ബുഡാ നഗരമധ്യത്തില്‍ ഹംഗറിക്കാര്‍ സിറ്റെഡല്ലാ (Citadella) എന്നുവിളിക്കുന്ന ഒരു ഉള്‍ക്കോട്ട (Citadel) ഉണ്ട്. അവിടേയ്ക്കാണ് അടുത്തതായി പോയത് .
ഹംഗറി ഓസ്ട്രിയന്‍ (ഹാപ്സ്ബര്‍ഗ് സാമ്രാജ്യം) ഭരണത്തിന്‍കീഴില്‍ ആയിരുന്ന കാലത്ത്, അവിടെയൊരു സാമ്രാജ്യവിരുദ്ധ പ്രക്ഷോഭം ഉണ്ടായി. അതേത്തുടര്‍ന്ന്, 1851-ല്‍ പണികഴിപ്പിച്ചതാണ് ഈ കോട്ട.
അക്കാലത്ത് സ്വദേശികള്‍ക്ക് ഇവിടെ പ്രവേശനം നിഷിദ്ധമായിരുന്നു. 1854 മുതല്‍ ഓസ്ട്രിയന്‍ സൈന്യം ഇവിടെയാണ് തമ്പടിച്ചിരുന്നത്. 19566-ലെ സോവിയറ്റ് വിരുദ്ധ വിപ്ലവകാലത്ത് റഷ്യന്‍ സൈന്യം ഇവടെ നിന്നുമാണ് അവരുടെ അടിച്ചമര്‍ത്തല്‍ നടത്തിയത്. ഈ കോട്ട സ്ഥിതിചെയ്യുന്നത് ബുഡാ നഗരത്തിലെ Gellért ഹില്ലിലാണ്.
കോട്ടയുടെ മതിലുകളില്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ഏറ്റ വെടിയുണ്ടകളുടെ അടയാളങ്ങള്‍ ഇപ്പോഴും വ്യക്തമായി കാണാം..
ഒന്നാം ലോകമഹായുദ്ധം അവസാനിച്ചപ്പോള്‍ ഉണ്ടാക്കിയ കരാറിന്‍പ്രകാരം ഹംഗറിയ്ക്ക് വളരെയധികം പ്രദേശങ്ങള്‍ നഷ്ടമായി. പഴയ പല ഹംഗേറിയന്‍ പ്രദേശങ്ങളും റൊമാനിയ, സ്ലോവക്കിയ എന്നീ രാജ്യങ്ങളോട് കൂട്ടിചേര്‍ത്തു. ഇതൊക്കെ തിരിച്ചുപിടിച്ചുതരാം എന്ന പ്രലോഭനങ്ങളില്‍ പെട്ട് രണ്ടാംലോകമഹായുദ്ധത്തില്‍ ഹംഗറി നാസി ജര്‍മ്മനിയ്ക്കൊപ്പംചേര്‍ന്നു. യുദ്ധം നടന്നുകൊണ്ടിരുന്നപ്പോള്‍ ഹംഗറി നെറികേട് കാട്ടി (അമേരിക്കയും ബ്രിട്ടനുമായി ഉടമ്പടികള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍) എന്ന കാരണത്താല്‍ ഹിറ്റ്ലര്‍ പിന്നീടങ്ങോട്ട് വളരെ ക്രൂരമായാണ് ഈ രാജ്യത്തോട് അവിടത്തെ ജനതയോടും പെരുമാറിയത്. ഏതാണ്ട് മൂന്നു ലക്ഷം സൈനികരും ആറു ലക്ഷം സിവിലിയന്‍സും, ഇവരെക്കൂടാതെ നാലരലക്ഷം ജൂതന്മാരും 28.000 ജിപ്സികളും ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു.
ഹംഗറിയില്‍ ജീവിതം നരകതുല്യമായി. അവസാനം അവരെ യുദ്ധക്കെടുതികളില്‍ നിന്നും രക്ഷിച്ചത് റഷ്യന്‍ പട്ടാളമാണ്. റഷ്യന്‍ പട്ടാളം ഹംഗറിയെ മോചിപ്പിച്ചതിന്റെ സ്മാരകമായി പണികഴിപ്പിച്ച Liberty Statue ഈ കോട്ടയുടെ ഒരു വശത്തു കാണാം. പിന്നീടുണ്ടായ റഷ്യന്‍ വൈരാഗ്യം മൂലം ഈ പ്രതിമയെ നാട്ടുകാര്‍ ബിയര്‍ ഓപ്പണര്‍ എന്നും ബോട്ടില്‍ ഓപ്പണര്‍ എന്നുമൊക്കെ കളിയാക്കി വിളിക്കുന്നുണ്ട്.
ഈ കോട്ടയില്‍ നിന്നുള്ള ഡാന്യുബിന്റെ കാഴ്ചകളും പെസ്റ്റ് നഗരത്തിന്റെ വ്യുവും അതിമനോഹരമാണ്. ബുഡാപെസ്റ്റ് നഗരത്തിലൂടെ ഡാന്യുബ് പതിനേഴു മൈല്‍ ഒഴുകുന്നുണ്ട്. അതിനു കുറുകെയുള്ള എട്ടു പാലങ്ങളും ഇവിടെനിന്നും വ്യക്തമായി കാണാം.
മംഗോളിയര്‍, തുര്‍ക്കികള്‍, ഓസ്ട്രിയക്കാര്‍, റഷ്യക്കാര്‍ ഇവരുടെയെല്ലാം നുകത്തിനു കീഴില്‍ നൂറ്റാണ്ടുകളോളം കഴിഞ്ഞ, എന്നാല്‍ സ്വാതന്ത്ര്യമോഹം ഒരിക്കലും കൈവിടാത്ത ഹംഗറി ഇന്ന് പൂര്‍ണ്ണ സ്വതന്ത്രമാണ്. കമ്മ്യൂണിസത്തിന്റെ പതനത്തിനുശേഷം ഇവര്‍ ആദ്യം നാറ്റോയിലും 2004 മുതല്‍ യുറോപ്യന്‍ യുണിയനിലും അംഗത്വം നേടി.
പഴയ അധിനിവേശത്തിന്റെ കഥകള്‍ മിക്കവരും മറക്കുന്നു. എങ്കിലും 1956-ലെ ദുരന്തങ്ങള്‍ ഇന്നും ഹംഗേറിയന്‍ മനസുകളില്‍ പച്ചയായി നില്‍ക്കുന്നുണ്ട്. ഇതില്‍ 2500 ഹംഗേറിയന്‍ പൌരന്മാരും 700 റഷ്യന്‍ പട്ടാളക്കാരും കൊല്ലപ്പെട്ടു. ഈ വിപ്ലവം ആരംഭിച്ചത് ആ വര്ഷം ഒക്ടോബര്‍ ഇരുപത്തിമൂന്നിനായിരുന്നു. 1989-ല്‍ സ്വാതന്ത്ര്യമായതിനുശേഷം ഹംഗറിയില്‍ ഒക്ടോബര്‍ 23 പൊതു അവധിദിനമാണ്.
ജനജീവിതത്തിനുമേല്‍ എന്തെല്ലാം പരീക്ഷണങ്ങള്‍ നടന്നിരിക്കുന്നു. കാട്ടിലൂടെ നായാടിക്കൊണ്ട് സര്‍വസ്വതന്ത്രനായി നടന്ന നരന്‍ നാഗരികനായതിന്റെ ശിക്ഷ..
മറ്റൊരു പാലത്തിലൂടെ ഞങ്ങള്‍ പെസ്റ്റിലെത്തി.. സിറ്റി ടൂര്‍ അതോടെ സമാപിച്ചു. നഗരമദ്ധ്യത്തില്‍ ഗൈഡ് ഓരോരുത്തര്‍ക്കും തിരിച്ചുപോകാനുള്ള വഴിയും പറഞ്ഞുതന്നിട്ട് ഗുഡ്ബൈ പറഞ്ഞു.
ഞാന്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി, ബുഡാപേസ്റ്റിന്റെ ഓര്‍മ്മയ്ക്കായി ഹംഗറിയിലെ പ്രസിദ്ധമായ പാലിങ്ക (Pálinka) എന്ന മദ്യം വാങ്ങി തിരിച്ച് അപ്പാര്‍ട്ട്മെന്റിലെത്തി.
(1956-ലെ സംഭവങ്ങളെക്കുറിച്ച് കൂടുതല്‍ അറിയേണ്ടവര്‍ക്കായി അതിനെക്കുറിച്ചുള്ള വിക്കിലേഖനത്തിന്റെ ലിങ്കും ചുവടെ കൊടുക്കുന്നുണ്ട്):
ജനജീവിതത്തിനുമേല്‍ എന്തെല്ലാം
ReplyDeleteപരീക്ഷണങ്ങള്‍ നടന്നിരിക്കുന്നു. കാട്ടിലൂടെ
നായാടിക്കൊണ്ട് സര്‍വസ്വതന്ത്രനായി നടന്ന
നരന്‍ നാഗരികനായതിന്റെ ശിക്ഷ....!