെ തന്റെകൂടെ കൂട്ടി വാര്‍-ഗയിംസ് ആരംഭിച്ചു. ഇത് വെറും കുട്ടിക്കളികളായിരുന്നില്ല. ഒരു ദിവസം ഇരുപത്തിനാല് കുട്ടികള്‍ കളികള്‍ക്കിടയിലെ അപകടത്തില്‍ മരിക്കുകയുണ്ടായി.

സത്യത്തില്‍ ഈ കുട്ടിസാര്‍ തന്റെ ജീവനെയും അധികാരത്തെയും സംരക്ഷിക്കാന്‍ പരിശീലിക്കുകയായിരുന്നു.

കാലാന്തരത്തില്‍ അധികാരം മുഴുവന്‍ സോഫിയയില്‍ കേന്ദ്രീകൃതമായി. ഏതാണ്ട് പതിനേഴു വയസിലെത്തിയപ്പോള്‍ പീറ്റര്‍ ആറടി ഏഴിഞ്ച്‌ പൊക്കമുള്ള ആജാനബാഹുവായി. ക്ഷിപ്രകോപിയും. 1689-ല്‍ പീറ്റര്‍ സോഫിയയുമായി ഏറ്റുമുട്ടാനൊരുങ്ങി. എല്ലാവരും സോഫിയയ്ക്ക് എതിരായി. അവര്‍ ഒരു സന്യാസാശ്രമത്തില്‍ അടയ്ക്കപ്പെട്ടു. ശിഷ്ടകാലം മുഴുവന്‍ ആശ്രമത്തിനുള്ളില്‍, സന്യാസിനിയായി കഴിഞ്ഞു.

പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യകാലമായെങ്കിലും യുറോപ്പിലെ നവോഥാനമോ, ശാസ്ത്രീയപുരോഗതികളോ റഷ്യയില്‍ സ്വാധീനം ചെലുത്തിയിരുന്നില്ല. പക്ഷെ, പീറ്റര്‍ ഒരു ആധുനിക ചിന്താഗതിക്കാരനായിരുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളും, ചിന്താഗതികളും, വേഷവിധാനങ്ങള്‍ പോലും പീറ്ററിനെ വല്ലാതെ ആകര്‍ഷിച്ചു.

1696-ല്‍ തന്റെ കോ-സാര്‍ ആയിരുന്ന ഇവാന്‍ അഞ്ചാമന്‍ അന്തരിച്ചു.

റഷ്യയെ ആധുനികരിക്കാന്‍ ഏറ്റവും ആവശ്യമായി പീറ്ററിന് തോന്നിയത് കപ്പലുകളാണ്. യുദ്ധം ചെയ്യാന്‍, സഞ്ചരിക്കാന്‍, ചരക്കുകള്‍ നീക്കാന്‍ - ഇതിനൊക്കെ കപ്പലുകള്‍ വേണം. പക്ഷെ റഷ്യയ്ക്ക് കടലോ സമുദ്രതീരമോ തുറുമുഖമോ ഉണ്ടായിരുന്നില്ല. വടക്കുള്ള ബാള്‍ട്ടിക്ക് കടല്‍ സ്വീഡന്റെയും പോളണ്ടിന്റെയും അധീനതയിലായിരുന്നു. തെക്കുവശത്തുള്ള കരിങ്കടല്‍ ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ കീഴിലും.

ഏതുവിധേനയും റഷ്യയ്ക്കും സ്വന്തമായി ഒരു തുറുമുഖം ഉണ്ടാകണമെന്ന് പീറ്റര്‍ നിശ്ചയിച്ചു. ഇരുപത്തിമൂന്നാം വയസില്‍ തന്റെ സൈന്യവുമായി പീറ്റര്‍ കരിങ്കടല്‍ പിടിച്ചടക്കാന്‍ മാര്‍ച്ചു ചെയ്തു. പക്ഷെ, ഒട്ടോമാന്‍സൈന്യത്തിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ, റഷ്യന്‍സേനയ്ക്ക് പരാജിതരായി പിന്‍വാങ്ങേണ്ടി വന്നു.

എങ്ങിനെയും സ്വന്തമായി ഒരു നാവികപ്പട ഉണ്ടാക്കുമെന്ന് പീറ്റര്‍ ഉറച്ചുതീരുമാനിച്ചു.

റഷ്യന്‍ ചരിത്രം (എട്ട്)

പീറ്റര്‍ ചക്രവര്‍ത്തി, അന്നുവരെ റഷ്യയില്‍ ആരും കണ്ടിട്ടില്ലാത്തത്ര മികച്ച കപ്പല്‍ നിര്‍മ്മിക്കാന്‍ ഉത്തരവിട്ടു. അതിനായി അനുവദിച്ചുകൊടുത്തത് അഞ്ചു മാസത്തെ സമയവും. .

ഉത്തരവിടുകമാത്രമല്ല, അതിന്റെ പണിയുമായി പൂര്‍ണ്ണമായും ചക്രവര്‍ത്തി സഹകരിച്ചു. ഏതൊരു തൊഴിലാളിയെയും പോലെ ചക്രവര്‍ത്തിയും ശാരീരികമായി ഇതിനായി മറ്റുള്ളവര്‍ക്കൊപ്പം അധ്വാനിച്ചു.
Peter The Great (വിക്കിപീഡിയ ചിത്രം)
താമസിയാതെ ഡോണ്‍ നദിയില്‍ ഈ കപ്പലിറക്കി. ഇതിന്റെ ക്യാപ്റ്റന്‍സ്ഥാനം ചക്രവര്‍ത്തി തന്നെ ഏറ്റെടുത്തു. കപ്പലിലുണ്ടായിരുന്നവരോട്, തന്നെ സാര്‍ എന്നോ, അഡ്മിറല്‍ എന്നോ വിളിക്കാതെ, ക്യാപ്റ്റന്‍ എന്നു വിളിക്കണം എന്ന് നിര്‍ദ്ദേശിച്ചു.

കരയിലൂടെ തുര്ക്കികളെ (ഒട്ടോമാന്‍) വീണ്ടും ആക്രമിച്ചു. അതോടൊപ്പം കപ്പലില്‍നിന്നുള്ള സപ്പോര്‍ട്ടും റഷ്യന്‍ സൈന്യത്തിനുണ്ടായതുകൊണ്ട് ഇത്തവണ വിജയം എളുപ്പമായിരുന്നു. അങ്ങിനെ, റഷ്യയ്ക്ക് കരിങ്കടലില്‍ ഒരു തുറുമുഖം സ്വന്തമായി. എന്നാല്‍ അതുകൊണ്ട് ചക്രവര്‍ത്തി തൃപ്തനായില്ല. അന്നത്തെ യൂറോപ്യന്‍ നാവികശക്തികളായിരുന്ന രാജ്യങ്ങളുടേതുപോലുള്ള ഹൈ-ടെക് യുദ്ധക്കപ്പലുകള്‍ സ്വന്തമായി ഉണ്ടാവുക എന്നതായിരുന്നു പീറ്ററിന്റെ ലക്‌ഷ്യം.

ഈ ലക്‌ഷ്യം കൈവരിക്കാനായി 1967ലെ ശൈത്യകാലത്ത്‌ പീറ്റര്‍ ഇരുന്നൂറ് പേരടങ്ങുന്ന സംഘവുമായി ഒന്നരവര്‍ഷത്തെ യൂറോപ്യന്‍ പര്യടനം ആരംഭിച്ചു.

ചരിത്രത്തിലാദ്യമായാണ് ഒരു റഷ്യന്‍ ചക്രവര്‍ത്തി റഷ്യയ്ക്ക് വെളിയില്‍ യാത്ര പോകുന്നത്. കീഴ്വഴക്കം മറികടന്നായിരുന്നു ഈ യാത്ര. രാഷ്ട്രത്തലവന്റെ ഔപചാരികതകളും പ്രൊട്ടോക്കോളും ഒന്നുമില്ലാതെ, ഒരു സാധാരണ, യാത്രികനായ വിദ്യാര്‍ഥിയായി അഭിനയിച്ചായിരുന്നു പര്യടനം മുഴുവന്‍.

ഇത് വിജ്ഞാനകുതുകിയായ ചക്രവര്‍ത്തിയ്ക്ക് വളരെ പ്രയോജനകരമായി. ഹോളണ്ടില്‍ നിന്നും കപ്പല്‍ നിര്‍മ്മാണത്തിന്റെ സങ്കീര്‍ണ്ണമായ സാങ്കേതിക വശങ്ങളെല്ലാം മനസിലാക്കിയതിനു പുറമേ പ്രിന്റിംഗ്, ഐണ്‍ കാസ്റ്റിംഗ്, കടലാസുനിര്‍മ്മാണം, ശസ്ത്രക്രിയ (സര്‍ജറി), അനാട്ടമി, യുറോപ്യന്‍ കലകള്‍, എന്നുവേണ്ട, ദന്തചികിത്സ വരെ അദ്ദേഹം അഭ്യസിച്ചു. ഈ യാത്രയില്‍ അദ്ദേഹം ബ്രിട്ടനും സന്ദര്‍ശിക്കുകയും, സര്‍ ഐസക്ക് ന്യൂട്ടനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇവിടെനിന്നും അദ്ദേഹം പലതും പഠിക്കുകയുണ്ടായി.

യാത്രയാരംഭിച്ച് പതിനാറുമാസമായപ്പോള്‍ (1698 ജൂലൈ മാസത്തില്‍) ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ആയിരിക്കവേ, സ്വന്തം രാജ്യത്തെ കാര്യങ്ങളെല്ലാം വഷളായിക്കൊണ്ടിരിക്കുന്നു എന്ന സന്ദേശം കിട്ടിയതിനെത്തുടര്‍ന്ന് യാത്രയവസാനിപ്പിച്ചു സംഘം തിരികെപ്പോയി.

തിരികെയെത്തിയ പീറ്റര്‍ ചക്രവര്‍ത്തിയ്ക്ക് റഷ്യ അന്ധകാരയുഗത്തില്‍ ജീവിക്കുന്ന രാജ്യമായും, മോസ്ക്കോ പ്രാചീന, മ്ലാന നഗരമായും തോന്നി. അവിടെയുള്ള ജനങ്ങള്‍ വളരെ അപരിഷ്കൃതരായി കാണപ്പെട്ടു. എല്ലാം മാറ്റിമറിക്കാന്‍ തീരുമാനിച്ചുറച്ച ചക്രവര്‍ത്തി, റഷ്യന്‍ കുലീനകുടുംബാംഗങ്ങളുടെ വേഷവിധാനം മുതല്‍ മാറ്റാന്‍ തീരുമാനിച്ചു. പലരുടെയും താടി വടിപ്പിച്ചു. അവരുടെ വേഷമായ നീണ്ട മേലങ്കിയുടെ നീളം കുറച്ചു. താടി വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് താടിക്കരം ഏര്‍പ്പെടുത്തി.

യുറോപ്പ് നവോഥാനത്തിന്റെ ഫലമായി മുന്നോട്ടു പോയപ്പോള്‍, മധ്യകാലങ്ങളിലലെ അന്ധകാരത്തില്‍ കുടുങ്ങിപ്പോയ റഷ്യന്‍ ജനതയെ ആധുനീകരിക്കാനുള്ള പീറ്റര്‍ ചക്രവര്‍ത്തിയുടെ ശ്രമങ്ങളായിരുന്നു ഇവയൊക്കെ. പക്ഷെ ഇത്തരം മാറ്റങ്ങള്‍ വലിയ പ്രധിക്ഷേധം ഉളവാക്കുകയും രക്തചൊരിച്ചില്‍ ഉണ്ടാക്കുകയും ചെയ്തു.

1700-ല്‍ റഷ്യയില്‍ നിലനിന്നിരുന്ന ജൂലിയന്‍ കലണ്ടര്‍ മാറ്റി മറ്റു യുറോപ്യന്‍ രാജ്യങ്ങളിലെപ്പോലെ ഗ്രിഗോറിയന്‍ കലണ്ടര്‍ നിലവില്‍ കൊണ്ടുവന്നു. എന്നാല്‍ റഷ്യന്‍ ഓര്‍ത്തഡോക്‍സ്‌ സഭ ഇന്നും ജുലിയന്‍ കലണ്ടറാണ് പിന്തുടരുന്നത്‌. (അതിന്റെ ഫലമായാണ് റഷ്യയില്‍ ക്രിസ്തുമസ് ജനുവരി ഏഴാം തിയതി ആഘോഷിക്കുന്നത്.)  

ഇവാന്‍ ദി ടെറിബിളിന്റെ കാലം മുതലേ, റഷ്യന്‍ സൈന്യത്തിലെ ഒരു എലൈറ്റ് വിഭാഗമായിരുന്നു സ്ട്ട്രെല്‍റ്റ്സി (Streltsy) എന്നൊരു കൂട്ടര്‍. അവര്‍ എന്നും പ്രശ്നക്കാരായിരുന്നു. അവരാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് പീറ്റര്‍ ചക്രവര്‍ത്തിയുടെ അമ്മവഴിയുള്ള ബന്ധുക്കളെ ക്രൂരമായി വധിച്ചത്. അവര്‍ വീണ്ടും ആക്രമണത്തിന് മുതിര്‍ന്നപ്പോള്‍ പീറ്റര്‍ അവരെ ശക്തമായിത്തന്നെ നേരിട്ടു. ഇത്തരക്കാരില്‍ 1182 പേരെ അറസ്റ്റു ചെയ്ത്, വിചാരണയ്ക്കുശേഷം കഴുത്തറത്ത് വധിച്ചു. ഈ വധത്തില്‍ ചക്രവര്‍ത്തി നേരിട്ട് പങ്കെടുത്തു എന്നാണു പറയപ്പെടുന്നത്‌.

പീറ്റര്‍ ചക്രവര്‍ത്തിയുടെ ഏറ്റവും വലിയ സ്വപ്നം ബാള്‍ട്ടിക്ക് കടലില്‍ ഒരു തുറുമുഖം ഉണ്ടാവുകയെന്നതായിരുന്നു. ഇതിനെ റഷ്യയുടെ യുറോപ്പിലേയ്ക്കുള്ള ജനാലയായാണ് അദ്ദേഹം സങ്കല്‍പ്പിച്ചത്‌.

പക്ഷെ ബാള്‍ട്ടിക്ക് കടല്‍ അന്നത്തെ പ്രബലശക്തിയായിരുന്ന സ്വീഡന്റെ വകയായിരുന്നു. സ്വീഡന്‍ ഭരിച്ചിരുന്നതാകട്ടെ, ശക്തനും ചെറുപ്പക്കാരനുമായ ചാള്‍സ് പന്ത്രണ്ടാമാനും.

1700-ചാള്‍സിന്റെ എണ്ണായിരം വരുന്ന സൈന്യത്തെ നേരിടാന്‍ തന്റെ നാല്‍പതിനായിരം സേനാംഗങ്ങളുമായി പീറ്റര്‍ പോയി. പക്ഷെ, വിധി പീറ്ററിന് അനുകൂലമായിരുന്നില്ല.

ആള്‍ബലം ഏറെയുണ്ടായിട്ടും റഷ്യന്‍ സൈന്യത്തിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

പക്ഷെ ഒരു തോല്‍വി കൊണ്ടൊന്നും പിന്മാറുന്ന ഗണത്തില്‍ പെടുന്നയാളായിരുന്നില്ല പീറ്റര്‍ ചക്രവര്‍ത്തി.

റഷ്യന്‍ ചരിത്രം (ഒന്പtത്)

ചെറുപ്പക്കാരനായിരുന്ന സ്വീഡിഷ് രാജാവിനു അന്നത്തെ റഷ്യ വെറുമൊരു കടലാസുപുലിയാണെന്നു മനസിലായി.

പക്ഷെ ഇതു പീറ്ററിന് ബോധ്യപ്പെടുത്തികൊടുത്തത് എന്തുവിലകൊടുത്തും റഷ്യയെ ഒരു കരുത്തുറ്റ സൈനികശക്തിയാക്കേണ്ടതിന്റെ ആവശ്യകതയാണ്.

തുടക്കംമുതലേ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുമായുള്ള ചക്രവര്‍ത്തിയുടെ ബന്ധം വഷളായിരുന്നു. സഭാധികാരികള്‍ അവരെ അനുസരിക്കാന്‍ തയ്യാറാകാത്ത പീറ്ററിനെ കഠിനമായി വെറുത്തിരുന്നു. അദ്ദേഹത്തിനെതിരെ ശത്രുരാജ്യങ്ങള്‍ക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്താന്പോലും അവര്‍ മുതിര്‍ന്നു. സഭയ്ക്ക് തന്നോടുള്ള കൂറില്ലായ്മ  തിരിച്ചറിഞ്ഞിട്ടുള്ള ചക്രവര്‍ത്തി അവരെ ശരിയ്ക്കും വെറുപ്പിക്കാന്‍ തന്നെ തീരുമാനിച്ചു. പീരങ്കികള്‍ നിര്‍മ്മിക്കുന്നതിന് ലോഹം കണ്ടെത്താനാവാതെവന്നപ്പോള്‍ ബലമായി പള്ളിമണികള്‍ അഴിച്ചെടുത്ത്, ഉരുക്കി, പീരങ്കികള്‍ തീര്‍ത്തു..

യുദ്ധസന്നാഹത്തിനായി പുതിയ കരം ഏര്‍പ്പെടുത്തി, 45,000 പുതിയ സൈനികരെ പട്ടാളത്തില്‍ ചേര്‍ത്തു. റഷ്യയില്‍ സൈനികസേവനം കുറഞ്ഞത്‌ ഇരുപത്തഞ്ചു വര്‍ഷത്തേയ്ക്കായിരുന്നു (ചിലപ്പോള്‍ ആയുഷ്ക്കാലം മുഴുവനും). അതുകൊണ്ടുതന്നെ ഒരാള്‍ പട്ടാളത്തില്‍ ചേര്‍ന്നാല്‍ ജീവനോടെ തിരിച്ചുവരും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

സ്വീഡിഷ് രാജാവും പട്ടാളവും പോളണ്ടിലായിരുന്ന തക്കംനോക്കി പുത്തന്‍ കരുത്തുമായി പീറ്ററിന്റെ പട്ടാളം നേവാനദി ഗള്‍ഫ് ഓഫ് ഫിന്‍ലന്‍ഡില്‍ ചേരുന്ന സ്ഥലത്തെ ഒരു ദ്വീപ്‌ സ്വന്തമാക്കി. തരിശായിക്കിടന്ന അവിടെ ഒരു ആധുനിക നഗരം - റഷ്യയുടെ പുതിയ തലസ്ഥാനം  പണിയാന്‍ തീരുമാനിച്ചു. താമസംവിനാ ചാള്‍സ് തന്നോട് പകരംവീട്ടാന്‍ വരുമെന്ന് പീറ്ററിന് നല്ലവണ്ണം അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ശക്തമായ നാവികപ്പട ഉണ്ടാക്കാന്‍ ദ്രുതഗതിയില്‍ പണികള്‍ തുടങ്ങി. കീഴടക്കിയ ദ്വീപ്‌ ഒരു തുറുമുഖമായി ഉപയോഗിക്കാമല്ലോ.

പുതിയ നഗരം പടുത്തുയര്‍‍ത്താന്‍ റഷ്യയിലെ കര്‍ഷകരുടെയും പട്ടാളത്തിന്റെയും, യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട സ്വീഡന്‍ പട്ടാളക്കാരുടെയും സേവനം ഉപയോഗപ്പെടുത്തി, കഠിനമായ അധ്വാനഭാരം, മലേറിയ, അതിശൈത്യം തുടങ്ങിയവ ആയിരക്കണക്കിന് പണിക്കാരെ നിത്യമെന്നോണം കൊന്നുകളഞ്ഞു. പുതിയ നഗരം എല്ലുകളുടെ അടിത്തറയിട്ടു പണിതതാണെന്ന് റഷ്യന്‍ജനത പറയുമായിരുന്നു.

പുതിയ നഗരം എന്നതിനേക്കാള്‍ സെന്റ് പീറ്റേര്സ്ബെര്‍ഗ് ഒരു പുതിയ സമൂഹത്തിന്റെ അടിത്തറയായി.

പുതിയ നഗരത്തെക്കുറിച്ച് കേട്ടപ്പോള്‍ ചാള്‍സ് രാജാവിനു പരിഹാസം... അയാള്‍ പണിയട്ടെ, അത് പിടിച്ചെടുക്കുന്നതിന്റെ ബഹുമതി നമ്മുടേതായിരിക്കും..

1708-ല്‍ ചാള്‍സ് പോളണ്ട് വിട്ട് മോസ്ക്കോ ലക്ഷ്യമായി റഷ്യയില്‍ കടന്നു. ഇതിനെ റഷ്യ അഗ്നികൊണ്ടാണ് നേരിട്ടത്... അവര്‍ക്ക് പോകേണ്ട വഴികളെല്ലാം ചുട്ടെരിച്ചു. തണുപ്പുകാലമായപ്പോഴേയ്ക്കും സ്വീഡന്‍ പട്ടാളം യുദ്ധോപകരണങ്ങളുടെയും ഭക്ഷ്യസാധനങ്ങളുടെയും സപ്പ്ളൈ ലഭിക്കാനാവാത്ത വിധത്തില്‍ റഷ്യയ്ക്കുള്ളില്‍ ആയിക്കഴിഞ്ഞിരുന്നു.

ജൂലൈ മാസമായപ്പോള്‍ തന്റെ അറുപതിനായിരം വരുന്ന പട്ടാളക്കാരുമായി പീറ്റര്‍ ഉക്രൈനിലെ പോള്‍ട്ടാവ പട്ടണത്തില്‍ വച്ച് സ്വീഡനെ നേരിട്ടു. ചാള്‍സ് റഷ്യയ്ക്കുണ്ടായ പുരോഗതി വേണ്ടത്ര മനസിലാക്കിയിരുന്നില്ല. ആള്‍ബലം കൊണ്ടും പുതിയതായി ആര്‍ജ്ജിച്ച ഉപകരണങ്ങളുടെ കരുത്തുകൊണ്ടും പീറ്ററിന്റെ സൈന്യം സ്വീഡനെ അനായാസമായി തോല്‍‍പിച്ചു.
പോള്‍ട്ടോവ യുദ്ധം (വിക്കിപീഡിയ ചിത്രം)

1711-ല്‍ പുതിയ നഗരത്തിന്റെ പണികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ രാജകൊട്ടാരവുമായി ബന്ധപ്പെട്ട എല്ലാവരോടും പുതിയ സ്ഥലത്തെത്താന്‍ ഉത്തരവിട്ടു. ജനങ്ങളുടെ മനസ്സില്‍ മോസ്ക്കോ തന്നെ തലസ്ഥാനമായിതുടര്‍ന്നു. പക്ഷെ, പൊതുജനാഭിപ്രായത്തിനു പീറ്റര്‍ ഒട്ടും വില കൊടുത്തിരുന്നില്ല. ജനം സഞ്ചാരവിമുഖരായിരുന്നെങ്കിലും, പീറ്റര്‍ അക്കാലത്ത് ഒരു ദിവസം ആയിരം മൈല്‍ വരെ സഞ്ചരിച്ചിരുന്നുവത്രേ..

സ്വീഡനെ തോല്‍‍പിച്ച മഹത്വത്തില്‍ ചക്രവര്‍ത്തി തനിക്കായി പുതിയ കിരീടം ഉണ്ടാക്കി. സ്ഥാനപ്പേരും മാറ്റി. അങ്ങിനെ പീറ്റര്‍ റഷ്യയുടെ അജയ്യനായ മഹാനായ പീറ്റര്‍ ചക്രവര്‍ത്തിആയി.

താന്‍ ചെയ്തതെല്ലാം ആരെങ്കിലും ഇല്ലായ്മ ചെയ്യുമോ എന്ന മനോവ്യാധി പീറ്ററിനെ വല്ലാതെ ഉലച്ചിരുന്നു. അലെക്സി എന്ന ഏകമകന്‍ അനന്തരാവകാശിയായി ഉണ്ടായിരുന്നുവെങ്കിലും അയാള്‍ ആ സ്ഥാനത്തിനു യോഗ്യനായിരുന്നില്ല. അലസനും സുഖിമാനുമായിരുന്ന അലെക്സിയോട് പീറ്റര്‍ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു.. എന്റെ അതെ ശൈലിയില്‍ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണം. അതിനാവില്ലെങ്കില്‍ കിരീടം വേണ്ടെന്നു വയ്ക്കണം.

റഷ്യന്‍ചക്രവര്‍ത്തി പദവി തനിക്കുവേണ്ടെന്ന് അലെക്സി അവസാനം തീര്‍ത്തുപറഞ്ഞു..


കുറിപ്പ്:

ലോകത്തിലെ അതിമനോഹര നഗരങ്ങളില്‍ ഒന്നാണ് സെന്റ് പീറ്റേര്സ്ബെര്‍ഗ്. ലെനിന്റെ മരണശേഷം സ്റ്റാലിന്‍ ഇതിന്റെ പേര് ലെനിന്ഗ്രാഡ് എന്നാക്കി. പക്ഷെ കമ്മ്യൂണിസം തകര്ന്നതിനുശേഷം, അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം മാനിച്ച് പഴയ പേര്‍ തിരികെകൊണ്ടുവന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ നഗരം വളരെ നാശമായി. ഈ കാലയളവില്‍ പത്തുലക്ഷം പേരാണ് ഇവിടെ മരിച്ചത്.

പീറ്റര്‍ ചക്രവര്‍ത്തിയെക്കുറിച്ച് വിശദമായി അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് ഏതാണ്ട് ആറുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോകുമെന്ററി യുട്യുബില്‍ ലഭ്യമാണ്. ലിങ്ക് ചുവടെ.


റഷ്യന്‍ചരിത്രം (പത്ത്)

ദാരിദ്രശുഷ്ക്കമാം പാഴ്ക്കുടിലൊന്നിലാണീ രുചിരാംഗി ജനിച്ചതത്രേ” 

എന്ന് മഗ്ദലനമറിയത്തെക്കുറിച്ച് വള്ളത്തോള്‍ എഴുതിയത് 1724-ല്‍ പീറ്റര്‍ തന്റെ ചക്രവര്‍ത്തിനിയായി വാഴിച്ച കാതറൈനെക്കുറിച്ചും പറയാം. ഇവരെക്കുറിച്ച് കൂടുതല്‍ വിശദമായി അടിക്കുറിപ്പില്‍.

പീറ്ററിന്റെ ദാമ്പത്യം തുടക്കംമുതലേ ഭദ്രമല്ലായിരുന്നു. ബന്ധം ഏറെ വഷളായിരുന്ന സമയത്താണ് അദ്ദേഹം കാതറൈനെ കണ്ടുമുട്ടുന്നത്. കാതറൈന്‍ ചക്രവര്‍ത്തിയ്ക്കൊപ്പം താമസമാരംഭിച്ചു. കുട്ടിയായിരുന്നപ്പോഴും ദാമ്പത്യജീവിതത്തിലും തനിക്കു ലഭിക്കാതെപോയ സ്നേഹവും ഊഷ്മളതയും, പരിചരണവും കരുതലും പുതിയ കാമുകിയില്‍ നിന്നും ചക്രവര്‍ത്തിയ്ക്കു വേണ്ടുവോളം ലഭിച്ചു. ആദ്യം രഹസ്യമായി ഇവരെ വിവാഹം ചെയ്തു, പിന്നീട് ഔദ്യോഗികമായിതന്നെ വിവാഹം കഴിച്ചു.

പീറ്ററിന്റെ യുദ്ധക്കളത്തിലേയ്ക്കുള്ളതുള്‍പെടെയുള്ള എല്ലാ യാത്രകളിലുംലും ഇവര്‍ ചക്രവര്‍ത്തിയെ അനുഗമിച്ചു.

ഭാര്യയുമായി മാത്രമല്ല, അനന്തരാവകാശിയായ പുത്രന്‍, അലെക്സിയുമായുള്ള ബന്ധവും വല്ലാതെ വഷളായി. രാഷ്ട്രത്തലവനാകാനുള്ള യാതൊരു യോഗ്യതയും തന്റെ പുത്രനില്ല എന്നു മനസിലാക്കിയ പീറ്റര്‍, മകനെ തന്റെ ശത്രുക്കള്‍ തനിക്കെതിരായി ഉപയോഗിക്കുന്നുണ്ട് എന്നു തോന്നിയതിനാല്‍, ഏതെങ്കിലും സന്യാസാശ്രമത്തില്‍ ബന്ധിതനാക്കാന്‍ തീരുമാനിച്ചു. ഇതു കേട്ടറിഞ്ഞ അലെക്സി രാജ്യം വിട്ടു. ഇതിലെ അപകടം മനസിലാക്കിയ റഷ്യന്‍ ചാരന്മാര്‍ അന്വേക്ഷിച്ച്‌ ചക്രവര്ത്തികുമാരന്‍ ഓസ്ട്രിയയിലുണ്ടെന്നറിഞ്ഞു. അവിടെനിന്നും ഒരുതരത്തില്‍ പറഞ്ഞുവശത്താക്കി തിരികെ കൊണ്ടുവന്നു.

സത്യമെല്ലാം തുറന്നുപറഞ്ഞാല്‍ ജീവന്‍ രക്ഷിക്കാം എന്ന് പിതാവ് വാക്കുകൊടുത്തതിനാല്‍ അലെക്സി തന്നെ പലതിനും പ്രേരിപ്പിച്ചുകൊണ്ടിരുന്നവരുടെയെല്ലാം പേരുകള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കായി, അലെക്സിയെ ഉദ്യോഗസ്ഥര്‍ കഠിനമായി ദേഹോപദ്രവം ചെയ്തു. ചോദ്യം ചെയ്യലിന്റെ അവസാനം വധശിക്ഷ വിധിച്ചു. പക്ഷെ, ആ ശിക്ഷ എറ്റുവാങ്ങുന്നതിനു മുന്നേ, സെല്ലില്‍ കണ്ടത് അലെക്സിയുടെ മൃതദേഹമാണ്.

ഒരു വര്‍ഷത്തിനുള്ളില്‍, ആയിടെ കാതറിന്‍ പ്രസവിച്ച പീറ്ററിന്റെ ആണ്‍കുഞ്ഞും മരിച്ചു. അങ്ങിനെ റഷ്യ കിരീടാവകാശിയില്ലാത്ത സാമ്രാജ്യമായി.

1724-ല്‍ കാതറൈന്‍ ചക്രവര്‍ത്തിനിയായി വാഴിക്കപ്പെട്ടു. അതിനുശേഷം ഇവര്‍ തമ്മിലുള്ള ബന്ധം ഉലഞ്ഞു. ഏതാണ്ട് ഒരു വര്‍ഷത്തോളം ഇവര്‍ തമ്മില്‍ സംസാരം പോലുമില്ലായിരുന്നു.

അതേ വര്ഷം നവംബര്‍ മാസത്തിലെ തണുപ്പുള്ള ഒരു ദിവസം തന്റെ ഭടന്മാരെ രക്ഷിക്കാനായി തണുത്തുറഞ്ഞ കടലിലേയ്ക്ക് പീറ്റര്‍ എടുത്തുചാടി. അതിനെതുടര്‍ന്ന്, ഇതിനോടകം ആര്യോഗ്യം വല്ലാതെ മോശമായിരുന്ന പീറ്ററിന്റെ ആരോഗ്യനില പരുങ്ങലിലായി.

1725 ഫെബ്രുവരി എട്ടാം തിയതി താന്‍ ഇനിയധികം ജീവിചിരിക്കുകയില്ല എന്നുമനസിലാക്കിയ പീറ്റര്‍ പേനയെടുത്ത് കടലാസില്‍ ഇത്രയും എഴുതി:

“Give it all to”

ആ വാചകം മുഴുപ്പിക്കാന്‍ സാധിക്കുന്നതിനു മുന്നേ പീറ്റര്‍ ചക്രവര്‍ത്തി തന്റെ അന്‍പത്തിരണ്ടാം വയസില്‍ മരിച്ചുവീണു.

യുറോപ്പിന്റെ പുറമ്പോക്കില്‍ കഴിഞ്ഞിരുന്ന റഷ്യയെ യുറോപ്പിലെ ഒരു പ്രബലശക്തിയായി ഉയര്‍ത്തിയ മഹാനായ പീറ്റര്‍ ചക്രവര്‍ത്തി അങ്ങിനെ, അനന്തരാവകാശി ഇല്ലാതെ അന്തരിച്ചു.

അടിക്കുറിപ്പ്:
കാതറൈന്‍ ചക്രവര്‍ത്തിനി (ചിത്രത്തിനു കടപ്പാട്: വിക്കിപീഡിയ)
ചുവടെ കൊടുക്കുന്ന വീഡിയോയില്‍ കാതറൈനെക്കുറിച്ച് വിശദമായി പറയുന്നില്ല. എങ്കിലും അവഗണിക്കപ്പെടാനാവാത്ത വ്യക്തിയായിരുന്നു അവര്‍. കഥകളെ തോല്പിക്കുന്ന ചരിത്രം. അവരെക്കുറിച്ച് പരാമര്ശിക്കാതിരിക്കുന്നത് ശരിയല്ല എന്നു തോന്നുന്നു.

ഇവരുടെ ബാല്യകാലത്തെക്കുറിച്ച് വേണ്ടത്ര അറിവുകള്‍  ലഭ്യമല്ല. എങ്കിലും ചരിത്രകാരന്മാരുടെ അനുമാനങ്ങള്‍ ഏതാണ്ടിങ്ങനെ.

ലിത്വേനിയയിലെ ഒരു ഗ്രാമത്തിലെ ദരിദ്രകുടുംബത്തിലാണ് ജനനം (1684). പേര് മാര്‍ത്ത. (അന്ന് ലിത്വേനിയ റഷ്യയുടെ പ്രവിശ്യയായിരുന്നില്ല). നന്നേ ചെറുപ്പത്തില്‍ മാതാപിതാക്കള്‍ പ്ലേഗ് മൂലം മരിച്ചു. കുട്ടിയെ പിന്നീട് വളര്‍ത്തിയത് ഒരു പാസ്റ്ററാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു വേലക്കാരിയെപ്പോലെ കഴിഞ്ഞു. വിദ്യാഭ്യാസം ഒട്ടും തന്നെ ലഭിച്ചില്ല. ജീവിതകാലം മുഴുവന്‍ - ചക്രവര്‍ത്തിനി ആയപ്പോഴും - നിരക്ഷരകുക്ഷിയായി കഴിഞ്ഞു. വളര്‍ന്നുവരുന്ന മാര്‍ത്തയുടെ സൌന്ദര്യം കണ്ട് പാസ്റ്ററിന്റെ ഭ്യാര്യയ്ക്ക് ആധിയായി ഇവള്‍ തന്റെ പുത്രനെ തട്ടിയെടുക്കുമോ?

പതിനേഴാം വയസില്‍ ഒരു സ്വീഡിഷ് പട്ടാളക്കാരന് വിവാഹം കഴിപ്പിച്ചുകൊടുത്തു. ഈ വിവാഹബന്ധത്തിന് എട്ടുനാള്‍ മാത്രമായിരുന്നു ആയുസ്സ്. പിന്നീട് റഷ്യന്‍ പട്ടാള ക്യാമ്പുകളില്‍ അലക്കുകാരിയായി ജോലിചെയ്തു. മാര്‍ത്തയുടെ സൌന്ദര്യത്തില്‍ ആകൃഷ്ടനായ ഒരു പട്ടാള ജനറലിന്റെ വെപ്പാട്ടിയായി. അങ്ങിനെയിരിക്കുമ്പോഴാണ്, പീറ്ററിന്റെ ഉറ്റ തോഴനും, സന്തതസഹചാരിയുമായ അലക്സാണ്ടര്‍ മെന്ഷികോവ് മാര്‍ത്തയെ കാണുന്നത്. അങ്ങിനെ അദ്ദേഹത്തിന്റെ വീട്ടില്‍ താമസമായി. മെന്ഷികോവിന്റെ വീട്ടില്‍ വച്ച് മാര്‍ത്തയെ കണ്ടമാത്രയില്‍ പീറ്റര്‍ ചക്രവര്‍ത്തി ഇവരില്‍ അനുരക്തയായി. അവര്‍ പീറ്ററിന്റെ കാമുകിയും, വെപ്പാട്ടിയും, പിന്നീട് ഭാര്യയും അവസാനം ചക്രവര്ത്തിനിയുമായി.

1724-ല്‍ ചക്രവര്‍ത്തിനിയായി വാഴിക്കപ്പെട്ടതിനുശേഷം ചക്രവര്ത്തിയുമായി രസക്കേടിലായി. ഒരു മകനുണ്ടായിരുന്നത് മരിക്കുകയും ചെയ്തു.

തന്റെ അനന്തരാവകാശിയെ പ്രഖ്യാപിക്കാന്‍ സാധിക്കാതെ ചക്രവര്‍ത്തി അന്തരിച്ചു.

ഇതിനോടകം മാര്‍ത്ത റഷ്യന്‍ (ഓര്‍ത്തഡോക്സ്) മതം സ്വീകരിക്കുകയും (ഇവരുടെ പിതാവ് പോളിഷ് വംശജനായ കത്തോലിക്കനായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു) പേര് കാതറൈന്‍ എന്നാക്കിമാറ്റുകയും ചെയ്തു.

പീറ്ററിന്റെ മരണശേഷം, അദ്ദേഹത്തിന്റെ ചില വിശ്വസ്തരുടെ സഹായത്തോടെ കാതറൈന്‍ റഷ്യയുടെ ഭരണാധികാരിയായി. റഷ്യയുടെ ചരിത്രത്തിലെ ആദ്യവനിതാ ചക്രവര്‍ത്തിനി.

അക്കാലത്ത് റഷ്യയുടെ സമ്പത്തിന്റെ ഏതാണ്ട് അറുപത്തഞ്ച് ശതമാനം പ്രതിരോധാവശ്യങ്ങള്‍ക്കായി ചെലവഴിച്ചിരുന്നു. താരതമ്യേന സമാധാനപൂര്‍ണ്ണമായ അവസ്ഥയായിരുന്നതിനാല്‍ ഇതു വെട്ടിക്കുറച്ച്, കൂടുതല്‍ ജനക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ പുതിയ ചക്രവര്‍ത്തിനി തീരുമാനിച്ചു.

രണ്ടുവര്‍ഷം മാത്രമേ ഇവര്‍ക്ക് ഭരണാധികാരിയായി കഴിയാന്‍ സാധിച്ചുള്ളൂ. 1727,  മേയ് 17ന് നാല്പതിമൂന്നാം വയസില്‍ കാതറൈന്‍ ഇഹലോകവാസം വെടിഞ്ഞു.

ചക്രവര്‍ത്തിനിയുടെ തുടക്കത്തിലെ ദരിദ്രജീവിതം റഷ്യയില്‍ അതീവരഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. ഇത്തരത്തിലൊരു പെണ്‍കുട്ടി, തങ്ങളുടെ ഭരണാധികാരി ആയത് ഒരു പക്ഷെ റഷ്യന്‍സമൂഹത്തിന്റെ ആത്മാഭിമാനത്തിനെ ക്ഷതപ്പെടുത്തിയിരുന്നിരിക്കാം.

വള്ളത്തോളിന്റെ വരികള്‍ വീണ്ടും ഓര്‍ത്തുപോകുന്നു...

ഒട്ടിങ്ങുഴക്കരി കാണാതിരുന്നവള്‍
കൊറ്റക്കുടചൂടും റാണിയായി
ഹന്ത! സൌന്ദര്യമേ നാരിതന്‍ മെയ് ചേര്‍ന്നാല്‍

എന്തെന്തു സൌഭാഗ്യം സാധിക്കാ നീ

റഷ്യന്‍ചരിത്രം (പതിനൊന്ന്)

പീറ്റര്‍ ചക്രവര്‍ത്തി മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ എലിസബത്തിനു പതിനഞ്ചുവയസ്സ് മാത്രമായിരുന്നു പ്രായം. അതിനുശേഷം, രണ്ടു വര്ഷം എലിസബത്തിന്റെ അമ്മയും, പിന്നീട് മറ്റു ബന്ധുക്കളും റഷ്യ ഭരിച്ചു. അതില്‍ ചിലര്‍ക്കെങ്കിലും റോമനോവ് കുടുംബത്തിന്റെ ഒരു തുള്ളി രക്തം പോലും അവകാശപ്പെടാനില്ലായിരുന്നു. ഇവരെല്ലാംതന്നെ, ഓരോരുത്തരായി മരണമടഞ്ഞു. അവസാനം, പീറ്ററിന്റെ അകന്നബന്ധത്തിലുള്ള, രണ്ടുമാസം മാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടിയെ ചക്രവര്‍ത്തിയായി അവരോധിച്ചു.
റഷ്യയിലെ എലിസബത്ത് ചക്രവര്‍ത്തിനി (ചിത്രത്തിനു കടപ്പാട്: വിക്കിപീഡിയ)
ഇനിയും താന്‍ മുന്നോട്ടുവന്നില്ലെങ്കില്‍ താന്‍ വധിക്കപ്പെടുകയോ, കാരാഗ്രഹത്തില്‍ അടയ്ക്കപ്പെടുകയോ ചെയ്തേക്കാം എന്ന് ഭയന്ന എലിസബത്ത് തന്റെ പിതാവിന്റെ ചില വിശ്വസ്തരുടെ സഹായത്തോടെ 1741 നവംബര്‍ ഇരുപത്തഞ്ചാം തിയതി രക്തചൊരിച്ചില്‍ ഒട്ടും തന്നെയില്ലാതെ തന്റെ ജന്മാവകാശമായ അധികാരം പിടിച്ചെടുത്തു. അപ്പോള്‍ അവര്‍ക്ക് മുപ്പത്തിരണ്ടു വയസായിരുന്നു പ്രായം. ചക്രവര്‍ത്തിപയ്യന്‍ തുറങ്കലില്‍ അടയ്ക്കപ്പെട്ടു - കുട്ടിയുടെ ജീവിതാവസാനംവരെ.

സ്വന്തമായി കുട്ടികള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍, സമയം പാഴാക്കാതെ എലിസബത്ത് അടുത്ത വര്ഷംതന്നെ തന്റെ അനന്തരാവകാശിയെ പ്രഖ്യാപിച്ചു. അവരുടെ സഹോദരീപുത്രന്‍, ജര്‍മ്മനിയില്‍ ജനിച്ച പീറ്റര്‍ മൂന്നാമന്‍. പതിനാലു വയസുകാരന്‍ പീറ്റര്‍ തന്റെ സ്വദേശമായ ജര്‍മ്മനിയിലെ ഹോള്‍സ്റൈന്‍ വിട്ട് റഷ്യയിലെത്തി.

പുതിയ പീറ്ററിന് ഒരുതരത്തിലും റഷ്യയുമായി പൊരുത്തപ്പെടാനായില്ല. റഷ്യയും റഷ്യയെ സംബന്ധിക്കുന്ന എല്ലാത്തിനെയും അയാള്‍ വെറുത്തു. സത്യത്തില്‍, ആളൊരു മന്ദബുദ്ധിയായിരുന്നു. അയാള്‍ റഷ്യയോടു തനിക്കുള്ള വെറുപ്പ് പുറത്തുകാണിക്കാതിരിക്കാന്‍പോലും ശ്രമിച്ചില്ല.

1744-ല്‍ എലിസബത്ത് തന്റെ കിരീടാവകാശിയ്ക്ക് ഒരു വധുവിനെ കണ്ടെത്തി, ജര്‍മ്മനിയില്‍ നിന്നു തന്നെ - സോഫിയ.

ഇടത്തരം പ്രഭുകുടുമാംഗമായിരുന്ന സോഫിയ തന്റെ ഭാവി റഷ്യയിലാണെന്ന് തിരിച്ചറിഞ്ഞു. സോഫിയയെ റഷ്യന്‍ ഓര്‍ത്തഡോക്‍സ്‌ സഭയില്‍ മാമോദീസാ മുക്കി. എലിസബത്തിന്റെ അമ്മയുടെ ബഹുമാനാര്‍ഥം കാതറൈന്‍ എന്ന പുതിയപേരും നല്‍കി.

തുടക്കം മുതലേ സോഫിയ എന്ന കാതറൈന്‍ റഷ്യയെ സ്നേഹിക്കുകയും റഷ്യയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അതീവതാല്പര്യം കാണിക്കുകയും ചെയ്തു. അവര്‍ക്ക് സ്നേഹിക്കാന്‍ സാധിക്കാതിരുന്നത് തന്റെ ഭാവിഭര്‍ത്താവിനെ മാത്രമായിരുന്നു.

വിവാഹരാത്രി റഷ്യയുടെ ആകാശം ഫയര്‍വര്‍ക്കുകള്‍ കൊണ്ട് ശബ്ദമുഖരിതവും പ്രകാശമാനവുമായി. പക്ഷെ മണിയറ നിര്‍ജ്ജീവമായിരുന്നു. പീറ്റര്‍ തന്റെ കളിക്കോപ്പുകളുമായിട്ടായിരുന്നു മണിയറയില്‍ എത്തിയിരുന്നത്‌!

തന്നില്‍ നിന്ന് രാഷ്ട്രവും ചക്രവര്‍ത്തിനിയും പ്രതീക്ഷിക്കുന്നത് ഒരാണ്‍കുഞ്ഞിനെ ആണെന്ന് കാതറൈന്‍ എന്ന വധുവിനു നല്ലവണ്ണം അറിയാമായിരുന്നു. പീറ്ററില്‍ നിന്നും അത് പ്രതീക്ഷിക്കാനാവില്ലെന്നും.

വിവാഹത്തിന്റെ എട്ടാം വര്ഷം കാതറൈന്‍ പ്രസവിച്ചു. ആ കുട്ടിയുടെ പിതാവാരാണെന്നത് ചരിത്രകാരന്മാരുടെയിടയില്‍ ഇന്നും തര്‍ക്കവിഷയമാണ്.

മകന്‍ പിറന്നതോടെ, കാതറൈനെ എല്ലാവരും അവഗണിക്കാന്‍ ശ്രമിച്ചു. പക്ഷെ, അവഗണിക്കപ്പെടാന്‍ അവര്‍ തയ്യാറായിരുന്നില്ല. അവര്‍ റഷ്യയെക്കുറിച്ചും റഷ്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും ആഴത്തില്‍ പഠിച്ചു. യുറോപ്യന്‍ ചിന്താഗതികള്‍ മനസിലാക്കി. അങ്ങിനെ, കൊട്ടാരത്തിലെ വലിയ ആകര്‍ഷണമായി അവര്‍ മാറി.


റഷ്യന്ചരിത്രം (പന്ത്രണ്ട്)

എലിസബത്ത് ചക്രവര്‍ത്തിനിയുടെ കിരീടാവകാശി, പീറ്റര്‍ മൂന്നാമനും, ഭാര്യ, കാതറൈനുമായുള്ള ബന്ധം അനുദിനം വഷളായിക്കൊണ്ടിരുന്നു. കാലാന്തരത്തില്‍ അത് തുറന്ന വിദ്വേഷമായി മാറി. താന്‍ ചക്രവര്‍ത്തിയായാല്‍ ഭാര്യയെ തുറുങ്കലില്‍ അടയ്ക്കുമെന്ന് അയാള്‍ വീമ്പിളക്കി. ഭര്‍ത്താവ് ഇങ്ങനെ ഭീക്ഷണിമുഴക്കിയപ്പോള്‍, പ്രതിരോധനടപടികളെക്കുറിച്ചും, തന്റെ ഭാവിയെക്കുറിച്ചും കാതറൈന്‍ ഗൌരവമായി ആലോചിച്ചു. റഷ്യയിലെയും മറ്റു യുറോപ്യന്‍ രാജ്യങ്ങളിലെയും ശക്തമാരുമായി ബന്ധം സ്ഥാപിക്കുവാന്‍ ഈ ഭീക്ഷണി കാതറൈന് പ്രേരണയായി.

ഒന്നിനും കൊള്ളാത്തവനാണ് തങ്ങളുടെ കിരീടാവകാശിയെന്നു റഷ്യന്‍ജനത ഇതിനോടകം മനസിലാക്കിയിരുന്നു.

ഈ ഘട്ടത്തില്‍ റഷ്യന്‍സൈന്യം തങ്ങളുടെ ശത്രുരാജ്യമായ പ്രഷ്യയിലേയ്ക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. പ്രഷ്യന്‍ സാമ്രാജ്യത്തിന്റെ അധിനിവേശങ്ങള്‍ യുറോപ്പിലെ പവര്‍ ബാലന്‍സ് തകര്‍ത്തുകൊണ്ടിരുന്ന സമയമായിരുന്നു. പ്രഷ്യയുടെ തലവന്‍, ഫ്രെഡറിക്കിനെ (Frederick the Great of Prussia) പരാജയപ്പെടുത്താന്‍ വേണ്ട സഖ്യങ്ങള്‍ എലിസബത്ത് ചക്രവര്‍ത്തിനി  ചെയ്തിരുന്നു. 1751-ല്‍ റഷ്യന്‍ സൈന്യത്തിന് ഫ്രെഡറിക്കിനെ ഒതുക്കാന്‍ സാധിച്ചു. പക്ഷെ, ഈ ഫ്രെഡറിക്കാകട്ടെബാല്യകാലം തൊട്ടേ പീറ്ററിന്റെ ആരാധ്യപുരുഷനായിരുന്നു. അദ്ദേഹം തോറ്റതില്‍ പീറ്റര്‍ വല്ലാതെ ദുഖിച്ചു.

യുദ്ധത്തിന്റെ വീരനായകര്‍ തിരിച്ചെത്തി. അവരിലെ താരം ഗ്രിഗറി ഓര്‍ലോവ് എന്ന ജനറലായിരുന്നു. സുമുഖനായ ഗ്രിഗറി കാതറൈന്റെ കാമുകനായി. പിന്നീട് ഈ ഗ്രിഗറിയുടെ സഹായത്തോടെയാണ് കാതറൈന്‍ കിരീടം സ്വന്തമാക്കിയത്.

ഫ്രഞ്ച്പട പ്രഷ്യയെ നിശേഷം തോല്‍പ്പിച്ചു. വിജയത്തിന്റെ ഈ ലഹരിയില്‍, ഒരു ക്രിസ്തുമസ് ദിനത്തില്‍, മഹാനായ പീറ്ററിന്റെ മകള്‍, എലിസബത്ത് ചക്രവര്‍ത്തിനി തന്റെ അന്‍പത്തിരണ്ടാം വയസില്‍ നിര്യാതയായി.

ജര്‍മ്മന്‍കാരനായ പീറ്റര്‍ മൂന്നാമന്‍
(വിക്കിപീഡിയ ചിത്രം)
പുതിയ ചക്രവര്‍ത്തിയായി അവരോധിക്കപ്പെട്ട പീറ്റര്‍ മൂന്നാമന്റെ പ്രഥമനടപടി, ഫ്രെഡറിക്കുമായി സമാധാനമുണ്ടാക്കി, അദ്ദേഹത്തെ രക്ഷിക്കുകയെന്നതായിരുന്നു. ഇതില്‍ റഷ്യന്‍ പട്ടാളം വല്ലാതെ രോഷാകുലരായി. ഇതിനുംപുറമേ, റഷ്യന്‍ പട്ടാളത്തിന്റെ യുണിഫോം മാറ്റി, പ്രഷ്യന്‍സൈന്യത്തിന്റെ പോലുള്ള നീലനിറമുള്ള വേഷം ധരിക്കാനും അദ്ദേഹം കല്പനയിറക്കി. അടുത്ത കല്പന ഓര്‍ത്തഡോക്സ് പുരോഹിതര്‍ ജര്‍മ്മനിയിലെ ലൂഥറന്‍ വൈദികരുടെ വേഷം സ്വീകരിക്കണം എന്നതായിരുന്നു.

ഒരു പാര്‍ട്ടിയില്‍ വച്ച് ഭാര്യ കാതറൈന്‍ തന്നോടു ബഹുമാനക്കുറവു കാണിച്ചു എന്ന കാരണത്താല്‍ പീറ്റര്‍ തന്റെ പഴയ ഭീക്ഷണി വീണ്ടും ആവര്‍ത്തിച്ചു.

തനിക്ക് പ്രവര്‍ത്തിക്കേണ്ട സമയമായി എന്ന് കാതറൈന് മനസിലായി. പിന്നെ നടന്നത് ഒരു കൊട്ടാരം അട്ടിമറിയായിരുന്നു. പിറ്റേരാത്രിതന്നെ പീറ്ററിനെ നഗരത്തിന്റെ വെളിയില്‍ കൊണ്ടുപോയി ഇല്ലായ്മ ചെയ്തു. അപകടംമൂലമോ, ഹൃദ്രോഗം മൂലമോ ആയിരുന്നു മരണം എന്നാണു വാര്‍ത്ത പ്രചരിപ്പിച്ചത്. ഏതായാലും തന്റെ ഉത്തരവിന്‍പ്രകാരമാണ് ഭര്‍ത്താവ് കൊല്ലപ്പെട്ടത് എന്നതിന് യാതൊരു തെളിവും കാതറൈന്‍ അവശേഷിപ്പിച്ചില്ല. പീറ്റര്‍ ജീവിച്ചിരുന്നുവെങ്കില്‍ റഷ്യന്‍ സാമ്രാജ്യം ഇല്ലാതാകുമായിരുന്നു; കാതറൈന്‍ മാത്രമാണ് റഷ്യയുടെ രക്ഷക എന്നൊക്കെ രാജ്യത്തുടനീളം പ്രചരിപ്പിച്ചു.

അങ്ങിനെ മുപ്പത്തിമൂന്നു വയസുള്ള ജര്‍മ്മന്‍ വനിത, അവരുടെ അനാശ്യാസബന്ധങ്ങള്‍ എല്ലാം റഷ്യയില്‍ പാട്ടായിരുന്നിട്ടും, സാമ്രാജ്യത്തിന്റെ ഭരണാധികാരിയായി. മോസ്ക്കോയിലെ ക്രെംലിനില്‍ ചെന്നു ആഘോഷമായ കിരീടധാരണചടങ്ങും നടത്തി.

Empress Catherine the Great of Russia (Picture Courtesy: Wikipedia)
കൊട്ടാരത്തിലെ മുറികളില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്നിന്നുമുള്ള വിവിധയിനം കലാവസ്തുക്കള്‍ അവര്‍ ശേഖരിച്ചു. കാതറിന് ഇതൊരു ലഹരിയായിരുന്നു. (സെന്റ്‌ പീറ്റേര്‍സ്ബര്‍ഗിലെ "ഹെര്‍മിറ്റേജ്" എന്ന് അറിയപ്പെടുന്ന, കൊട്ടാരത്തില്‍ - ഇപ്പോള്‍ മ്യുസിയം - ഇതിന്റെ വന്‍ശേഖരം സന്ദര്‍ശകര്‍ക്ക് കാണാം.)

കലാവസ്തുക്കള്‍ മാത്രമല്ല, കാമുകന്മാരും ചക്രവര്‍ത്തിനിയുടെ ലഹരിയായിരുന്നു. നിരവധി കാമുകന്മാര്‍ക്ക് വേണ്ടത്ര ആനുകൂല്യങ്ങള്‍ ഉദാരമായി നല്‍കി. ഇതിന്റെയെല്ലാമിടയിലും അവര്‍ റഷ്യയെ ഒരു നിയമാധിഷ്ടരാഷ്ട്രമാക്കാന്‍ ശ്രമിച്ചിരുന്നു.

1762-ലാണ് കാതറൈന്‍ അധികാരത്തില്‍ വരുന്നത്. സ്വാതന്ത്ര്യത്തിന്റെ അപ്പസ്തോലയാകണമെന്നായിരുന്നു അവരുടെ ആഗ്രഹം. പക്ഷെ, അടിമവ്യവസ്ഥതയില്‍ അധിഷ്ഠിതമായി കഴിഞ്ഞിരുന്ന രാജ്യത്ത് മനുഷ്യാവകാശം എന്നത് സ്ഫോടകാത്മകമായ ഒരു ചിന്തയാണ്.

റഷ്യന്ചyരിത്രം (പതിമൂന്ന്)

അടിമകളെപ്പോലെ കാര്‍ഷികജോലി ചെയ്തിരുന്ന പ്രജകളോട് താല്‍ക്കാലികമായി ആര്‍ദ്രത തോന്നിയെങ്കിലും, ചക്രവര്ത്തിനിയില്‍ പ്രായോഗികബുദ്ധി ഉണര്‍ന്നുപ്രവര്‍ത്തിച്ചു. റഷ്യയിലെ വിദ്യാ/സാമ്പത്തികസമ്പന്നരുടെയും, റഷ്യയിലെ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും ഇടയില്‍ വലിയ വിടവുണ്ടായിരുന്നു. മേല്‍ത്തട്ടിലുള്ളവരുടെ സഹായമില്ലാത്ത ഭരണം അസാധ്യമാണെന്ന് അവര്‍ക്കറിയാമായിരുന്നു. അടിമകളെ മോചിപ്പിക്കുകയെന്നത് തന്റെ അധികാരനഷ്ടത്തിലേ കലാശിക്കൂ എന്നവര്‍ തിരിച്ചറിഞ്ഞു.

ദുരിതപൂര്‍ണ്ണമായ ജീവിതം റഷ്യയിലെ സാധുക്കള്‍ക്ക് ഇതിനോടകം അസഹ്യമായിക്കഴിഞ്ഞിരുന്നു. അവരുടെ രക്ഷകന്‍ യെമെലിയന്‍ പുഗചെവ് എന്നൊരു കൊസാക്കുകാരന്റെ (യുക്രൈനിലും തെക്കന്‍ റഷ്യയിലും ഉള്ള ഒരു വംശം) രൂപത്തില്‍ അവരുടെ മുന്നില്‍ അവതരിച്ചു. പുഗചെവ് അശരണരുടെ നേതൃത്വം സ്വയം ഏറ്റെടുത്തു. ഊഷ്മളമായ സ്വീകരണമാണ് അദ്ദേഹത്തിന് സാധാരണജനങ്ങളില്‍ നിന്നും ലഭിച്ചത്. അദ്ദേഹം സ്വന്തമായി ഒരു പ്രാദേശിക സര്‍ക്കാര്‍ സ്ഥാപിക്കുകയും തന്റെ ഭര്‍ത്താവിനെ കൊന്ന ചക്രവര്ത്തിനിയെ സ്ഥാനഭ്രഷ്ടയാക്കണമെന്നു ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. അടിമവ്യവസ്ഥ ഇല്ലാതാക്കാനും കൃഷിയിടങ്ങള്‍ സ്വന്തമാക്കാനും പുഗചെവിന്റെ നേതൃത്വത്തില്‍ ജനം ശ്രമിച്ചു. തുടക്കത്തില്‍ വിജയം കൈവരിച്ചെങ്കിലും വെറും ആയിരം സൈനികര്‍ മാത്രം സ്വന്തമായുണ്ടായിരുന്ന പുഗചെവിന് റഷ്യന്‍ സൈന്യത്തിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഒരു വര്‍ഷത്തോളം വോള്‍ഗാനദിയുടെ തീരങ്ങളില്‍ ഇവര്‍ വിപ്ലവം കൊണ്ടാടി. (വോള്‍ഗാനദിയുടെ തരംഗമാലകള്‍ അതേറ്റു പാടുന്നു...എന്ന നമ്മുടെ വിപ്ലവഗാനത്തിന്റെ പിന്നില്‍ ഈ സംഭവം ഉണ്ടോ എന്തോ!)
പുഗചേവ്  (വിക്കിപീഡിയ ചിത്രം)

1774-ല്‍ പുഗചെവിനെ പിടിച്ച് ഇരുമ്പുപേടകത്തിലാക്കി കൊട്ടാരത്തില്‍ കൊണ്ടുവന്ന് ചോദ്യംചെയ്യലിനുശേഷം വധിച്ചുകളഞ്ഞു.

തല്ക്കാലത്തേയ്ക്ക് വിപ്ലവം ഇല്ലാതായെങ്കിലും, ഈ വിപ്ലവത്തിന്റെ പ്രേതം റഷ്യയെ, റോമനോവ് ഡയനാസ്റ്റിയുടെ അന്ത്യംവരെ വേട്ടയാടി. ഈ സംഭവത്തോടെ, ചക്രവര്ത്തിനിയ്ക്ക് റഷ്യയിലെ സാധാരണജനത്തെ പേടിയായി എന്ന് പറയുന്നതാണ് ശരി.

മഹാനായ പീറ്ററിനെപ്പോലെ മാറ്റങ്ങള്‍ നടപ്പിലാക്കണം എന്നാഗ്രഹിച്ചെങ്കിലും അതിജീവനമായിരുന്നു കാതറൈന്റെ മുഖ്യ അജണ്ട. അതിജീവനത്തിന് ഏറ്റവും പറ്റിയ വഴി സാമ്രാജ്യവികസനമാണ്. കാരണം, സാമ്രാജ്യം വികസിച്ചാല്‍ ഭൂവുടമകളായ പ്രഭുക്കള്‍ സന്തോഷിക്കും. അവരുടെ സന്തോഷമാണ് ഭരണാധികാരികളുടെ അധികാരം നിലനിര്‍ത്തുന്നത്.

എല്ലാ റഷ്യന്‍ ഭരണാധികാരികളുടെയും സ്വപ്നമായിരുന്നു കരിങ്കടലിന്റെ ആധിപത്യം. തുര്‍ക്കി ആസ്ഥാനമായുള്ള ഓട്ടോമാന്‍ സാമ്രാജ്യം ശിഥിലവും ക്ഷീണിതവുമാകുന്ന ഘട്ടമായിരുന്നു അപ്പോള്‍.

1768-ല്‍ റഷ്യന്‍ സൈന്യം കരിങ്കടല്‍ ലക്ഷ്യമാക്കി പുറപ്പെട്ടു. തുര്‍ക്കിയും അവരുടെ സഖ്യകക്ഷികളുമായുള്ള, വര്‍ഷങ്ങളോളം നീണ്ടുനിന്ന, യുദ്ധത്തിന്റെ തുടക്കമായിരുന്നു അത്.

സ്ത്രീ ആയിരുന്നതിനാല്‍, പീറ്ററിനെപ്പോലെ പടയാളികളോടൊപ്പം യുദ്ധത്തിന്റെ മുന്‍നിരയില്‍ പോയില്ലെങ്കിലും, കാതറൈന്‍ വളരെ വിദഗ്ദമായി യുദ്ധത്തിനു വേണ്ട നേതൃത്വം നല്‍കി. ഈ യുദ്ധത്തിന്റെ കമാന്‍ഡറായിരുന്ന ഗ്രിഗറി പോട്ടെംകിനുമായി കാതറൈന്‍ ഈ കാലത്ത് വളരെ അടുത്തു. പോട്ടെംകിനു കൊട്ടാരത്തില്‍ ലഭിച്ച സ്വാതന്ത്ര്യം, പിന്നീട് ചക്രവര്‍ത്തിനിയുടെ കിടക്കറയിലും ലഭിച്ചു. ഇവര്‍ തമ്മില്‍ രഹസ്യമായി വിവാഹം കഴിച്ചു എന്നും കിംവദന്തികളുണ്ട്.

കാതറൈനും പോട്ടെംകിനും കൂടി, ഒട്ടോമാന്‍ സാമ്രാജ്യത്തെ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിച്ചു. ആദ്യപടിയായി കരിങ്കടലിലെ ക്രൈമീയ എന്ന ഉപദ്വീപ് പിടിച്ചടക്കി (ഈ ക്രൈമീയ കഴിഞ്ഞവര്ഷം ഒരു അഭിപ്രായവോട്ടെടുപ്പിനെ തുടര്‍ന്ന് ഇപ്പോള്‍ സ്വതന്ത്ര രാജ്യമായ യുക്രൈനില്‍ നിന്നും റഷ്യ പിടിച്ചെടുത്തത് വന്‍വിവാദമായതോര്‍മ്മയുണ്ടാകുമല്ലോ). അങ്ങിനെ, തന്റെ ഇരുപതുവര്‍ഷത്തെ ഭരണത്തിനുശേഷം റഷ്യയുടെ വലിയൊരു സ്വപ്നം സാക്ഷാല്‍ക്കരിച്ച് കാതറൈന്‍ കരിങ്കടല്‍ തന്റെ അധീനതയിലാക്കി.

ഈ വിജയത്തിന്റെ സ്മാരകമായി ഫ്രഞ്ച് കലാകാരന്മാരുടെ സഹായത്തോടെ പീറ്റര്‍ ചക്രവര്‍ത്തി കുതിരപ്പുറത്തിരിക്കുന്ന ഒരു പ്രതിമ സെന്റ്‌ പീറ്റേര്‍സ്ബര്‍ഗിന്റെ പ്രധാനപ്പെട്ട സ്ഥലത്തു സ്ഥാപിച്ചു.

(ഇതിനെക്കുറിച്ച്‌ അല്പം പരാമര്ശിക്കാതിരിക്കുന്നത് ശരിയല്ലെന്നു തോന്നുന്നു. അമേരിക്കയിലെ Statue of Liberty-യുടെ അതേ പ്രാധാന്യമാണ് റഷ്യയില്‍ ഈ പ്രതിമയ്ക്കുള്ളത്‌. രണ്ടും പണിചെയ്തത് ഫ്രഞ്ച് കലാകാരന്മാര്‍. റഷ്യയിലെ പ്രസിദ്ധനായ കവി, അലക്സാണ്ടര്‍ പുഷിക്കിന്റെ ഏറ്റവും പ്രശസ്തമായ ഒരു കവിതയുണ്ട് – The Bronze Horseman. ഇന്ന് ഈ പ്രതിമ ആ പേരിലാണ് അറിയപ്പെടുന്നത്.)
Bronze Horseman (Picture from: Wikipedia)

ഇതൊക്കെ റഷ്യയില്‍ നടക്കുമ്പോള്‍ മൈലുകളകലെ, യൂറോപ്പില്‍ മറ്റൊരു വിപ്ലവം അരങ്ങേറുകയായിരുന്നു. 1793-ല്‍ ഫ്രഞ്ച് വിപ്ലവകാരികള്‍ ലൂയി പതിനാറാമനെ വധിച്ചു. തങ്ങളെല്ലാം ജനത്തെ ഭരിക്കാനായി ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരാണെന്നായിരുന്നു അന്നത്തെ എല്ലാ രാജാക്കന്മാരുടെയും, ചക്രവര്ത്തിമാരുടെയും വിശ്വാസം. (നമ്മുടെ മെത്രാന്മാര്‍ ആ വിശ്വാസം ഇന്നും വച്ചുപുലര്‍ത്തുന്നുണ്ടല്ലോ) ആ നിലയ്ക്ക് ദൈവഹിതത്തിനെതിരായുള്ള ഒരു പാതകമായാണ് കാതറൈന്‍ ഈ കൊലപാതകത്തെ കണ്ടത്. ഏതായാലും ഫ്രാന്‍സിലെ സംഭവവികാസങ്ങള്‍ കാതറൈനെ വല്ലാതെ ഉലച്ചു. ഇതിനെത്തുടര്‍ന്ന് യുറോപ്പിലെ രാഷ്ട്രീയനാടകത്തിലെ മുഖ്യനായകനായി നെപ്പോളിയന്‍.

ഇതിനോടകം അറുപത്തേഴു വയസായിരുന്ന കാതറൈന്‍ തന്റെ അന്ത്യമടുത്തു എന്ന് മനസിലാക്കി. ആരെയാണ് തന്റെ അനന്തരാവകാശിയാക്കേണ്ടത് എന്നതിനെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങി.

സ്വാഭാവിക കിരീടാവകാശി, സ്വന്തം പുത്രന്‍ പോള്‍ ആണ്. പക്ഷെ അയാളെ കാതറൈന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അവരുടെ നോട്ടത്തില്‍ ക്രൂരനും അപകടകാരിയും ആയിരുന്നു, അയാള്‍. കൂടെക്കൂടെ തന്റെ പിതാവ് എങ്ങിനെ മരിച്ചു, തുടങ്ങിയ അസുഖകരമായ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ ലോകത്തിലെ ഏറ്റവും ശക്തയായിരുന്ന കാതറൈന്‍ പോളിനെ ഭയന്നിരുന്നു.

കാതറൈന്‍ പോളില്‍ നിന്നും ആകെ പ്രതീക്ഷിച്ചതിതുമാത്രമാണ് കുട്ടികളെ ജനിപ്പിക്കുക. ആ കടമ പോള്‍ നിര്‍വഹിച്ചു. പോളിന്റെ മൂത്തമകന്‍, അലക്സാണ്ടാറിന്റെ ബാല്യകാലം ക്ലേശകരമായിരുന്നു. ഉത്തര-ദക്ഷിണധ്രുവങ്ങളായിരുന്ന പിതാവിനെയും ചക്രവര്ത്തിനിയെയും പ്രീതിപ്പെടുത്തുവാന്‍ കുട്ടി ശീലിച്ചു. ഭാവിയില്‍ ജനപ്രിയനാകാന്‍ ഈ ശീലം അലക്സാണ്ടാര്‍ എന്ന ആ കുട്ടിയെ ഒട്ടൊന്നുമല്ല സഹായിച്ചത്.